'ഇതിന് മുമ്പ് ഇങ്ങനെയൊരു പ്രതിഭയെ കണ്ടത് സച്ചിനിൽ'; 14കാരനെ ടീമിലെടുക്കാൻ ഇനിയും എന്തിനാണ് കാത്തിരിക്കുന്നത്; വൈഭവ് സൂര്യവൻഷിയെ പ്രശംസിച്ച് ശശി തരൂർ
ദില്ലി: അണ്ടർ 19 ഏഷ്യാ കപ്പിന് പിന്നാലെ വിജയ് ഹസാരെ ട്രോഫിയിലും തകർപ്പൻ പ്രകടനം കാഴ്ചവെച്ച 14 വയസുകാരൻ വൈഭവ് സൂര്യവൻഷി ലോക ക്രിക്കറ്റിന്റെ ശ്രദ്ധനേടിയിരിക്കുകയാണ്. അരുണാചൽ പ്രദേശിനെതിരായ മത്സരത്തിൽ വെടിക്കെട്ട് സെഞ്ചുറിയും രണ്ട് ലോക റെക്കോർഡുകളുമാണ് ഈ യുവതാരം സ്വന്തമാക്കിയത്. വൈഭവിന്റെ പ്രകടനത്തെ അഭിനന്ദിച്ച കോൺഗ്രസ് നേതാവും എം.പിയുമായ ശശി തരൂർ, താരത്തെ ഇന്ത്യക്കായി കളിപ്പിക്കാൻ ഇനിയും എന്തിനാണ് കാത്തിരിക്കുന്നതെന്നും ചോദിച്ചു.
"പതിനാലാം വയസിൽ ഇതിന് മുമ്പ് ഇത്തരമൊരു അസാധാരണ പ്രതിഭയായിരുന്ന ഒരാളുടെ പേര് സച്ചിൻ ടെണ്ടുൽക്കർ എന്നാണ്. അദ്ദേഹം പിന്നീട് എന്തായെന്ന് നമുക്കെല്ലാവർക്കും അറിയാം. ഇനിയും നമ്മൾ എന്തിനാണ് അവനെ ഇന്ത്യക്കായി കളിപ്പിക്കാനായി കാത്തിരിക്കുന്നത്?" എന്നായിരുന്നു ശശി തരൂർ എക്സ് പ്ലാറ്റ്‌ഫോമിലൂടെ ചോദിച്ചത്.
35 പന്തിൽ സെഞ്ചുറി നേടിയ വൈഭവ്, 54 പന്തിൽ 150 റൺസ് തികച്ച് ലിസ്റ്റ് എ ക്രിക്കറ്റിലെ ഏറ്റവും വേഗമേറിയ 150 റൺസെന്ന ലോക റെക്കോർഡ് സ്വന്തമാക്കി. 84 പന്തിൽ 190 റൺസെടുത്താണ് ഈ ഇടംകൈയ്യൻ ബാറ്റ്സ്മാൻ പുറത്തായത്. ലിസ്റ്റ് എ ക്രിക്കറ്റിൽ സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന ലോക റെക്കോർഡും വൈഭവ് സ്വന്തം പേരിലാക്കി. 14 വയസും 272 ദിവസവും പ്രായമുള്ള വൈഭവ്, 1986-ൽ 15 വയസും 209 ദിവസവും പ്രായമുള്ളപ്പോൾ റെയിൽവേസിനായി സെഞ്ചുറി നേടിയ സഹൂർ ഇലാഹിയുടെ റെക്കോർഡാണ് മറികടന്നത്.
The last time a fourteen year old showed such prodigious cricketing talent, it was Sachin Tendulkar — and we all know what became of him. What are waiting for? VaibhavSuryavanshi for India!@imAagarkar @GautamGambhir @bcci @sachin_rt https://t.co/BK9iKqBGV2
— Shashi Tharoor (@ShashiTharoor) December 24, 2025
അതേസമയം, രാജ്യാന്തര ക്രിക്കറ്റിൽ കളിക്കണമെങ്കിൽ കുറഞ്ഞത് 15 വയസെങ്കിലും പ്രായമാകണമെന്നാണ് ഐസിസി നിബന്ധന. 2020-ലാണ് ഐസിസി ഈ നിബന്ധന ഏർപ്പെടുത്തിയത്. 2026 മാർച്ച് 26-നാണ് വൈഭവിന് 15 വയസ് തികയുന്നത്. വൈഭവ് 35 പന്തിൽ സെഞ്ചുറി നേടിയ ഇതേ മത്സരത്തിൽ, ബിഹാർ ക്യാപ്റ്റൻ സാക്കിബുൾ ഗാനി 32 പന്തിൽ സെഞ്ചുറി നേടി ലിസ്റ്റ് എ ക്രിക്കറ്റിലെ ഇന്ത്യൻ താരത്തിന്റെ വേഗമേറിയ സെഞ്ചുറി എന്ന റെക്കോർഡും സ്വന്തമാക്കിയിരുന്നു.
