രഞ്ജി ട്രോഫിയിലെ രണ്ടാം മത്സരത്തിൽ സഞ്ജു സാംസണുണ്ടാവില്ല; 25ന് ആരംഭിക്കുന്ന മത്സരത്തിൽ കേരളത്തിന്റെ എതിരാളികൾ പഞ്ചാബ്
തിരുവനന്തപുരം: രഞ്ജി ട്രോഫിയിൽ കേരളത്തിന്റെ രണ്ടാം മത്സരത്തിന് സഞ്ജു സാംസണുണ്ടാവില്ല. ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ട്വന്‍റി20 പരമ്പരയിൽ സഞ്ജു സാംസൺ കളിക്കുന്നതിനാലാണ് ടീമിൽ ഉൾപ്പെടാതിരുന്നത്. ഈ മാസം 25-ന് പഞ്ചാബിനെതിരെയാണ് കേരളത്തിന്റെ അടുത്ത മത്സരം. പഞ്ചാബിന്റെ തട്ടകമായ ന്യൂ ചണ്ഡീഗഡിലെ മഹാരാജ യാദവീന്ദ്ര സിങ് അന്താരാഷ്ട്ര സ്റ്റേഡിയമാണ് മത്സര വേദി.
ഓസ്ട്രേലിയക്കെതിരായ ആദ്യ ട്വന്‍റി20 മത്സരം 29-ന് നടക്കും. മഹാരാഷ്ട്രയ്ക്കെതിരായ ആദ്യ മത്സരത്തിൽ അർധ സെഞ്ച്വറി നേടിയ സഞ്ജുവായിരുന്നു കേരളത്തിന്റെ ടോപ് സ്കോറർ. സഞ്ജുവിന്റെ അഭാവം ടീമിന് തിരിച്ചടിയാകുമെങ്കിലും, പകരം സച്ചിൻ സുരേഷ് ടീമിൽ ഇടം നേടിയിട്ടുണ്ട്.
മഹാരാഷ്ട്രയ്ക്കെതിരായ ആദ്യ മത്സരത്തിൽ ഒന്നാം ഇന്നിങ്സിൽ ലീഡ് നേടാനുള്ള അവസരം കേരളത്തിന് നഷ്ടമായിരുന്നു. 20 റൺസിന്റെ നേരിയ ലീഡ് വഴങ്ങിയാണ് കേരളം ഒന്നാം ഇന്നിങ്സ് അവസാനിപ്പിച്ചത്. പഞ്ചാബും മധ്യപ്രദേശിനെതിരായ ആദ്യ മത്സരത്തിൽ ലീഡ് വഴങ്ങി സമനിലയിൽ പിരിഞ്ഞിരുന്നു.
കേരള ടീം: മുഹമ്മദ് അസ്ഹറുദ്ദീൻ (ക്യാപ്റ്റൻ), ബാബ അപരാജിത് (വൈസ് ക്യാപ്റ്റൻ), സച്ചിൻ സുരേഷ്, രോഹൻ എസ്. കുന്നുമ്മൽ, അക്ഷയ് ചന്ദ്രൻ, സൽമാൻ നിസാർ, ഷോൺ റോജർ, സച്ചിൻ ബേബി, അഭിഷേക് പി. നായർ, അഹമ്മദ് ഇമ്രാൻ, ഏദൻ ആപ്പിൾ തോട്ടം, എൻ.പി. ബേസിൽ, എം.ഡി. നിധീഷ്, അങ്കിത് ശർമ, വത്സാൽ ഗോവിന്ദ് ശർമ.