ആ നേട്ടത്തിലെത്താൻ വേണ്ടത് 64 റൺസ്; ധോണിയും, പന്തും പിന്നിലാവും; ഏഷ്യ കപ്പ് ഫൈനലിൽ സഞ്ജുവിനെ കാത്തിരിക്കുന്നത് രണ്ട് റെക്കോർഡുകൾ

Update: 2025-09-28 10:10 GMT

ദുബായ്: ഏഷ്യാ കപ്പ് ഫൈനലിൽ 64 റൺസ് നേടിയാൽ സഞ്ജു സാംസൺ പുതിയ റെക്കോർഡ് നേട്ടത്തിലെത്തും. മൾട്ടി നാഷണൽ ടി20 ടൂർണമെന്റുകളിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റർ എന്ന റെക്കോർഡാണ് താരത്തെ തേടിയെത്തുന്നത്. നിലവിൽ 108 റൺസാണ് സഞ്ജു ഈ ടൂർണമെന്റിൽ നേടിയത്. കൂടാതെ ഇന്ത്യയ്ക്കായി 1,000 ടി20 റൺസ് തികയ്ക്കാൻ സഞ്ജുവിന് 31 റൺസ് കൂടി മതിയാകും.

171 റൺസുമായി ഋഷഭ് പന്താണ് നിലവിൽ ഒന്നാം സ്ഥാനത്ത്. 154 റൺസുമായി എം.എസ്. ധോണിയാണ് രണ്ടാം സ്ഥാനത്ത്. 47 റൺസ് നേടിയാൽ സഞ്ജുവിന് ധോണിയെ മറികടന്ന് രണ്ടാം സ്ഥാനത്തെത്താൻ സാധിക്കും. ടൂർണമെന്റിൽ സഞ്ജു സാംസൺ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.

ഒമാനെതിരെ അർധ സെഞ്ച്വറിയും ശ്രീലങ്കക്കെതിരായ മത്സരത്തിൽ 23 പന്തിൽ നിന്ന് 39 റൺസും താരം നേടി. 36 ശരാശരിയിലും 127.05 സ്ട്രൈക്ക് റേറ്റിലുമാണ് സഞ്ജു ഏഷ്യാ കപ്പിൽ ബാറ്റ് വീശിയത്. ഏഷ്യാ കപ്പ് ഫൈനലിൽ ഇന്ത്യയും പാകിസ്ഥാനും തമ്മിലാണ് ഏറ്റുമുട്ടുന്നത്.

ഇന്ത്യയ്ക്കായി 1,000 ടി20 റൺസ് തികയ്ക്കാൻ സാംസൺ വെറും 31 റൺസ് മാത്രം അകലെയാണ്. ഇതുവരെ 48 ടി20 മത്സരങ്ങൾ കളിച്ച സാംസൺ, 26.18 ശരാശരിയിലും 149 ന് മുകളിൽ സ്ട്രൈക്ക് റേറ്റിലും 969 റൺസ് നേടിയിട്ടുണ്ട്. മൂന്ന് സെഞ്ച്വറിയും മൂന്ന് അർദ്ധ സെഞ്ച്വറിയും ഉൾപ്പെടും. 111 റൺസാണ് അദ്ദേഹത്തിന്റെ മികച്ച സ്കോർ. ടി20യിൽ 55 സിക്സറുകളും അദ്ദേഹം നേടിയിട്ടുണ്ട്.

Tags:    

Similar News