രോഹിത് ശര്‍മയും സംഘവും പ്രചോദനം! ആദ്യ വനിതാ ട്വന്റി 20 കിരീടം ലക്ഷ്യമിട്ട് ഹര്‍മന്‍പ്രീത് കൗറും സംഘവും; ഇന്ത്യ - പാകിസ്ഥാന്‍ പോരാട്ടം ഒക്ടോബര്‍ ആറിന്
ഓസ്ട്രേലിയെ തോല്‍പിച്ച് കപ്പടിക്കുക ടീമിന്റെ ലക്ഷ്യം
മുംബൈ: ആദ്യ വനിതാ ട്വന്റി 20 കിരീടം ലക്ഷ്യമെട്ട് ഹര്‍മന്‍ പ്രീത് കൗറും സംഘവും. ലോകകപ്പില്‍ എല്ലാ ടീമുകളും കരുത്തരാണെന്നും എല്ലാ മത്സരങ്ങളും നിര്‍ണായകമാണെന്നും ഹര്‍മന്‍പ്രീത് കൗര്‍ പ്രതികരിച്ചു. ഒക്ടോബര്‍ നാലിന് ന്യൂസീലന്‍ഡിനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. ഒക്ടോബര്‍ ആറിനാണ് ഇന്ത്യ - പാകിസ്ഥാന്‍ ബ്ലോക്ബസ്റ്റര്‍ പോരാട്ടം.
2020ല്‍ ഫൈനലിലെത്തിയതാണ് ട്വന്റി 20 ലോകകപ്പിലെ ഇന്ത്യയുടെ മികച്ച പ്രകടനം. ആദ്യ ട്വന്റി 20 കിരീടം തേടിയെത്തുന്ന ഇന്ത്യയ്ക്ക് മുന്നില്‍ വെല്ലുവിളികള്‍ ഏറെയുണ്ട്. ഓസ്ട്രേലിയ തന്നെയാണ് ഇന്ത്യയുടെ ആദ്യ വെല്ലുവിളി. നാലാം കിരീടം ലക്ഷ്യമിട്ടാണ് ഓസീസ് മത്സരത്തിന് ഇറങ്ങുന്നത്. 2020 ല്‍ ഇന്ത്യ ഫൈനല്‍ പരാജയപ്പെട്ടതും ഇതേ ടീമിനോട് തന്നെ.
ഇതേ ഓസ്‌ട്രേലിയെ തോല്‍പിച്ച് കപ്പടിക്കലാകും ടീമിന്റെ ലക്ഷ്യം.ബാറ്റിങ്ങാണ് ടീമിന്റെ കരുത്ത്. സ്മൃതി മന്ഥാനയും ഷെഫാലി വെര്‍മയുമടങ്ങുന്ന വെടിക്കെട്ട് ഒപ്പണിങ്ങാണ് ടീമിന്റെ പവര്‍. പുരുഷ ട്വന്റി 20യില്‍ കിരീടം നേടിയ രോഹിത ശര്‍മയേയും സംഘത്തിന്റേയും നേട്ടം കരുത്താകുമെന്ന് ടീം പ്രഖ്യാപന ശേഷം ഹര്‍മന്‍പ്രീത് കൗര്‍ പറഞ്ഞു. രാജ്യത്തിന് ആഘോഷിക്കാന്‍ വീണ്ടുമൊരു നിമിഷം സൃഷ്ടിക്കുകയാണ് തന്റെയും ടീമിന്റേയും ലക്ഷ്യമെന്നും ഹര്‍മന്‍പ്രീത് കൗര്‍ പ്രതികരിച്ചു. രണ്ട് മലയാളികളൂം ഇന്ത്യന്‍ ടീമില്‍ ഇടം നേടിയിട്ടുണ്ട്.
2017ല്‍ ഏകദിന ലോകകപ്പ് ഫൈനലിലും 2020 ട്വന്റി 20 ലോകപ്പ് ഫൈനലിലും പിന്നാലെ കോമണ്‍വെല്‍ത്ത് ഗെയിംസ് ഫൈനലിലും ഇക്കൊല്ലം ഏഷ്യാ കപ്പ് ഫൈനലിലും ഇന്ത്യയ്ക്ക് തോല്‍വിയായിരുന്നു ഫലം. ഓസ്‌ട്രേലിയയും ന്യൂസിലന്‍ഡും പാക്കിസ്ഥാനും ശ്രീലങ്കയുമടങ്ങുന്ന മരണ ഗ്രൂപ്പിലാണ് ഇന്ത്യയെന്നതും ആശങ്കയാണ്. ഏഷ്യാകപ്പ് ഫൈനലില്‍ ലങ്കയോട് തോറ്റതിന്റെ ക്ഷീണവും ഇന്ത്യയ്ക്ക് തീര്‍ക്കണം.