54 പന്തില്‍ 84 റണ്‍സോടെ നദിന്‍ ഡി ക്ലര്‍ക്കിന്റെ വെടിക്കെട്ട്; കൈവിട്ട കളി തിരിച്ചുപിടിച്ച് ദക്ഷിണാഫ്രിക്ക; ഇന്ത്യയെ വീഴ്ത്തിയത് 3 വിക്കറ്റിന്; വനിത ലോകകപ്പില്‍ ആതിഥേയര്‍ക്ക് ആദ്യ തോല്‍വി

ഇന്ത്യയെ വീഴ്ത്തി ദക്ഷിണാഫ്രിക്ക

Update: 2025-10-09 18:44 GMT

വിശാഖപട്ടണം: വനിതാ ലോക കപ്പ് ക്രിക്കറ്റില്‍, തോല്‍വി മുന്നില്‍ കണ്ടിടത്തു നിന്ന് ഓള്‍ റൗണ്ടര്‍ നദിന്‍ ഡി ക്ലര്‍ക്കിന്റെ വെടിക്കെട്ട് ബാറ്റിങ്ങില്‍ ഇന്ത്യയെ വീഴ്ത്തി ദക്ഷിണാഫ്രിക്ക. തോല്‍വി ഉറപ്പിച്ചിടത്തു നിന്നാണ് 54 പന്തില്‍ 84 റണ്‍സോടെ പുറത്താകാതെ നിന്ന നദിന്‍ ഡി ക്ലര്‍ക്കിന്റെ തകര്‍പ്പന്‍ ബാറ്റിങ്ങിന്റെ പിന്‍ബലത്തില്‍ ദക്ഷിണാഫ്രിക്ക 3 വിക്കറ്റിന് ഇന്ത്യയെ തോല്‍പ്പിച്ചത്. 252 റണ്‍സ് വിജയ ലക്ഷ്യവുമായി ഇറങ്ങിയ ദക്ഷിണാഫ്രിക്ക 48.5 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു.മൂന്ന് മത്സരങ്ങളില്‍ ഇന്ത്യയുടെ ആദ്യ തോല്‍വിയാണിത്.

നദീന്‍ ഡി ക്ലര്‍ക്ക് (54 പന്തില്‍ 84), ലോറ വോള്‍വാര്‍ട്ട് (111 പന്തില്‍ 70) എന്നിവരുടെ ഇന്നിംഗ്സുകളാണ് ദക്ഷിണാഫ്രിക്കയെ വിജയത്തിലേക്ക് നയിച്ചത്. തകര്‍ച്ചയോടെയായിരുന്നു ദക്ഷിണാഫ്രിക്കുടെ തുടക്കം. 81 റണ്‍സിനിടെ അഞ്ച് വിക്കറ്റുകള്‍ ദക്ഷിണാഫ്രിക്കയുടെ അഞ്ച് വിക്കറ്റുകള്‍ നഷ്ടമായി. തസ്നിം ബ്രിട്സ് (0), സുനെ ലുസ് (5), മരിസാനെ കാപ്പ് (20), അന്നെകെ ബോഷെ (1), സിനാലോ ജാഫ്ത (14) എന്നിവര്‍ക്ക് തിളങ്ങാനായില്ല. ഇതോടെ അഞ്ചിന് 81 എന്ന നിലയിലായി ദക്ഷിണാഫ്രിക്ക. പിന്നീട് വോള്‍വാര്‍ട്ട് - നദീന്‍ സഖ്യം 51 റണ്‍സ് കൂട്ടിചേര്‍ത്തു. ഇരുവരും വിജയിപ്പിക്കുമെന്ന് തോന്നിക്കെ ക്രാന്തി ഗൗദ് വോള്‍വാര്‍ട്ടിനെ ബൗള്‍ഡാക്കി.

തുടര്‍ന്ന് ക്ലോ ട്രയോണ്‍ (66 പന്തില്‍ (49) നദീന്‍ സഖ്യം 79 റണ്‍സ് കൂട്ടിചേര്‍ത്തു. തോല്‍ക്കുമെന്ന് ഉറപ്പായിരിക്കെ ആയിരുന്നു സഖ്യത്തിന്റെ കൂട്ടുകെട്ട്. ട്രയോണ്‍ പുറത്തായെങ്കിലും അയബോങ്കയെ കൂട്ടുപിടിച്ച് (1), നദീന്‍ ദക്ഷിണാഫ്രിക്കയെ വിജയത്തിലേക്ക് നയിച്ചു. അഞ്ച് സിക്സും എട്ട് ഫോറും ഉള്‍പ്പെടുന്നതായിരുന്നു നദീന്റെ ഇന്നിംഗ്സ്.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 49.5 ഓവറില്‍ 251ന് എല്ലാവരും പുറത്തായി. റിച്ചാ ഘോഷിന്റെ (77 പന്തില്‍ 94) ഒറ്റയാള്‍ പോരാട്ടമാണ് ഇന്ത്യയെ ഭേദപ്പെട്ട സ്‌കോറിലേക്ക് നയിച്ചത്. സ്‌നേഹ് റാണയുടെ (24 പന്തില്‍ 33) ഇന്നിംഗ്‌സ് നിര്‍ണായകമായി. പ്രതിക റാവല്‍ (37) ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു.

സ്മൃതി മന്ദാന (32), ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ (9) എന്നിവര്‍ ഒരിക്കല്‍ കൂടി നിരാശപ്പെടുത്തി. 49.5 ഓവറില്‍ ഇന്ത്യ എല്ലാവരും പുറത്തായി. മൂന്ന് വിക്കറ്റ് വീഴ്ത്തിയ ക്ലോ ട്രയോണ്‍. രണ്ട് പേരെ വീതം പുറത്താക്കിയ മരിസാനെ കാപ്പ്, നാങ്കുലുലെക്കോ മ്ലാബ, നദീന്‍ ഡി ക്ലര്‍ക്ക് എന്നിവരാണ് ഇന്ത്യയെ തകര്‍ത്തത്. പ്രതിക റാവല്‍ (37) സ്മൃതി സഖ്യം മികച്ച തുടക്കമാണ് ഇന്ത്യക്ക് നല്‍കിയത്. ഒന്നാം വിക്കറ്റില്‍ ഇരുവരും 55 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ സ്മൃതിയെ പുറത്താക്കി മ്ലാബ ദക്ഷിണാഫ്രിക്കയ്ക്ക് ബ്രേക്ക് ത്രൂ നല്‍കി. തുടര്‍ന്നെത്തിയ ഹര്‍ലീന്‍ ഡിയോള്‍ (13), ഹര്‍മന്‍പ്രീത് കൗര്‍ (9), ജമീമ റോഡ്രിഗസ് (0), ദീപ്തി ശര്‍മ (4) എന്നിവരെല്ലാം നിരാശപ്പെടുത്തി. ഇതിനിടെ പ്രതികയും മടങ്ങിയിരുന്നു.

ഇതോടെ ആറിന് 102 എന്ന നിലയിലായി ഇന്ത്യ. പിന്നാലെ റിച്ച - അമന്‍ജോത് കൗര്‍ (13) സഖ്യം 51 റണ്‍സ് കൂട്ടിചേര്‍ത്തു. ഈ കൂട്ടുകെട്ടാണ് ഇന്ത്യയെ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചതും. അമന്‍ജോത് 40-ാം ഓവറില്‍ പുറത്തായി. പിന്നാലെ റിച്ചയ്‌ക്കൊപ്പം സ്‌നേഹ് റാണ ക്രീസില്‍ ഒത്തുചേര്‍ന്നു. ഇരുവരും വേഗത്തില്‍ റണ്‍സുയര്‍ത്തി. ഇരുവരും 53 പന്തില്‍ 88 റണ്‍സാണ് കൂട്ടിചേര്‍ത്തത്. 49-ാം ഓവറില്‍ റാണ പുറത്തായി. അവസാന ഓവറില്‍ സെഞ്ചുറിക്കരികെ റിച്ചയും വീണു. നാല് സിക്‌സും 11 ഫോറും ഉള്‍പ്പെടുന്നതായിരുന്നു ഇന്നിംഗ്‌സ്. തൊട്ടടുത്ത പന്തില്‍ ശ്രീ ചരണി (0) കൂടി പുറത്തായതോടെ ഇന്ത്യ കൂടാരം കയറി. ക്രാന്തി ഗൗത് (0) പുറത്താവാതെ നിന്നു.

Tags:    

Similar News