നാട്ടിലെ കടയില്‍ നിന്നും പുതിയ ജിയോ സിം എടുത്തതേ ഓര്‍മയുള്ളൂ; പിന്നീട് സംഭവിച്ചതെല്ലാം ഒരു സ്വപ്നം പോലെ; ആദ്യം വിരാട് കോലി വിളിച്ചു.. പിന്നാലെ ഡിവില്ലിയേഴ്‌സും; ഞാന്‍ 'എം.എസ്. ധോണിയാണ്' എന്ന് മറുപടിയും; ഒടുവില്‍ വീട്ടുപടിക്കല്‍ പൊലീസ്; രജത് പാട്ടിദാറിന്റെ 'കട്ടായ' സിം എടുത്ത ഛത്തീസ് ഗഡിലെ യുവാവിന് സംഭവിച്ചത്

രജത് പാട്ടിദാറിന്റെ 'കട്ടായ' സിം എടുത്ത ഛത്തീസ് ഗഡിലെ യുവാവിന് സംഭവിച്ചത്

Update: 2025-08-10 06:49 GMT

മുംബൈ: നേരമൊന്ന് ഇരുട്ടിവെളുത്തപ്പോള്‍ രാജ്യാന്തര ക്രിക്കറ്റിലെ സൂപ്പര്‍താരങ്ങളുടെ കോള്‍ലിസ്റ്റില്‍ ഇടംപിടിച്ചതിന്റെ 'ത്രില്‍' ഇപ്പോഴും വിട്ടുമാറിയിട്ടില്ല, ഛത്തീസ്ഗഡിലെ മനീഷ് എന്ന യുവാവിന്. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് എന്തെന്ന് തിരിച്ചറിഞ്ഞപ്പോഴാകട്ടെ ആ 'എലൈറ്റ്' കോള്‍ലിസ്റ്റില്‍നിന്ന് മനീഷ് പുറത്താവുകയും ചെയ്തു. നാട്ടിലെ കടയില്‍ നിന്നും പുതിയ ജിയോ സിം എടുത്തതേ മനീഷിന് ഓര്‍മയുള്ളൂ. പിന്നീട് സംഭവിച്ചതെല്ലാം ഒരു സ്വപ്നം പോലെ ആയിരുന്നു. വിരാട് കോലിയും എ.ബി.ഡിവില്ലിയേഴ്‌സുമെല്ലാം വിളിക്കാന്‍ തുടങ്ങിയത് കണ്ട് ആരെങ്കിലും പറ്റിക്കുകയാകും എന്നാണ് മനീഷ് കരുതിയത്. ഇതോടെ വിളിക്കുന്ന താരങ്ങളോട് നിങ്ങള്‍ കോലിയാണെങ്കില്‍ ഞാന്‍ എം എസ് ധോണിയാണെന്ന് വരെ പറഞ്ഞ് മനീഷും ഫോണ്‍ വച്ചു. പുതിയ ഫോണില്‍ വാട്‌സാപ് ഇന്‍സ്റ്റാള്‍ ചെയ്യുന്നത് വരെ മനീഷിന്റെ ഫോണിലേക്ക് ക്രിക്കറ്റ് താരങ്ങളുടെ വിളി തുടര്‍ന്നു. വാട്‌സാപ്പില്‍ മനീഷിന്റെ ചിത്രത്തിന് പകരം തെളിഞ്ഞത് രജത് പട്ടിദാറിന്റെ ചിത്രവും.

വിരാട് കോലി, എ.ബി. ഡിവില്ലിയേഴ്‌സ് തുടങ്ങി രാജ്യാന്തര ക്രിക്കറ്റിലെ സൂപ്പര്‍താരങ്ങള്‍ പോലും വിളിച്ചിട്ടും അവരോടെല്ലാം ആളറിയാതെ പുച്ഛത്തോടെ സംസാരിച്ചതിന്റെ 'വേദന'യിലാണ് ഇപ്പോള്‍ മനീഷ്. സൂപ്പര്‍താരങ്ങള്‍ ഉള്‍പ്പെടെയുള്ളവരുടെ പേരില്‍ സ്ഥിരമായി വിളിയെത്തിയതോടെ മടുത്ത് ഒടുവില്‍ ഇങ്ങേത്തലയ്ക്കല്‍ 'എം.എസ്. ധോണിയാണ്' എന്നുപോലും മനീഷിന് പറയേണ്ടിവന്നു. ഏറ്റവും ഒടുവില്‍ വീട്ടുപടിക്കല്‍ പൊലീസ് എത്തിയപ്പോഴാണ് മനീഷിന് എന്താണ് സംഭവമെന്ന് മനസിലായത്.

ഇക്കഴിഞ്ഞ ജൂണ്‍ 28ന് ഒരു പ്രാദേശിക മൊബൈല്‍ കടയില്‍നിന്ന് റിലയന്‍സ് ജിയോയുടെ പുതിയ സിം കാര്‍ഡ് എടുത്തതില്‍ തുടങ്ങുന്നു മനീഷിന്റെ ജീവിതത്തിലെ സംഭവബഹുലമായ ദിവസങ്ങളുടെ ചരിത്രം. ഛത്തീസ്ഗഡിലെ ഗാരിയാബന്ധ് ജില്ലയിലുള്ള മഡഗോണ്‍ ഗ്രാമത്തിലാണ് മനീഷിന്റെ വീട്. ജൂണ്‍ 28ന് സുഹൃത്തായ ഖേംരാജിനൊപ്പമാണ് പ്രദേശത്തെ മൊബൈല്‍ കടയില്‍നിന്ന് മനീഷ് പുതിയ സിം കാര്‍ഡ് വാങ്ങിയത്. പുതിയ സിം കാര്‍ഡ് ഫോണില്‍ ഇട്ടപ്പോഴാണ് മനീഷും ഖേംരാജും ഞെട്ടിയത്. വാട്‌സാപ്പ് ഇന്‍സ്റ്റാള്‍ ചെയ്തപ്പോള്‍ പ്രൊഫൈല്‍ പിക്ചറായി തെളിഞ്ഞത് ക്രിക്കറ്റ് താരം രജത് പാട്ടിദാറിന്റെ ചിത്രം. എന്താണ് സംഭവമെന്ന് പിടികിട്ടിയില്ലെങ്കിലും ഇരുവരും അത് തമാശയായി മാത്രമേ കണ്ടുള്ളൂ.

എന്നാല്‍, അധികം വൈകാതെ തമാശ കാര്യമായി. പുതിയ സിം കാര്‍ഡിട്ട ഫോണിലേക്ക് പിന്നീട് വന്നത് ഇന്ത്യന്‍ ക്രിക്കറ്റിലെ സൂപ്പര്‍ താരങ്ങള്‍ ഉള്‍പ്പെടെയുള്ളവരുടെ കോളുകള്‍. വിരാട് കോലി, എ.ബി. ഡിവില്ലിയേഴ്‌സ് തുടങ്ങി ഒട്ടേറെ പ്രാദേശിക താരങ്ങളുടെ പേരിലും ഫോണിലേക്ക് കോളുകള്‍ വന്നു. എന്താണ് സംഭവമെന്ന് അറിയാതെ ആദ്യം അമ്പരന്നെങ്കിലും, പരിചയക്കാര്‍ വിളിച്ച് കളിപ്പിക്കുന്നതാണെന്ന ധാരണയില്‍ ഇങ്ങേത്തലയ്ക്കല്‍ മഹേന്ദ്രസിങ് ധോണിയാണെന്ന് മനീഷും മറുപടി നല്‍കിത്തുടങ്ങി. വിളിക്കുന്നയാള്‍ കോലിയാണെന്ന് പറഞ്ഞാല്‍, ഇങ്ങേത്തലയ്ക്കല്‍ നിന്നും ധോണിയാണെന്ന് മറുപടി!

ഇതിനിടെ ജൂലൈ 15ന് മനീഷിന്റെ ഫോണിലേക്ക് പരിചയമില്ലാത്ത മറ്റൊരു നമ്പറില്‍നിന്ന് കോള്‍ വന്നു. 'എന്റെ പേര് രജത് പാട്ടിദാര്‍' വിളിച്ചയാള്‍ വളരെ മാന്യമായി പരിചയപ്പെടുത്തി. മനീഷ് ഉപയോഗിക്കുന്ന ഈ നമ്പര്‍ തന്റേതാണെന്നും ദയവു ചെയ്ത് അത് തിരികെ നല്‍കണമെന്നുമായിരുന്നു ആ കോളിന്റെ ഉള്ളടക്കം. ഇത്തരം വിളികള്‍ പതിവായതിനാല്‍, ഇങ്ങേത്തലയ്ക്കല്‍ മഹേന്ദ്രസിങ് ധോണിയാണെന്ന പതിവു മറുപടി നല്‍കി മനീഷ്.

ഇതോടെ തന്റെ അവസ്ഥ വളരെ പരിതാപകരമാണെന്നും ആ നമ്പര്‍ നഷ്ടമായതോടെ വലിയ പ്രതിസന്ധിയാണ് അഭിമുഖീകരിക്കുന്നതെന്നും അങ്ങേത്തലയ്ക്കലുള്ളയാള്‍ വിശദീകരിച്ചു. സുഹൃത്തുക്കളുടെയും പരിശീലകരുടെയും ഉള്‍പ്പെടെ കൈവശമുള്ളത് ഈ നമ്പറാണെന്നും, അത് തിരികെ ലഭിച്ചില്ലെങ്കില്‍ പ്രയാസമാകുമെന്നും പാട്ടിദാര്‍ എന്ന് പരിചയപ്പെടുത്തയയാള്‍ വ്യക്തമാക്കി.

മനീഷ് വീണ്ടും ഇതു തമാശയായി കണ്ട് മറുപടി നല്‍കിയതോടെ അങ്ങേത്തലയ്ക്കല്‍നിന്ന് മുന്നറിയിപ്പെത്തി. അങ്ങനെയെങ്കില്‍ പൊലീസിനെ വീട്ടിലേക്ക് അയയ്ക്കാം എന്നു പറഞ്ഞ് വിളിച്ചയാള്‍ സംഭാഷണം അവസാനിപ്പിച്ചു. പത്ത് മിനിറ്റിനുള്ളില്‍ പൊലീസ് വീട്ടുപടിക്കല്‍ എത്തിയപ്പോഴാണ് മനീഷിന്റെ കാര്യങ്ങളുടെ ഗൗരവം പിടികിട്ടിയത്. മനീഷ് അത്രയും നേരം സംസാരിച്ചുകൊണ്ടിരുന്നത് യഥാര്‍ഥ രജത് പാട്ടിദാറിനോടായിരുന്നു! യാഥാര്‍ഥ്യം പൊലീസില്‍നിന്ന് മനസിലാക്കിയ മനീഷും സുഹൃത്തും ഉടന്‍തന്നെ സിം കാര്‍ഡ് മടക്കി നല്‍കുകയും ചെയ്തു.

പൊലീസ് വന്നെങ്കിലെന്താ, ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം നടന്നില്ലേയെന്ന സന്തോഷത്തിലാണ് മനീഷ്. കടുത്ത വിരാട് കോലി ഫാനായ മനീഷ് തന്റെ ജീവിതാഭിലാഷം പൂര്‍ണമായി എന്നും വിശദീകരിച്ചു. നാട്ടുകാര്‍ ഇപ്പോള്‍ കളിയാക്കുന്നുണ്ടെങ്കിലും രജത് പട്ടിദാര്‍ ഒരിക്കല്‍ കൂടി വിളിക്കുമായിരിക്കുമെന്നും, ഇക്കുറി നന്ദി പറയാനാകും വിളിയെന്നും പ്രതീക്ഷിക്കുകയാണ് മനീഷ്. 90 ദിവസമായിട്ടും ഉപയോഗിക്കാതിരിക്കുന്ന സിം കാര്‍ഡുകള്‍ മൊബൈല്‍ കമ്പനികള്‍ റീസൈക്കിള്‍ ചെയ്യുകയാണ് പതിവ്. ഇത്തരത്തില്‍ റീസൈക്കിള്‍ ചെയ്യപ്പെട്ട പട്ടിദാറിന്റെ നമ്പറാണ് മനീഷിന് കിട്ടിയത്.

Tags:    

Similar News