ഇവിടെ സഞ്ജു മത്സരിച്ചത് പന്തിനെതിരെ; ഏകദിന മത്സരങ്ങളില്‍ ഗെയിം ചേഞ്ചര്‍ ആയി മാറാന്‍ കഴിവുള്ള താരമാണ് പന്ത്; സഞ്ജുവിനെക്കാള്‍ മികച്ച വിക്കറ്റ് കീപ്പര്‍; അതുകൊണ്ട് സഞ്ജുവിനെ ഒഴിവാക്കി; സുനില്‍ ഗവാസ്‌കര്‍

Update: 2025-01-19 07:44 GMT

ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ ടീമില്‍മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണെ ഒഴിവാക്കി റിഷഭ് പന്തിനെ തെരഞ്ഞെടുത്തതില്‍ വിശദീകരണവുമായി മുന്‍ താരം സുനില്‍ ഗാവസ്‌കര്‍. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടി20 പരമ്പരയില്‍ സെഞ്ച്വറികള്‍ ഉള്‍പ്പെടെ സമീപകാലത്ത് മികച്ച പ്രകടനങ്ങള്‍ ഉണ്ടായിട്ടും സഞ്ജുവിനെ ചാമ്പ്യന്‍സ് ട്രോഫി ടീമില്‍ ഉള്‍പ്പെടുത്താത്തത് ആരാധകരെ നിരാശരാക്കിയിരുന്നു. സഞ്ജുവിന് പകരം വിക്കറ്റ് കീപ്പറായി പന്തിനെ തിരഞ്ഞെടുത്തതിന് പിന്നിലെ കാരണങ്ങള്‍ വിശദീകരിച്ചാണ് ഇതിഹാസ താരം സുനില്‍ ഗാവസ്‌കര്‍ രംഗത്തെത്തിയത്.

'സഞ്ജുവിനെ ഒഴിവാക്കുകയെന്നത് വളരെ ബുദ്ധിമുട്ടേറിയ തീരുമാനമായിരുന്നു. കഴിഞ്ഞ മത്സരങ്ങളില്‍ സെഞ്ച്വറികള്‍ ഉള്‍പ്പെടെ മിന്നുംപ്രകടനം പുറത്തെടുത്ത താരമാണ് സഞ്ജു. അതുകൊണ്ടുതന്നെ അവനെ ഒഴിവാക്കിയതില്‍ യാതൊരു ന്യായവും പറയാനില്ല. പക്ഷേ ഇവിടെ റിഷഭ് പന്തിനെതിരെയാണ് സഞ്ജുവിന് മത്സരിക്കേണ്ടി വന്നത്. ഏകദിന മത്സരങ്ങളില്‍ ഗെയിം ചേഞ്ചര്‍ ആയി മാറാന്‍ കഴിവുള്ള താരമാണ് പന്തെന്ന് നമുക്ക് എല്ലാവര്‍ക്കും അറിയാം. മാത്രമല്ല പന്ത് ഒരു ഇടങ്കയ്യന്‍ ബാറ്ററാണ്. ഒരുപക്ഷേ സഞ്ജുവിനെക്കാള്‍ മികച്ച വിക്കറ്റ് കീപ്പര്‍. പക്ഷേ സഞ്ജുവിനെക്കാള്‍ മികച്ച ബാറ്ററാണ് പന്തെന്ന് പറയാന്‍ സാധിക്കില്ല', ഗാവസ്‌കര്‍ നിരീക്ഷിക്കുന്നത് ഇങ്ങനെ.

'സഞ്ജു സാംസണേക്കാള്‍ കുറച്ചുകൂടി മികച്ച രീതിയില്‍ മത്സരത്തെ മാറ്റിമറിക്കാനുള്ള കഴിവ് പന്തിനുണ്ടെന്നാണ് ഞാന്‍ കരുതുന്നത്. അതുകൊണ്ടാണ് സഞ്ജുവിനെ ഇത്തവണ ഇന്ത്യ ഒഴിവാക്കിയത്. പക്ഷേ ഈ ഒഴിവാക്കലില്‍ സഞ്ജു ഒരിക്കലും നിരാശപ്പെടേണ്ട കാര്യമില്ല. കാരണം ഒരുപാട് ക്രിക്കറ്റ് പ്രേമികള്‍ അദ്ദേഹത്തെയും അദ്ദേഹത്തിന്റെ നേട്ടത്തെയും സ്നേഹിക്കുന്നുണ്ട്', ഗാവസ്‌കര്‍ കൂട്ടിച്ചേര്‍ത്തു.

Similar News