വാംഖഡെ സ്റ്റേഡിയത്തില്‍ കള്ളന്‍ കയറി; അടിച്ചുമാറ്റിയത് 6.5 ലക്ഷത്തിന്റെ ഐ.പി.എല്‍ ജഴ്‌സികള്‍; സെക്യൂരിറ്റി മാനേജര്‍ അറസ്റ്റില്‍

വാംഖഡെ സ്റ്റേഡിയത്തില്‍ കള്ളന്‍ കയറി

Update: 2025-07-29 06:11 GMT

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റിന്റെ പ്രധാന സ്റ്റേഡിയമായ വാംഖഡെയില്‍ മോഷണം. സ്റ്റേഡിയത്തിലെ ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് (ബി.സി.സി.ഐ) സ്റ്റോര്‍ റൂമിലാണ് കള്ളന്‍ കയറിയത്. സുരക്ഷയും മുഴുസമയ നിരീക്ഷണവുമുള്ള സ്റ്റേഡിയത്തിലെ ഓഫീസ് മുറിയില്‍ കയറിയത് സുരക്ഷാ ചുമതലയുള്ള ജീവനക്കാരന്‍ തന്നെ. അടിച്ചുമാറ്റിയതാകട്ടെ 6.52 ലക്ഷം രൂപയുടെ ഐ.പി.എല്‍ ജഴ്‌സികളും. സംഭവവുമായി ബന്ധപ്പെട്ട് സെക്യൂരിറ്റി മാനേജര്‍ ഫാറൂഖ് അസ്‌ലം ഖാനെ പൊലീസ് അറസ്റ്റു ചെയ്തു.

ജൂണ്‍ 13നായിരുന്നു സ്റ്റേഡിയത്തിലെ ബി.സി.സി.ഐ സ്റ്റോര്‍ റൂമില്‍ പ്രവേശിച്ച ഇദ്ദേഹം 261 ജഴ്‌സികള്‍ അടങ്ങിയ വലിയ ബോക്‌സ് അടിച്ചു മാറ്റിയത്. 2500 രൂപ വീതം വിലയുള്ള ഔദ്യോഗിക ജഴ്‌സികളാണ് മോഷ്ടിച്ചത്. അടുത്തിടെ നടന്ന ഓഡിറ്റിങ്ങില്‍ ജഴ്‌സി സ്റ്റോക്കില്‍ കാര്യമായ കുറവ് കണ്ടെത്തിയതോടെയാണ് അധികൃതര്‍ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ തീരുമാനിച്ചത്.

ജൂണ്‍ 13ന് സെക്യുരിറ്റി മാനേജര്‍ അനധികൃതരമായി ഓഫീസിലെ സ്റ്റോര്‍ റൂമില്‍ പ്രവേശിക്കുന്നതും ജഴ്‌സികള്‍ അടങ്ങിയ കാര്‍ഡ്‌ബോര്‍ഡ് ബോക്‌സുമായി പുറത്തേക്ക് പോകുന്നതും തിരിച്ചറിഞ്ഞു. ഇതേ തുടര്‍ന്നാണ് ഓഫീസ് അധികൃതര്‍ ജൂലായ് 17ന് പൊലീസില്‍ പരാതി നല്‍കിയത്.

മുംബൈ ഇന്ത്യന്‍സ്, ചെന്നൈ സൂപ്പര്‍കിങ്‌സ്, ഡല്‍ഹി കാപ്പിറ്റല്‍സ്, ബംഗളുരു റോയല്‍ ചലഞ്ചേഴ്‌സ് ഉള്‍പ്പെടെ വിവിധ ടീമുകളുടെ ഔദ്യോഗിക ജഴ്‌സികളാണ് ഇയാള്‍ അടിച്ചുമാറ്റിയത്. ഇവ ഓണ്‍ലൈന്‍വഴി വില്‍പന നടത്താന്‍ ഹരിയാന സ്വദേശിയായ ഏജന്റിന് കൈമാറിയതായ് പ്രതി അറിയിച്ചതായി പൊലീസ് പറഞ്ഞു. ഇയാളെയും കസ്റ്റഡിയിലെടുക്കും. അതേസമയം, 50 ഓളം ജഴ്‌സികള്‍ പൊലീസിന് കണ്ടെത്താന്‍ കഴിഞ്ഞു.

Security Manager Steals IPL Jerseys Worth Over Rs 6.5 Lakh From Wankhede Stadium

Tags:    

Similar News