അണ്ടര്‍ 19 വനിതാ ലോകകപ്പിന്റെ രണ്ടാം പതിപ്പിന് ഇന്നു തുടക്കം; ഇന്ത്യയുടെ ആദ്യ മത്സരം നാളെ വിന്‍ഡീസിനെതിരെ; പ്രതീക്ഷയായി വയനാട്ടുകാരി വി.ജെ.ജോഷിതയും ഇന്ത്യന്‍ ടീമില്‍

Update: 2025-01-18 07:44 GMT

ക്വാലലംപുര്‍: അണ്ടര്‍ 19 വനിതാ ലോകകപ്പിന്റെ രണ്ടാം പതിപ്പിന് ഇന്നു മലേഷ്യയില്‍ തുടക്കം. ട്വന്റി20 ഫോര്‍മാറ്റില്‍ നടക്കുന്ന ടൂര്‍ണമെന്റില്‍ നിലവിലെ ചാംപ്യന്‍മാരായ ഇന്ത്യ ഉള്‍പ്പെടെ 16 ടീമുകളുണ്ട്. നാളെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. വെസ്റ്റിന്‍ഡീസിനെതിരെയാണ് ഇറങ്ങുന്നത്. ആദ്യ ദിനമായ ഇന്ന് ആറ് മത്സരങ്ങളാണ് ഉള്ളത്. കിരീടം നിലനിര്‍ത്തുക്ക എന്ന ലക്ഷ്യത്തോടെയായിരിക്കും ടീം ഇന്ത്യയുടെ കൗമാര പെണ്‍പട ഇറങ്ങുന്നത്. ഏഷ്യന്‍ അണ്ടര്‍ 19 ക്രിക്കറ്റ് ജേതാക്കളായതിന്റെ ആത്മവിശ്വാസവും ഉണ്ട് ഇന്ത്യന്‍ ടീമിന്.

കര്‍ണാടക സ്വദേശിനിയായ ഓള്‍റൗണ്ടര്‍ നിക്കി പ്രസാദാണ് ക്യാപ്റ്റന്‍. അണ്ടര്‍ 19 ഏഷ്യാ കപ്പില്‍ പ്ലെയര്‍ ഓഫ് ദ് സീരീസായിരുന്ന ടോപ് ഓര്‍ഡര്‍ ബാറ്റര്‍ ജി.തൃഷ, ടൂര്‍ണമെന്റില്‍ വിക്കറ്റ് നേട്ടത്തില്‍ മുന്‍നിരയിലെത്തിയ സ്പിന്നര്‍മാരായ ആയുഷി ശുക്ല, സോനം യാദവ് എന്നിവരാണ് ഇന്ത്യയുടെ പ്രധാന കരുത്ത്. 16 ടീമുകള്‍ 4 ഗ്രൂപ്പുകളായി തിരിഞ്ഞാണ് ആദ്യ റൗണ്ട് മത്സരം. വെസ്റ്റിന്‍ഡീസിനു പുറമേ മലേഷ്യ, ശ്രീലങ്ക ടീമുകളാണ് ഗ്രൂപ്പ് റൗണ്ടില്‍ ഇന്ത്യയുടെ എതിരാളികള്‍. ഫെബ്രുവരി രണ്ടിനാണ് ഫൈനല്‍.

15 അംഗ ഇന്ത്യന്‍ ടീമില്‍ കേരളത്തിന്റെ പ്രതീക്ഷയായി വയനാട്ടുകാരി വി.ജെ.ജോഷിതയുമുണ്ട്. അണ്ടര്‍ 19 ഏഷ്യാ കപ്പ് ക്രിക്കറ്റിലെ മികച്ച പ്രകടനമാണ് ഓള്‍റൗണ്ടറായ ജോഷിതയെ ലോകകപ്പ് ടീമിലെത്തിച്ചത്. കഴിഞ്ഞ വനിതാ പ്രിമിയര്‍ ലീഗ് ലേലത്തില്‍ (ഡബ്ല്യുപിഎല്‍) റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു ജോഷിതയെ 10 ലക്ഷം രൂപയ്ക്ക് സ്വന്തമാക്കിയിരുന്നു. കല്‍പറ്റ ഗ്രാമത്തുവയല്‍ ജോഷിയുടെയും ശ്രീജയുടെയും മകളായ ജോഷിത ബത്തേരി സെന്റ് മേരീസ് കോളജിലെ ഒന്നാംവര്‍ഷ ബിരുദ വിദ്യാര്‍ഥിനിയാണ്. അണ്ടര്‍ 19 കേരള ടീം ക്യാപ്റ്റനായിരുന്ന താരം സീനിയര്‍ ടീമിലും കളിച്ചിട്ടുണ്ട്.

Similar News