ക്യാമ്പിലില്ലെങ്കില്‍ ടീമില്‍ ഇടമുണ്ടാകില്ലെന്ന് കെ.സി.എ അറിയിച്ചില്ല; കേരളത്തിനായി കളിക്കാമെന്ന് അറിയിച്ചിട്ടും ടീമിലിടമില്ല; കെ.സി.എയെ കുരുക്കി സഞ്ജുവിന്റെ ഇമെയില്‍; തര്‍ക്കം മുതലെടുക്കാന്‍ തമിഴ്നാടും രാജസ്ഥാനും; മലയാളി താരത്തെ ക്ഷണിച്ച് ക്രിക്കറ്റ് അസോസിയേഷനുകള്‍
തിരുവനന്തപുരം: ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ മലയാളി താരം സഞ്ജു സാംസണ്‍ ഇടംപിടിച്ചിരുന്നില്ല. പരിശീലകന്‍ ഗൗതം ഗംഭീര്‍ നിര്‍ദേശിച്ചിട്ടും നായകന്‍ രോഹിത് ശര്‍മയുടെ താല്‍പര്യപ്രകാരം വിക്കറ്റ കീപ്പര്‍ ബാറ്റര്‍മാരായി ഋഷഭ് പന്തും കെ എല്‍ രാഹുലുമാണ് ടീമില്‍ ഇടംനേടിയത്. വിജയ് ഹസാരെ ട്രോഫിയില്‍ പങ്കെടുക്കാതെ വിട്ടുനിന്നതാണ് സഞ്ജുവിന് തിരിച്ചടിയായതെന്ന രീതിയില്‍ പ്രതികരണങ്ങള്‍ വന്നിരുന്നു. പിന്നാലെ ഉടലെടുത്ത സഞ്ജു സാംസണ്‍-കെ.സി.എ തര്‍ക്കത്തിലെ നിര്‍ണായ വിവരങ്ങള്‍ പുറത്ത്.
വിജയ് ഹസാരെ ട്രോഫിയില്‍ കളിക്കാന്‍ താന്‍ തയാറാണെന്ന് വ്യക്തമാക്കി കേരള ക്രിക്കറ്റ് അസോസിയേഷന് സഞ്ജു നല്‍കിയ സന്ദേശത്തിന്റെ വിശദാംശങ്ങളാണ് പുറത്തുവന്നത്. വിജയ് ഹസാരെക്കുള്ള കേരള ടീം പ്രഖ്യാപിച്ചതിന് പിന്നാലെ സഞ്ജു അസോസിയേഷന്‍ സെക്രട്ടറിക്ക് വിശദമായ ഇ മെയില്‍ അയച്ചിരുന്നു.
തീര്‍ത്തും വ്യക്തിപരമായ കാരണങ്ങള്‍ കൊണ്ടാണ് ക്യാമ്പിലെത്താന്‍ സാധിക്കാതിരുന്നതെന്നും ക്യാമ്പില്‍ എത്തിയില്ലെങ്കില്‍ ടീമില്‍ ഇടമുണ്ടാകില്ലെന്ന കാര്യം തന്നെ അറിയിച്ചിരുന്നില്ലെന്നും സഞ്ജു നല്‍കിയ സന്ദേശത്തില്‍ പറയുന്നു. മാത്രമല്ല, ഈ സീസണില്‍ തന്നെ മുഷ്താഖ് അലി ട്രോഫിയിലും രഞ്ജി ട്രോഫിയിലുമൊക്കെ ക്യാമ്പിലില്ലാതിരുന്നിട്ടും ടീമില്‍ ഇടംകിട്ടിയിട്ടുണ്ട്. വരാനിരിക്കുന്ന വിജയ് ഹസാരെ ടീമില്‍ കളിക്കാനും ഞാന്‍ ഒരുക്കമാണ്. കേരളത്തിന് വേണ്ടി കളിക്കുക എന്നത് അങ്ങേയറ്റം അഭിമാനകരമായ കാര്യമാണെന്നും കെ.സി.എക്ക് അയച്ച സന്ദേശത്തില്‍ പറയുന്നു.
ക്യാമ്പ് ആരംഭിക്കുന്നതിന് മുന്‍പ് എത്താന്‍ കഴിയില്ലെന്ന് അറിയിച്ചാണ് സഞ്ജു ആദ്യം കെ.സി.എക്ക് മെയില്‍ അയക്കുന്നത്. പിന്നീട് ടീം പ്രഖ്യാപിച്ചതിന് പിന്നാലെ താന്‍ കളിക്കാന്‍ തയാറാണെന്ന് അറിയിച്ച് രണ്ടാമത്തെ മെയിലും അയച്ചു. അതിന് പിന്നാലെയാണ് ക്യാമ്പില്‍ എത്താതിരുന്നതിന്റെ കാരണം വ്യക്തമാക്കി വിശദ മെയില്‍ അയക്കുന്നത്. ഈ മെയിലിന്റെ വിശദാംശങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നത്.
വിജയ് ഹസാരെയില്‍ കേരളത്തിനുവേണ്ടി കളിക്കാമെന്ന് സഞ്ജു സാംസണ്‍ വ്യക്തമാക്കിയിട്ടും, ടീമിലേക്ക് വിളിക്കാന്‍ തയാറായില്ല. മാത്രമല്ല ക്യാമ്പില്‍ പങ്കെടുക്കാത്ത, 19 അംഗ ടീമില്‍ ഇടമില്ലാതിരുന്ന മറ്റൊരു യുവതാരം വിജയ് ഹസാരെയില്‍ ടൂര്‍ണമെന്റിന്റെ ഇടയ്ക്ക് വെച്ച് ടീമില്‍ ഇടം നേടിയതായും റിപ്പോര്‍ട്ടുണ്ട്
നേരത്തെ, കെ.സി.എ അസോസിയേഷന്‍ പ്രസിഡന്റ് ജയേഷ് ജോര്‍ജ് പറഞ്ഞത്, 'ഞാനുണ്ടാകില്ല' എന്ന ഒറ്റവരി മെയില്‍ മാത്രമാണ് സഞ്ജു കെ.സി.എ സെക്രട്ടറിക്ക് അയച്ചതെന്നായിരുന്നു. എന്നാല്‍, സാഹചര്യം വ്യക്തമാക്കി സഞ്ജു അസോസിയേഷന് കത്ത് നല്‍കിയിരുന്നുവെന്നാണ് ഇതോടെ വ്യക്തമാകുന്നത്. സഞ്ജുവിന് തോന്നുമ്പോള്‍ വന്ന് കളിക്കാനുള്ളതല്ല കേരള ടീം എന്ന് കെ.സി.എ പ്രസിഡന്റ് പറഞ്ഞത്.
വിജയ് ഹസാരെ ട്രോഫിക്കായുള്ള ടീമില്‍ എടുക്കാതിരുന്ന കെ.സി.എ നടപടി മൂലമാണ് സഞ്ജുവിന് ഇന്ത്യന്‍ ടീമിലും ഇടം ലഭിക്കാതിരുന്നതെന്ന് റിപ്പോര്‍ട്ടുകളാണ് സഞ്ജു-കെ.സി.എ വിവാദത്തിലേക്ക് കാര്യങ്ങള്‍ നീങ്ങിയത്. സംഭവത്തില്‍ കെ.സി.എ അധികൃതരുടെ ഈഗോ ആണ് സഞ്ജുവിന്റെ കരിയര്‍ തകര്‍ക്കുന്നതെന്ന് വിമര്‍ശിച്ച് ശശി തരൂര്‍ എം.പിയുള്‍പ്പെടെ രംഗത്ത് വരികയും ചെയ്തിരുന്നു.
കേരള ക്രിക്കറ്റ് അസോസിയേഷനുമായുള്ള ഭിന്നതക്കിടെ ഇന്ത്യന്‍ ക്രിക്കറ്റ് താരം സഞ്ജു സാംസണ് ഓഫറുമായി മറ്റ് ക്രിക്കറ്റ് അസോസിയേഷനുകള്‍ രംഗത്ത് വന്നുകഴിഞ്ഞു. തമിഴ്നാട്, രാജസ്ഥാന്‍ അസോസിയേഷനുകളാണ് സഞ്ജുവിനെ ടീമില്‍ എടുക്കാമെന്ന ഓഫര്‍ നല്‍കിയത്.
സഞ്ജു കെസിഎ തര്‍ക്കം മുതലെടുക്കാനാണ് മറ്റ് ക്രിക്കറ്റ് അസോസിയേഷനുകള്‍ നീക്കം നടക്കുന്നത്. കേരള നായകനെ ടീമിലെടുക്കാം എന്ന ഓഫര്‍ മുന്നോട്ടുവച്ചിരിക്കുകയാണ് തമിഴ്നാട്, രാജസ്ഥാന്‍ ക്രിക്കറ്റ് അസോസിയേഷനുകള്‍. സഞ്ജുവുമായി അടുത്ത ബന്ധം ഉള്ള ഇന്ത്യന്‍ മുന്‍ താരം ആര്‍ അശ്വിന്‍ ഉള്‍പ്പെടെയുള്ളവര്‍ ദീര്‍ഘനാളായി മലയാളി താരത്തെ തമിഴ്നാട്ടിലേക്ക് ക്ഷണിക്കുന്നുണ്ട്.
ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് നായകനായ സഞ്ജുവിന് രാജസ്ഥാന്‍ ക്രിക്കറ്റ് അസോസിയേഷനുമായുള്ളത് നല്ല ബന്ധമാണ്. ജന്മനാടിന് വേണ്ടിത്തന്നെ കളിക്കണം എന്ന നിലപാടില്‍ ആയിരുന്നു സഞ്ജു ഇത്രയും നാളും. എന്നാല്‍ വിജയ് ഹസാരെ ട്രോഫിക്കുള്ള ടീമില്‍ ഉള്‍പ്പെടുത്താത്തതും കെസിഎ പ്രസിഡന്റ് ജയേഷ് ജോര്‍ജിന്റെ രൂക്ഷ വിമര്‍ശനവും സഞ്ജുവിനെ ചൊടിപ്പിച്ചിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരം.