തകർപ്പൻ സെഞ്ചുറിയുമായി അമൻ മൊഖാതെ; ഫിഫ്റ്റിയടിച്ച് രവികുമാർ സമർത്ഥ്; വിജയ് ഹസാരെ ട്രോഫിയിൽ കരുത്തരായ കർണാടകയെ ആറ് വിക്കറ്റിന് തകർത്ത് വിദർഭ

Update: 2026-01-15 16:59 GMT

ബംഗളൂരു: വിജയ് ഹസാരെ ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിന്റെ സെമിഫൈനലിൽ കരുത്തരായ കർണാടകയെ ആറ് വിക്കറ്റിന് തകർത്ത് വിദർഭ ഫൈനലിൽ. ബംഗളൂരുവിൽ നടന്ന മത്സരത്തിൽ, 281 റൺസ് വിജയലക്ഷ്യം അമൻ മൊഖാതെയുടെ തകർപ്പൻ സെഞ്ചുറിയുടെ (138 റൺസ്) പിൻബലത്തിൽ വിദർഭ 46.2 ഓവറിൽ നാല് വിക്കറ്റ് മാത്രം നഷ്ടത്തിൽ മറികടന്നു. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ കർണാടക 50 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 280 റൺസാണ് നേടിയത്. അർദ്ധ സെഞ്ചുറികൾ നേടിയ കരുൺ നായർ (76), കൃഷ്ണൻ ശ്രീജിത്ത് (54) എന്നിവരാണ് കർണാടക ഇന്നിംഗ്സിന് നെടുന്തൂണായത്. വിദർഭയ്ക്കായി ദർശൻ നാൾകണ്ഡെ അഞ്ച് വിക്കറ്റ് വീഴ്ത്തി മികച്ച പ്രകടനം കാഴ്ചവെച്ചു.

കർണാടകയ്ക്ക് മോശം തുടക്കമായിരുന്നു. മായങ്ക് അഗർവാൾ (9), സീസണിൽ മികച്ച ഫോമിലായിരുന്ന ദേവ്ദത്ത് പടിക്കൽ (4) എന്നിവരുടെ വിക്കറ്റുകൾ 20 റൺസിനിടെ നഷ്ടമായി. പിന്നീട് കരുൺ നായർ - ധ്രുവ് പ്രഭാകർ (28) സഖ്യം 54 റൺസ് കൂട്ടിച്ചേർത്തു. കരുൺ - ശ്രീജിത്ത് സഖ്യം 97 പന്തിൽ 113 റൺസിന്റെ നിർണായക കൂട്ടുകെട്ട് പടുത്തുയർത്തി. ശ്രേയസ് ഗോപാൽ (36), അഭിനവ് മനോഹർ (26) എന്നിവരും സ്കോറിംഗിൽ സംഭാവന നൽകി.

മറുപടി ബാറ്റിംഗിൽ, വിദർഭയ്ക്ക് തുടക്കത്തിൽ അതർവ ടൈഡെയുടെ (4) വിക്കറ്റ് നഷ്ടമായി. എന്നാൽ, അമൻ മൊഖാതെ - ധ്രുവ് ഷോറെ (47) സഖ്യം രണ്ടാം വിക്കറ്റിൽ 98 റൺസ് കൂട്ടിച്ചേർത്ത് ടീമിനെ മത്സരത്തിലേക്ക് തിരികെയെത്തിച്ചു. ഷോറെ പുറത്തായെങ്കിലും, മൊഖാതെ - രവികുമാർ സമർത്ഥ് (76*) സഖ്യം നാലാം വിക്കറ്റിൽ 147 റൺസിന്റെ കൂറ്റൻ കൂട്ടുകെട്ടുണ്ടാക്കി വിജയമുറപ്പിച്ചു. 138 റൺസെടുത്ത മൊഖാതെയും, പിന്നാലെ വന്ന രോഹിത് ബിങ്കറും (11) പുറത്തായെങ്കിലും, സമർത്ഥിന്റെ നേതൃത്വത്തിൽ വിദർഭ അനായാസം വിജയത്തിലെത്തി. ഹർഷ് ദുബെ പൂജ്യത്തിന് പുറത്താവാതെ നിന്നു.

Tags:    

Similar News