ട്വന്റി20 ലോകകപ്പില്‍ ഇന്ത്യയുടെ വിക്കറ്റ് കീപ്പറാകുക സഞ്ജുവും പന്തുമല്ല; ജിതേഷ് ശര്‍മക്ക് സാധ്യതയെന്ന് ആകാശ് ചോപ്ര
ട്വന്റി20 ലോകകപ്പില്‍ ഇന്ത്യയുടെ വിക്കറ്റ് കീപ്പറാകുക സഞ്ജുവും പന്തുമല്ല;
മുംബൈ: 2026 ട്വന്റി20 ലോകകപ്പില്‍ ഇന്ത്യയുടെ വിക്കറ്റ് കീപ്പറായി മലയാളി താരം സഞ്ജു സാംസണും ഋക്ഷഭ് പന്തിനും സാധ്യതയില്ലെന്ന് പ്രവചിച്ചു മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്ര. റോയല്‍ ചാലഞ്ചേഴ്‌സ് ബംഗളൂരു താരം ജിതേഷ് ശര്‍മയ്ക്കാണ് ആകാശ് ചോപ്ര സാധ്യത പ്രവചിക്കുന്നത്. ഏഷ്യാ കപ്പ് ക്രിക്കറ്റില്‍ സഞ്ജു സാംസണും ജിതേഷ് ശര്‍മയുമാണ് ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍മാര്‍. ടൂര്‍ണമെന്റില്‍ ജിതേഷ് ശര്‍മയെ ആദ്യ പതിനൊന്നില്‍ ഉള്‍പ്പെടുത്തണമെന്നും ആകാശ് ചോപ്ര തന്റെ യൂട്യൂബ് ചാനലില്‍ പറഞ്ഞു.
ട്വന്റി20യില്‍ സഞ്ജു സാംസണ്‍ ഇന്ത്യന്‍ ടീമിന്റെ പ്രധാന താരമാണെന്ന് വ്യക്തമാക്കുന്നതാണ് ഏഷ്യാ കപ്പ് ടീം തെരഞ്ഞെടുപ്പെങ്കിലും കളിക്കാനാകുമോ എന്ന കാര്യത്തില്‍ ഉറപ്പായിട്ടില്ല. കഴിഞ്ഞ വര്‍ഷം നേടിയ മൂന്ന് സെഞ്ചുറികളും പരിശീലകന്‍ ഗൗതം ഗംഭീറിന്റെ പിന്തുണയും മലയാളി വിക്കറ്റ് കീപ്പര്‍ക്ക് തുണയായി. ഓപ്പണിങ് സ്ഥാനത്തേക്കാണ് ശുഭ്മാന്‍ ഗില്‍ തിരിച്ചെത്തിയിരിക്കുന്നത്. നിലവില്‍ ഒന്നാം നമ്പര്‍ വിക്കറ്റ് കീപ്പറായ സഞ്ജുവിനെ മറ്റേതെങ്കിലും സ്ഥാനത്ത് കളിപ്പിക്കുമോ എന്നതിലും വ്യക്തതയില്ല.
ഇൗ വര്‍ഷം നടന്ന ഇംഗ്ലണ്ടിനെതിരായ പരമ്പരയാണ് സഞ്ജുവിന് വിനയായത്. അഞ്ച് കളിയില്‍ 51 റണ്‍ മാത്രമായിരുന്നു സമ്പാദ്യം. ഇംഗ്ലീഷ് പേസര്‍ ജോഫ്ര ആര്‍ച്ചെറുടെ പന്തില്‍ പുറത്താകുന്നതായിരുന്നു സ്ഥിരം കാഴ്ച. അവസാന കളിയില്‍ പരിക്കേറ്റതോടെ ഐപിഎല്ലിലെ ആദ്യ മത്സരങ്ങളും നഷ്ടമായി. ഐപിഎല്ലിലും വലിയൊരു പ്രകടനം പുറത്തെടുക്കാനായില്ല.
ഇന്ത്യക്കായി 42 ട്വന്റി20യിലാണ് സഞ്ജു ഇറങ്ങിയത്. 38 ഇന്നിങ്സില്‍ 861 റണ്ണടിച്ചു. 152.38ആണ് പ്രഹരശേഷി. 25.32 ബാറ്റിങ് ശരാശരിയും. മൂന്ന് സെഞ്ചുറികളും രണ്ട് അര്‍ധ സെഞ്ചുറികളും അതിലുള്‍പ്പെടും. മറുവശത്ത്, ഇംഗ്ലണ്ട് പരമ്പരയിലെ ഒന്നാന്തരം പ്രകടനമാണ് അഭിഷേകിന്റെ സ്ഥാനം ഉറപ്പിച്ചത്.