'പി.വി.ആറിലെ 'പി' പാക്കിസ്ഥാൻ എന്നാണോ?, ഞങ്ങളുടെ ക്ഷമ പരീക്ഷിക്കരുത്'; ഇന്ത്യ-പാക്കിസ്ഥാൻ ഫൈനൽ തീയറ്ററുകളിൽ പ്രദർശിപ്പിക്കാനുള്ള തീരുമാനത്തിനെതിരെ ശിവസേന

Update: 2025-09-28 12:07 GMT

ന്യൂഡൽഹി: ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ഏഷ്യാ കപ്പ് ഫൈനൽ മത്സരം തീയറ്ററുകളിൽ പ്രദർശിപ്പിക്കാനുള്ള പി.വി.ആർ സിനിമാസിന്റെ തീരുമാനത്തിനെതിരെ രൂക്ഷ വിമർശനവുമായി ശിവസേന (യു.ബി.ടി). രാജ്യത്തിന്റെ താത്പര്യങ്ങൾക്ക് വിരുദ്ധമായ നടപടി അംഗീകരിക്കാനാവില്ലെന്നും, ക്ഷമ പരീക്ഷിക്കരുതെന്നും ശിവസേന നേതാക്കൾ മുന്നറിയിപ്പ് നൽകി.

ശിവസേന (യു.ബി.ടി) നേതാവ് സഞ്ജയ് റാവുത്ത്, പി.വി.ആറിലെ 'പി' പാക്കിസ്ഥാൻ ആണോ എന്ന് ചോദിച്ചുകൊണ്ട്, രാജ്യദ്രോഹികൾക്കെതിരെ പ്രവർത്തിക്കുന്നവരെയും രാജ്യത്തിനു വേണ്ടി ജീവൻ ബലി കഴിച്ചവരെയും അപമാനിക്കുന്ന നടപടിയാണ് ഇതെന്നും കുറ്റപ്പെടുത്തി. പാകിസ്ഥാൻ ഉൾപ്പെടുന്ന ഒരു മത്സരവും രാജ്യത്ത് പ്രദർശിപ്പിക്കരുത്. ഇത് പുൽവാമ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരെയും രാജ്യത്തിനു വേണ്ടി പോരാടിയ സൈനികരെയും അവഹേളിക്കുന്നതിന് തുല്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇത്തരം തീരുമാനങ്ങൾ "അറപ്പുളവാക്കുന്നതാണ്" എന്ന് ശിവസേന (യു.ബി.ടി) നേതാവ് ആദിത്യ താക്കറെ പറഞ്ഞു. പഹൽഗാം ഭീകരാക്രമണത്തിന്റെ മുറിവുകൾ ഇപ്പോഴും ഉണങ്ങിയിട്ടില്ലെന്നും, ആക്രമണത്തിൽ കൊല്ലപ്പെട്ടവരെയും രാജ്യത്തിനു വേണ്ടി ജീവൻ ബലി കഴിക്കാൻ തയ്യാറായ സായുധ സേനാംഗങ്ങളെയും അപമാനിക്കുന്നതാണ് പി.വി.ആറിൻ്റെ ഈ തീരുമാനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പി.വി.ആർ സിനിമാസ് തങ്ങളുടെ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച മത്സരത്തിന്റെ പ്രദർശന അറിയിപ്പ് പങ്കുവെച്ചുകൊണ്ടാണ് അദ്ദേഹം ഈ വിമർശനം ഉന്നയിച്ചത്. രാജ്യത്തെ സംരക്ഷിക്കാനും ഭീകരവാദത്തെ ചെറുക്കാനും ശ്രമിക്കുന്നവർക്ക് പ്രോത്സാഹനമേകേണ്ടതിനു പകരം, ഭീകരവാദത്തെ പിന്തുണയ്ക്കുന്ന രാജ്യവുമായുള്ള മത്സരം പ്രദർശിപ്പിക്കുന്നത് പ്രതിഷേധാർഹമാണെന്ന് ഇരു നേതാക്കളും അഭിപ്രായപ്പെട്ടു. 

Tags:    

Similar News