അര്‍ധ സെഞ്ചുറിയുമായി പടനയിച്ച് സഞ്ജു; പിന്തുണച്ച് ജുറെലും ഹെറ്റ്‌മെയറും ദുബെയും; റണ്‍മലയ്ക്ക് മുന്നില്‍ പൊരുതിവീണ് രാജസ്ഥാന്‍; ഹൈദരാബാദിന് 44 റണ്‍സിന്റെ മിന്നും ജയം

റണ്‍മലയ്ക്ക് മുന്നില്‍ പൊരുതിവീണ് രാജസ്ഥാന്‍; ഹൈദരാബാദിന് 44 റണ്‍സിന്റെ മിന്നും ജയം

Update: 2025-03-23 14:11 GMT

ഹൈദരാബാദ്: ഐപിഎല്ലിലെ ആവേശപ്പോരില്‍ രാജസ്ഥാന്‍ റോയല്‍സിനെ 44 റണ്‍സിന് കീഴടക്കി സണ്‍റൈസേഴ്‌സ് ഹൈദരാബാദ്. സ്വന്തം ഗ്രൗണ്ടില്‍ സണ്‍റൈസേഴ്‌സ് ഉയര്‍ത്തിയ 287 എന്ന കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന രാജസ്ഥാന് ആറ് വിക്കറ്റ് നഷ്ടത്തില്‍ 242 റണ്‍സ് നേടാനേ സാധിച്ചുള്ളൂ. നിറഞ്ഞുകവിഞ്ഞ രാജീവ്ഗാന്ധി സ്റ്റേഡിയത്തിലെ 'ഓറഞ്ച്' പടയെ സാക്ഷിയാക്കി സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് സീസണില്‍ വിജയത്തുടക്കം.

സണ്‍റൈസേഴ്‌സ് ജഴ്‌സിയിലെ അരങ്ങേറ്റ മത്സരത്തില്‍ തന്നെ സെഞ്ചറി നേടിയ ഇഷാന്‍ കിഷനാണു കളിയിലെ താരം. മറുപടി ബാറ്റിങ്ങില്‍ തുടക്കത്തില്‍ തന്നെ ഓപ്പണര്‍ യശസ്വി ജയ്‌സ്വാളിനെ നഷ്ടമായ രാജസ്ഥാന് സഞ്ജു സാംസണിന്റെയും ധ്രുവ് ജുറേലിന്റെ അര്‍ധ സെഞ്ചറികളാണ് കരുത്തായത്. പക്ഷേ ഹൈദരാബാദിന്റെ വമ്പന്‍ വിജയലക്ഷ്യത്തിലേക്കെത്താന്‍ റിയാന്‍ പരാഗ് നയിച്ച രാജസ്ഥാനു സാധിച്ചില്ല.

35 പന്തുകളില്‍നിന്ന് ധ്രുവ് ജുറേല്‍ 70 റണ്‍സെടുത്തപ്പോള്‍, 37 പന്തുകള്‍ നേരിട്ട സഞ്ജു സാംസണ്‍ 66 ഉം റണ്‍സ് നേടി പുറത്തായി. അവസാന ഓവറുകളില്‍ ഷിമ്രോണ്‍ ഹെറ്റ്മിയറും (42 റണ്‍സ്) ശുഭം ദുബെയും (34 റണ്‍സ്) പൊരുതിനോക്കിയെങ്കിലും ഹൈദരാബാദ് സ്‌കോര്‍ എത്തിപ്പിടിക്കാന്‍ സാധിച്ചില്ല. ക്യാപ്റ്റന്‍ റിയാന്‍ പരാഗും (നാല്), നിതീഷ് റാണയും (11) ചെറിയ സ്‌കോറുകള്‍ക്കു പുറത്തായത് രാജസ്ഥാനു തിരിച്ചടിയായി. ഹൈദരാബാദിനായി സിമര്‍ജീത് സിങ് മൂന്നും ഹര്‍ഷല്‍ പട്ടേല്‍ രണ്ടു വിക്കറ്റുകളും വീഴ്ത്തി. മുഹമ്മദ് ഷമിയും ആദം സാംപയും ഓരോ വിക്കറ്റുവീതവും നേടി.

കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന് ബാറ്റിംഗിനിറങ്ങിയ രാജസ്ഥാന്റെ തുടക്കം തന്നെ തകര്‍ച്ചയോടെയായിരുന്നു. ആദ്യ ഓവറില്‍ മുഹമ്മദ് ഷാമിയെ കടന്നാക്രമിച്ച് സഞ്ജു സാംസണ്‍ പ്രതീക്ഷ നല്‍കിയെങ്കിലും മറുഭാഗത്ത് വിക്കറ്റുകള്‍ കൊഴിഞ്ഞത് രാജസ്ഥാനെ പ്രതിസന്ധിയിലാക്കി. രണ്ടാം ഓവറില്‍ തന്നെ രണ്ട് വിക്കറ്റുകള്‍ നഷ്ടമായ രാജസ്ഥാന് പവര്‍ പ്ലേ അവസാനിക്കുമ്പോള്‍ മൂന്ന് വിക്കറ്റുകള്‍ നഷ്ടമായി.

സഞ്ജുവും ധ്രുവ് ജുറെലും ചേര്‍ന്ന് നടത്തിയ രക്ഷാപ്രവര്‍ത്തനത്തില്‍ വലിയ പ്രതീക്ഷയര്‍പ്പിച്ച ആരാധകര്‍ക്ക് ഇരുവരും മികച്ച ഇന്നിംഗ്‌സാണ് സമ്മാനിച്ചത്. 37 പന്തില്‍ 7 ബൌണ്ടറികളും 4 സിക്‌സറുകളും സഹിതം സഞ്ജു 66 റണ്‍സ് നേടി. 35 പന്തില്‍ 5 ബൌണ്ടറികളും 6 സിക്‌സറുകളും പറത്തി 70 റണ്‍സ് നേടിയ ജുറെലായിരുന്നു കൂടുതല്‍ അപകടകാരി.

മൂന്ന് പന്തുകളുടെ വ്യത്യാസത്തില്‍ ഇരുവരെയും മടക്കിയയച്ച് സണ്‍റൈസേഴ് മത്സരം തിരിച്ച് പിടിക്കുന്ന കാഴ്ചയാണ് പിന്നീട് കാണാനായത്. അവസാന ഓവറുകളില്‍ ശുഭം ദുബെയും ഷിമ്രോണ്‍ ഹെറ്റ്‌മെയറും തകര്‍ത്തടിച്ചതോടെയാണ് ടീം സ്‌കോര്‍ 200 കടന്നത്. ഇത് പരാജയത്തിന്റെ ആഘാതം കുറയ്ക്കാനും സഹായകമായി.

രാജസ്ഥാന്‍ റോയല്‍സ് ബോളര്‍മാര്‍ റണ്‍സ് വാരിക്കോരി നല്‍കിയ മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റു ചെയ്ത ഹൈദരാബാദ് 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ നേടിയത് 286 റണ്‍സ്. അരങ്ങേറ്റ മത്സരത്തില്‍ തകര്‍ത്തുകളിച്ച ഇഷാന്‍ കിഷന്‍ 47 പന്തില്‍ 106 റണ്‍സടിച്ച് ഹൈദരാബാദിന്റെ ടോപ് സ്‌കോററായി. ആറു സിക്‌സുകളും 11 ഫോറുകളുമാണ് ഇഷാന്‍ ഹൈദരാബാദില്‍ അടിച്ചുകൂട്ടിയത്.

ഹൈദരാബാദിന്റെ ഓസീസ് ബാറ്റര്‍ ട്രാവിസ് ഹെഡ് 31 പന്തില്‍ 67 റണ്‍സെടുത്തു പുറത്തായി. നിതീഷ് കുമാര്‍ റെഡ്ഡി (15 പന്തില്‍ 30), അഭിഷേക് ശര്‍മ (11 പന്തില്‍ 24), ഹെന്റിച് ക്ലാസന്‍ (14 പന്തില്‍ 34 എന്നിവരാണ് ഹൈദരാബാദിന്റെ മറ്റു പ്രധാന സ്‌കോറര്‍മാര്‍. ടോസ് ജയിച്ച രാജസ്ഥാന്‍ ക്യാപ്റ്റന്‍ റിയാന്‍ പരാഗ് ഹൈദരാബാദിനെ ബാറ്റിങ്ങിനു വിടുകയായിരുന്നു. ആദ്യ ആറ് ഓവറുകളില്‍ 94 റണ്‍സടിച്ച് ഹൈദരാബാദ് തുടങ്ങിയതോടെ കളിയുടെ ഗതി ഏറക്കുറെ വ്യക്തമായി. പവര്‍പ്ലേ ഓവറുകള്‍ക്കു ശേഷവും അടി തുടര്‍ന്ന ഹൈദരാബാദ് 6.4 ഓവറില്‍ 100 പിന്നിട്ടു. 21 പന്തുകളിലാണ് ഹെഡ് അര്‍ധ സെഞ്ചറിയിലെത്തിയത്. തുഷാര്‍ ദേശ്പാണ്ഡെയുടെ പന്തില്‍ ഹെറ്റ്മിയര്‍ ക്യാച്ചെടുത്ത് ഹെഡിനെ പുറത്താക്കി. 14.1 ഓവറില്‍ ഹൈദരാബാദ് 200 കടന്നു.

ജോഫ്ര ആര്‍ച്ചറുടെ 13ാം ഓവറിലെ ആദ്യ രണ്ടു പന്തുകള്‍ സിക്‌സര്‍ പറത്തിയാണ് ഇഷാന്‍ 50 ല്‍ എത്തിയത്. 19ാം ഓവറില്‍ സന്ദീപ് ശര്‍മയെ തുടര്‍ച്ചയായി രണ്ടു സിക്‌സുകള്‍ ബൗണ്ടറി പായിച്ച് മുന്‍ മുംബൈ ഇന്ത്യന്‍സ് താരം സെഞ്ചറിയിലെത്തി. രാജസ്ഥാന്റെ ഇന്ത്യന്‍ ബോളര്‍മാര്‍ പിടിച്ചെറിഞ്ഞതോടെയാണ് 300 റണ്‍സെന്ന വലിയ സ്‌കോറിലേക്ക് ഹൈദരാബാദ് എത്താതെ പോയത്. നാലോവറുകള്‍ പന്തെറിഞ്ഞ ജോഫ്ര ആര്‍ച്ചര്‍ 76 റണ്‍സ് വഴങ്ങിയത് രാജസ്ഥാന് നിരാശയായി. താരത്തിന് വിക്കറ്റൊന്നും ലഭിച്ചില്ല. ശ്രീലങ്കന്‍ സ്പിന്നര്‍ മഹീഷ് തീക്ഷണ 52 റണ്‍സ് വഴങ്ങിയെങ്കിലും രണ്ടു വിക്കറ്റുകളും വീഴ്ത്തി. മൂന്നോവര്‍ എറിഞ്ഞ് അഫ്ഗാന്‍ പേസര്‍ ഫസല്‍ഹഖ് ഫറൂഖി 49 റണ്‍സ് വിട്ടുകൊടുത്തു. ഇന്ത്യന്‍ താരം തുഷാര്‍ ദേശ്പാണ്ഡെയ്ക്ക് മൂന്നു വിക്കറ്റുണ്ട്.

Tags:    

Similar News