'ജഡേജയുടെ പരിചയസമ്പത്തും ടീമിനോടുള്ള കൂറും വിലപ്പെട്ടത്, താരത്തെ നിലനിർത്തണം'; റിലീസ് ചെയ്യേണ്ടത് ആ താരങ്ങളെ; ചെന്നൈ സൂപ്പർകിങ്‌സ് മാനേജ്‌മെന്റിന് മുന്നറിയിപ്പുമായി സുരേഷ് റെയ്ന
ചെന്നൈ: ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) 2026 സീസണിന് മുന്നോടിയായി ചെന്നൈ സൂപ്പർ കിംഗ്‌സും (സിഎസ്‌കെ) രാജസ്ഥാൻ റോയൽസും തമ്മിൽ സഞ്ജു സാംസണിനെ ടീമിലെത്തിക്കുന്നതിനെക്കുറിച്ചുള്ള ചർച്ചകൾ പുരോഗമിക്കുന്നതായാണ് റിപ്പോർട്ടുകൾ. ഈ നീക്കത്തിൽ രാജസ്ഥാൻ റോയൽസിലേക്ക് ഓൾറൗണ്ടർ രവീന്ദ്ര ജഡേജയെയും മറ്റൊരു താരത്തെയും കൈമാറാനും സാധ്യതയുണ്ട്. എന്നാൽ, നിലവിലെ സാഹചര്യത്തിൽ സിഎസ്‌കെ രവീന്ദ്ര ജഡേജയെ നിലനിർത്തണമെന്ന നിലപാടിലാണ് മുൻ സിഎസ്‌കെ താരമായ സുരേഷ് റെയ്ന.
വിക്കറ്റ് കീപ്പർ ബാറ്ററായ സഞ്ജു സാംസണിനെ ചെന്നൈ സൂപ്പർ കിംഗ്‌സിലേക്ക് കൊണ്ടുവരാൻ സിഎസ്‌കെ ശ്രമങ്ങൾ നടത്തുന്നുണ്ട്. ഇതിന് പകരമായി, രവീന്ദ്ര ജഡേജയെയും മറ്റൊരാളെയും രാജസ്ഥാൻ റോയൽസിലേക്ക് കൈമാറാനാണ് നീക്കം. ഈ സാധ്യതകളെക്കുറിച്ച് പ്രതികരിച്ച സുരേഷ് റെയ്ന, സിഎസ്‌കെ അഞ്ചു തവണ കിരീടം നേടിയ ടീമാണെന്നും, രവീന്ദ്ര ജഡേജയുടെ സംഭാവനകൾ വിലമതിക്കാനാവാത്തതാണെന്നും ചൂണ്ടിക്കാട്ടി. വർഷങ്ങളായി ടീമിന് വേണ്ടി ജഡേജ നൽകിയ സംഭാവനകൾ വളരെ വലുതാണെന്നും, അതിനാൽ താരത്തെ നിലനിർത്തണമെന്നും റെയ്ന പറഞ്ഞു.
ജഡേജയെ കൂടാതെ, അഫ്ഗാനിസ്ഥാൻ സ്പിന്നർ നൂറുമായി അഹമ്മദ്, സിഎസ്‌കെയുടെ ഇതിഹാസ താരം എം.എസ്. ധോണി, ക്യാപ്റ്റൻ ഋതുരാജ് ഗെയ്‌ക്ക്‌വാദ് എന്നിവരെയും നിലനിർത്തണമെന്നും റെയ്ന സൂചിപ്പിച്ചു. ഈ താരങ്ങളുടെയെല്ലാം ടീമിന് ടീമിന് നൽകുന്ന സംഭാവനകൾ വളരെ വലുതാണെന്നും, അവരെ നിലനിർത്തുന്നത് ടീമിന്റെ വിജയ സാധ്യത വർദ്ധിപ്പിക്കുമെന്നും റെയ്ന കൂട്ടിച്ചേർത്തു.
സഞ്ജു സാംസൺ മികച്ച കളിക്കാരനാണെങ്കിലും, രവീന്ദ്ര ജഡേജയുടെ പരിചയസമ്പത്തും ടീമിനോടുള്ള കൂറും ഏറെ വിലപ്പെട്ടതാണെന്ന് സുരേഷ് റെയ്ന അഭിപ്രായപ്പെട്ടു. ഐപിഎൽ മിനി-ലേലത്തിന് മുമ്പ് സിഎസ്‌കെ തങ്ങളുടെ പ്രധാന കളിക്കാരെ നിലനിർത്തണമെന്നും, നിലവിലെ താരങ്ങളെ നിലനിർത്തുന്നത് മികച്ച തന്ത്രപരമായ നീക്കമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
'ഡെവോൺ കോൺവേയെ ഒഴിവാക്കണം. സിഎസ്‌കെയ്ക്ക് ഒരു പ്രാദേശിക ഓപ്പണറെ ആവശ്യമാണ്, അവർ മിനി-ലേലത്തിൽ അത് തേടും. വിജയ് ശങ്കറിന് ഇതിനകം ധാരാളം അവസരങ്ങൾ ലഭിച്ചിട്ടുണ്ട്. അതിനാൽ സിഎസ്‌കെ വിജയ്‌യെ റിലീസ് ചെയ്യും. ദീപക് ഹൂഡയെയും ഒഴിവാക്കണം. ടീമിനായി ഇതേ കോമ്പിനേഷൻ നൽകാൻ കഴിയുന്ന ധാരാളം കളിക്കാർ മിനി-ലേലത്തിൽ ലഭ്യമാണ്.' എന്നും റെയ്‌ന പറഞ്ഞു. സിഎസ്‌കെയുടെ മാനേജ്‌മെന്റ് സുരേഷ് റെയ്നയുടെ നിർദ്ദേശങ്ങളെ എത്രത്തോളം പരിഗണിക്കുമെന്നത് കാത്തിരുന്ന് കാണേണ്ടതാണ്.
