ഹെഡും അഭിഷേകും തുടക്കമിട്ട ബാറ്റിംഗ് വെടിക്കെട്ട്; 'കന്നി സെഞ്ചുറി'യുമായി ഇഷാന്‍ കിഷന്റെ തിരിച്ചുവരവ്; അടികൊണ്ട് വലഞ്ഞ് ആര്‍ച്ചറും തീക്ഷണയും; തൊട്ടതെല്ലാം പിഴച്ച് പരാഗ്; ഹോം ഗ്രൗണ്ടില്‍ റണ്‍മല ഉയര്‍ത്തി ഹൈദരാബാദ്; രാജസ്ഥാന്‍ റോയല്‍സിന് 287 റണ്‍സ് വിജയലക്ഷ്യം
രാജസ്ഥാന്‍ റോയല്‍സിന് 287 റണ്‍സ് വിജയലക്ഷ്യം
ഹൈദരാബാദ്; ഐപിഎല്ലിലെ ആവേശകരമായ മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ രാജസ്ഥാന്‍ റോയല്‍സിന് 287 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത സണ്‍റൈസേഴ്‌സ് നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 286 റണ്‍സ് നേടി. അരങ്ങേറ്റ മത്സരത്തില്‍ തകര്‍ത്തുകളിച്ച ഇഷാന്‍ കിഷന്‍ 47 പന്തില്‍ 106 റണ്‍സടിച്ച് ഹൈദരാബാദിന്റെ ടോപ് സ്‌കോററായി. ആറു സിക്‌സുകളും 11 ഫോറുകളുമാണ് ഇഷാന്‍ ഹൈദരാബാദില്‍ അടിച്ചുകൂട്ടിയത്. ഹൈദരാബാദിന്റെ ഓസീസ് ബാറ്റര്‍ ട്രാവിസ് ഹെഡ് 31 പന്തില്‍ 67 റണ്‍സെടുത്തു പുറത്തായി. നിതീഷ് കുമാര്‍ റെഡ്ഡി (15 പന്തില്‍ 30), അഭിഷേക് ശര്‍മ (11 പന്തില്‍ 24), ഹെന്റിച് ക്ലാസന്‍ (14 പന്തില്‍ 34 എന്നിവരാണ് ഹൈദരാബാദിന്റെ മറ്റു പ്രധാന സ്‌കോറര്‍മാര്‍.
ടോസ് ജയിച്ച രാജസ്ഥാന്‍ ക്യാപ്റ്റന്‍ റിയാന്‍ പരാഗ് ഹൈദരാബാദിനെ ബാറ്റിങ്ങിനു വിടുകയായിരുന്നു. ആദ്യ ആറ് ഓവറുകളില്‍ 94 റണ്‍സടിച്ച് ഹൈദരാബാദ് തുടങ്ങിയതോടെ കളിയുടെ ഗതി ഏറക്കുറെ വ്യക്തമായി. പവര്‍പ്ലേ ഓവറുകള്‍ക്കു ശേഷവും അടി തുടര്‍ന്ന ഹൈദരാബാദ് 6.4 ഓവറില്‍ 100 പിന്നിട്ടു.
പതിവുപോലെ തന്നെ പവര്‍ പ്ലേ പരമാവധി മുതലാക്കുന്ന സണ്‍റൈസേഴ്‌സിനെ തന്നെയാണ് ഇന്നത്തെ മത്സരത്തിലും കാണാനായത്. ഓപ്പണര്‍മാരായ അഭിഷേക് ശര്‍മ്മയും ട്രാവിസ് ഹെഡും തുടക്കം മുതല്‍ തന്നെ തകര്‍ത്തടിച്ചു. 3 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ തന്നെ ടീം സ്‌കോര്‍ 45ല്‍ എത്തിയിരുന്നു. തുടര്‍ന്ന് 11 പന്തില്‍ 24 റണ്‍സ് നേടിയ അഭിഷേക് ശര്‍മ്മയുടെ വിക്കറ്റ് നഷ്ടമായെങ്കിലും മൂന്നാമനായെത്തിയ ഇഷാന്‍ കിഷനെ കൂട്ടുപിടിച്ച് ഹെഡ് സ്‌കോര്‍ ഉയര്‍ത്തി. ഹെഡിനൊപ്പം കിഷനും ആക്രമിച്ച് കളിച്ചതോടെ സണ്‍റൈസേഴ്‌സിന്റെ സ്‌കോര്‍ കുതിച്ചുയര്‍ന്നു. 7-ാം ഓവറില്‍ തന്നെ ടീം സ്‌കോര്‍ മൂന്നക്കം കടന്നിരുന്നു.
തകര്‍പ്പന്‍ ഫോമിലായിരുന്ന ഹെഡ് അപകടം വിതച്ചുകൊണ്ടിരിക്കെ 10-ാം ഓവറില്‍ രാജസ്ഥാന്‍ തുഷാര്‍ ദേശ്പാണ്ഡെയെ ഉപയോഗിച്ച് നടത്തിയ പരീക്ഷണം വിജയം കണ്ടു. മിഡ് ഓഫിന് മുകളിലൂടെ ഒരു ഷോട്ടിന് ശ്രമിച്ച ഹെഡിന് പിഴച്ചു. പന്ത് നേരെ ഷിമ്രോണ്‍ ഹെറ്റ്‌മെയറിന്റെ കൈകളില്‍. പിന്നീട് ക്രീസിലെത്തിയ നിതീഷ് കുമാര്‍ റെഡ്ഡിയും ഇഷാന്‍ കിഷനും സ്‌കോര്‍ ബോര്‍ഡിന്റെ വേഗം കുറയാതെ കളിച്ചതോടെ രാജസ്ഥാന്‍ വിയര്‍ത്തു. 12-ാം ഓവറിന്റെ 2-ാം പന്തില്‍ ടീം സ്‌കോര്‍ 150 എത്തി. 13-ാം ഓവറില്‍ ജോഫ്ര ആര്‍ച്ചറിനെ ആദ്യ രണ്ട് പന്തുകളും സിക്‌സര്‍ പറത്തി കിഷന്‍ അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കി. 25 പന്തില്‍ 6 ബൌണ്ടറികളുടെയും 2 സിക്‌സറുകളുടെയും അകമ്പടിയോടെയാണ് കിഷന്‍ അര്‍ധ സെഞ്ച്വറി തികച്ചത്.
സണ്‍റൈസേഴ്‌സ് ഇന്നിംഗ്‌സിന്റെ ഉത്തരവാദിത്വം പൂര്‍ണമായി കിഷന്‍ ഏറ്റെടുത്തതോടെ സ്‌കോര്‍ കുതിച്ചുയര്‍ന്നു. 14.1 ഓവറില്‍ ടീം സ്‌കോര്‍ 200ല്‍ എത്തി. പിന്നാലെ 15 പന്തില്‍ 30 റണ്‍സ് നേടി നിതീഷ് കുമാര്‍ റെഡ്ഡി പുറത്തായി. അപകടകാരിയായ ഹെന്റിച്ച് ക്ലാസന്‍ അവസാന ഓവറുകളില്‍ ആഞ്ഞടിച്ചതോടെ സണ്‍റൈസേഴ്‌സ് റെക്കോര്‍ഡ് സ്‌കോറിലേയ്ക്ക് കുതിക്കുകയാണെന്ന പ്രതീതി ഉയര്‍ന്നു. പേസര്‍ ജോഫ്ര ആര്‍ച്ചറാണ് ഏറ്റവും കൂടുതല്‍ റണ്‍സ് വഴങ്ങിയത്. 4 ഓവറുകള്‍ പൂര്‍ത്തിയാക്കിയ ആര്‍ച്ചര്‍ ഒരു വിക്കറ്റ് പോലും സ്വന്തമാക്കാന്‍ കഴിയാതെ 76 റണ്‍സാണ് വഴങ്ങിയത്. ക്ലാസന്‍ 14 പന്തുകളില്‍ നിന്നും 34 റണ്‍സ് നേടി.
19-ാം ഓവറില്‍ ഇഷാന്‍ കിഷന്‍ സെഞ്ച്വറി തികച്ചു. 45 പന്തുകളിലായിരുന്നു കിഷന്റെ സെഞ്ച്വറി പിറന്നത്. ഐപിഎല്ലില്‍ ആദ്യമായി ടീം സ്‌കോര്‍ 300 കടക്കുമെന്ന പ്രതീതിയുണ്ടായിരുന്നെങ്കിലും അവസാന ഓവറുകളില്‍ വിക്കറ്റുകള്‍ വലിച്ചെറിഞ്ഞതോടെ ഹൈദരാബാദിന്റെ സ്‌കോര്‍ 6ന് 286 എന്ന നിലയില്‍ അവസാനിച്ചു. ഐപിഎല്ലിന്റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന സ്‌കോറായ ഹൈദരാബാദിന്റെ തന്നെ 287 എന്ന സ്‌കോറും തിരുത്തിക്കാന്‍ കമ്മിന്‍സിനും സംഘത്തിനും സാധിച്ചില്ല. 47 പന്തുകള്‍ നേരിട്ട കിഷന്‍ 106 റണ്‍സുമായി പുറത്താകാതെ നിന്നു.
നാലോവറുകള്‍ പന്തെറിഞ്ഞ ജോഫ്ര ആര്‍ച്ചര്‍ 76 റണ്‍സ് വഴങ്ങിയത് രാജസ്ഥാന് നിരാശയായി. താരത്തിന് വിക്കറ്റൊന്നും ലഭിച്ചില്ല. ശ്രീലങ്കന്‍ സ്പിന്നര്‍ മഹീഷ് തീക്ഷണ 52 റണ്‍സ് വഴങ്ങിയെങ്കിലും രണ്ടു വിക്കറ്റുകളും വീഴ്ത്തി. മൂന്നോവര്‍ എറിഞ്ഞ് അഫ്ഗാന്‍ പേസര്‍ ഫസല്‍ഹഖ് ഫറൂഖി 49 റണ്‍സ് വിട്ടുകൊടുത്തു. ഇന്ത്യന്‍ താരം തുഷാര്‍ ദേശ്പാണ്ഡെയ്ക്ക് മൂന്നു വിക്കറ്റുണ്ട്.