ആദ്യ രണ്ടു മത്സരങ്ങളില്‍ നിറം മങ്ങി; പിന്നാലെ പതിമൂന്നുകാരന്റെ ബാറ്റിംഗ് വെടിക്കെട്ട്; ഏഷ്യാകപ്പില്‍ മാറ്റ് തെളിയിച്ച് രാജസ്ഥാന്റെ വൈഭവ് സൂര്യവംശി; യുഎഇയെ പത്ത് വിക്കറ്റിന് കീഴടക്കി ഇന്ത്യ സെമിയില്‍

ബാറ്റിംഗ് വെടിക്കെട്ടുമായി വൈഭവ് സൂര്യവംശി

Update: 2024-12-04 10:56 GMT

ദുബായ്: ബാറ്റിംഗ് വെടിക്കെട്ടുമായി വൈഭവ് സൂര്യവംശിയും ആയുഷ് മാത്രെയും നിറഞ്ഞതോടെ അണ്ടര്‍ 19 ഏഷ്യാ കപ്പില്‍ യുഎഇയെ പത്ത് വിക്കറ്റിന് കീഴടക്കി ഇന്ത്യ സെമിയില്‍. ആദ്യം ബാറ്റ് ചെയ്ത് യുഎഇ ഉയര്‍ത്തിയ 138 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ 16.1 ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ മറികടന്നു. 46 പന്തില്‍ 76 റണ്‍സുമായി വൈഭവ് സൂര്യവംശിയും 51 പന്തില്‍ 67 റണ്‍സുമായി ആയുഷ് മാത്രെയും പുറത്താകാതെ നിന്നു. നേരത്തെ ആദ്യം ബാറ്റ് ചെയ്ത യുഎഇ 44 ഓവറില്‍ 137 റണ്‍സിന് ഓള്‍ ഔട്ടാവുകയായിരുന്നു. തുടര്‍ച്ചയായ രണ്ടാം ജയത്തോടെ ഇന്ത്യ സെമി ഉറപ്പിക്കുകയും ചെയ്തു. സ്‌കോര്‍ യുഎഇ 44 ഓവറില്‍ 137ന് ഓള്‍ ഔട്ട്, ഇന്ത്യ 16.1 ഓവറില്‍ 143-0.

ഐപിഎല്‍ താരലേലത്തില്‍ സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സ് 1.10 കോടി രൂപയ്ക്ക് സ്വന്തമാക്കി വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന പതിമൂന്നുകാരന്‍ വൈഭവ് സൂര്യവംശി ആദ്യ രണ്ട് മത്സരങ്ങളിലും തിളങ്ങിയിരുന്നില്ല. എന്നാല്‍ യുഎഇയ്ക്കെതിരായ മത്സരത്തില്‍ അര്‍ധസെഞ്ചറി നേടിയ വൈഭവും ആയുഷ് മാത്രെയും ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയമാണ് സമ്മാനിച്ചത്.

വൈഭവ് 32 പന്തില്‍ അര്‍ധസെഞ്ചുറി തികച്ചപ്പോള്‍ ആയുഷ് മാത്രെ 38 പന്തില്‍ അര്‍ധസെഞ്ചുറി തികച്ചു. ഇരുവരുടെയും വെടിക്കെട്ട് ബാറ്റിംഗിന്റെ കരുത്തില്‍ പന്ത്രണ്ടാം ഓവറില്‍ ഇന്ത്യ 100 കടന്നു. പതിനേഴാം ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ ഇന്ത്യ ലക്ഷ്യം അടിച്ചെടുത്തു.

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത യുഎഇ 44 ഓവറില്‍ 137 റണ്‍സിന് പുറത്തായി. മറുപടി ബാറ്റിങ്ങില്‍ 33.5 ഓവര്‍ ബാക്കിനിര്‍ത്തി വിക്കറ്റൊന്നും നഷ്ടപ്പെടുത്താതെ ഇന്ത്യ ലക്ഷ്യത്തിലെത്തി. വൈഭവ് സൂര്യവംശി 46 പന്തില്‍ മൂന്നു ഫോറും ആറു സിക്‌സും സഹിതം 76 റണ്‍സുമായി പുറത്താകാതെ നിന്നു. ആദ്യ മത്സരത്തില്‍ പാക്കിസ്ഥാനെതിരെ ഒന്‍പതു പന്തില്‍ ഒരു റണ്ണെടുത്ത വൈഭവ്, രണ്ടാം മത്സരത്തില്‍ ജപ്പാനെതിരെ 23 പന്തില്‍ 23 റണ്‍സെടുത്തും പുറത്തായിരുന്നു.

വൈഭവ് സൂര്യവംശിക്കു പുറമേ അര്‍ധസെഞ്ചറി നേടിയ ഓപ്പണര്‍ ആയുഷ് മാത്രെയുടെ പ്രകടനവും ശ്രദ്ധേയമായി. 51 പന്തുകള്‍ നേരിട്ട ആയുഷ് നാലു വീതം സിക്‌സും ഫോറും സഹിതം 67 റണ്‍സോടെയും പുറത്താകാതെ നിന്നു. അഞ്ച് ഓവറില്‍ 19 റണ്‍സ് വഴങ്ങി ഒരു വിക്കറ്റും വീഴ്ത്തിയ ആയുഷ് മാത്രെയാണ് കളിയിലെ കേമന്‍.

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത യുഎഇ നിരയില്‍, രണ്ടക്കത്തിലെത്തിയത് നാലു പേര്‍. 48 പന്തില്‍ മൂന്നു ഫോറും ഒരു സിക്‌സും സഹിതം 35 റണ്‍സെടുത്ത റയാന്‍ ഖാന്‍ ടോപ് സ്‌കോററായി. ഓപ്പണര്‍ അക്ഷത് റായ് (52 പന്തില്‍ 26), എയ്ഥന്‍ ഡിസൂസ (27 പന്തില്‍ 17), ഉദ്ധിഷ് സൂരി (46 പന്തില്‍ 16) എന്നിവരാണ് ആതിഥേയരെ 137ല്‍ എത്തിച്ചത്. ഇന്ത്യയ്ക്കായി യുദ്ധജിത് ഗുര മൂന്നും ചേതന്‍ ശര്‍മ, ഹാര്‍ദിക് രാജ് എന്നിവര്‍ രണ്ടു വിക്കറ്റ് വീതവും വീഴ്ത്തി. ആയുഷ് മാത്രെ, കെ.പി. കാര്‍ത്തികേയ എന്നിവര്‍ക്ക് ഓരോ വിക്കറ്റ് ലഭിച്ചു.

Tags:    

Similar News