അവസാന ഗ്രൂപ്പ് മത്സരത്തിൽ 101 റൺസിന് ഓൾ ഔട്ട്; സഞ്ജുവില്ലാതെ ഇറങ്ങിയ കേരളത്തിന് ദയനീയ തോൽവി; അസമിന്റെ ജയം അഞ്ച് വിക്കറ്റിന്

Update: 2025-12-08 10:26 GMT

ലക്നൗ: സയ്യിദ് മുഷ്താഖ് അലി ട്രോഫി ടി20 ടൂർണമെന്റിൽ കേരളത്തിന് അവസാന ഗ്രൂപ്പ് മത്സരത്തിലും ദയനീയ തോൽവി. അസമിനോട് അഞ്ച് വിക്കറ്റിനാണ് കേരളം തോൽവി വഴങ്ങിയത്. ഇതോടെ, സൂപ്പർ ലീഗിൽ എത്താതെ ടൂർണമെന്റിൽ നിന്ന് കേരളം പുറത്തായി.ആദ്യം ബാറ്റ് ചെയ്ത കേരളം 19.4 ഓവറിൽ 101 റൺസിന് ഓൾ ഔട്ടായി. 33 പന്തിൽ 23 റൺസെടുത്ത രോഹൻ കുന്നുമ്മലായിരുന്നു കേരളത്തിന്റെ ടോപ് സ്കോറർ.

ഇന്ത്യൻ ടീമിനൊപ്പം ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പര കളിക്കാൻ ക്യാപ്റ്റൻ സഞ്ജു സാംസൺ വിട്ടുനിന്നതിനാൽ, അഹമ്മദ് ഇമ്രാനാണ് ഈ മത്സരത്തിൽ കേരളത്തെ നയിച്ചത്. ഇമ്രാനും രോഹൻ കുന്നുമ്മലും ചേർന്ന് ഇന്നിംഗ്സ് ഓപ്പൺ ചെയ്തെങ്കിലും മൂന്നാം ഓവറിൽ ഇമ്രാനെ നഷ്ടമായി. പവർ പ്ലേയിൽ ആറ് ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 30 റൺസ് മാത്രമാണ് കേരളത്തിന് നേടാനായത്.

102 റൺസ് വിജയലക്ഷ്യം പിന്തുടർന്ന അസം 18.5 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി. 41 റൺസെടുത്ത് പുറത്താകാതെ നിന്ന പ്രദ്യുൻ സൈക്കിയയാണ് അസമിന്റെ വിജയശിൽപി. രണ്ടാം ഓവറിൽ ക്യാപ്റ്റൻ ഗാദിഗാവോങ്കറെ (8) ഷറഫൂദ്ദീന് നഷ്ടമായെങ്കിലും, രോഹിത് സെന്നിനെ (19) അഖിൽ സ്കറിയ പുറത്താക്കിയ ശേഷം പ്രദ്യുൻ സൈക്കിയയും ഡെനിഷ് ദാസും ചേർന്ന് അസമിനെ 10 ഓവറിൽ 50 റൺസ് കടത്തി സുരക്ഷിതരാക്കി. 12 റൺസെടുത്ത ഡെനിഷ് ദാസിനെ അബ്ദുൾ ബാസിതും നിഹാർ ദേക്കയെ (8) കെ എം ആസിഫും വീഴ്ത്തി.

അസം 78-4 എന്ന നിലയിൽ തകർച്ച നേരിട്ടെങ്കിലും, ചെറിയ വിജയലക്ഷ്യം കേരളത്തിന് പ്രതിരോധിക്കാൻ കഴിയുന്നതായിരുന്നില്ല. വിജയത്തിനടുത്ത് സാഹിൽ ജെയിനിനെ (12) കൂടി നഷ്ടമായെങ്കിലും പ്രദ്യുൻ സൈക്കിയയുടെ പോരാട്ടം അസമിനെ വിജയവര കടത്തി. ഗ്രൂപ്പ് മത്സരങ്ങളിൽ കേരളത്തിന്റെ നാലാം തോൽവിയാണിത്. ടൂർണമെന്റിൽ കഴിഞ്ഞ മത്സരത്തിൽ ആന്ധ്രയോട് തോറ്റതോടെ കേരളം സൂപ്പർ ലീഗിലെത്താതെ നേരത്തെ തന്നെ പുറത്തായിരുന്നു. 

Tags:    

Similar News