ലീഡ് 400 റണ്‍സ് പിന്നിട്ടിട്ടും ബാറ്റിംഗ് തുടര്‍ന്ന് വിദര്‍ഭ; ഓള്‍ഔട്ടാക്കാനായില്ല; ഒടുവില്‍ സമനിലയ്ക്ക് കൈകൊടുത്ത് കേരളം; ഒന്നാം ഇന്നിംഗ്സ് ലീഡിന്റെ കരുത്തില്‍ രഞ്ജി കിരീടം തിരിച്ചുപിടിച്ച് വിദര്‍ഭ
രഞ്ജി കിരീടം തിരിച്ചുപിടിച്ച് വിദര്‍ഭ
നാഗ്പൂര്‍: രഞ്ജി ട്രോഫി കിരീടം വിദര്‍ഭയ്ക്ക്. ഫൈനല്‍ മത്സരത്തിന്റെ അഞ്ചാം ദിനം ലഞ്ചിന് ശേഷവും വിദര്‍ഭയെ പുറത്താക്കാനാകാതെ വന്നതോടെ ഇരു ടീമുകളും സമനിലയ്ക്കു സമ്മതിക്കുകയായിരുന്നു. മത്സരം സമനിലയില്‍ അവസാനിച്ചതോടെയാണ് വിദര്‍ഭ കിരീടം നേടിയത്. വിദര്‍ഭയുടെ മൂന്നാം രഞ്ജി കിരീടമായിരുന്നു ഇത്. അവസാന ദിവസം 143.5 ഓവറില്‍ ഒന്‍പതു വിക്കറ്റ് നഷ്ടത്തില്‍ 375 റണ്‍സെടുത്ത് വിദര്‍ഭ ബാറ്റിങ് തുടര്‍ന്നതോടെയാണ് കേരളം സമനിലയ്ക്കു സമ്മതിച്ചത്. ഇതോടെ ആദ്യ ഇന്നിങ്‌സിലെ 37 റണ്‍സ് ലീഡിന്റെ ബലത്തില്‍ വിദര്‍ഭ രഞ്ജി ട്രോഫി കിരീടം സ്വന്തമാക്കി. ആതിഥേയര്‍ക്ക് നിലവില്‍ 412 റണ്‍സിന്റെ ലീഡുണ്ട്. 72 പന്തില്‍ 32 റണ്‍സെടുത്ത് ദര്‍ശന്‍ നല്‍കണ്ടെയും യഷ് ഠാക്കൂറുമായിരുന്നു ക്രീസില്‍.
രണ്ടാം ഇന്നിംഗ്സില്‍ ഒമ്പതിന് 375 എന്ന നിലയില്‍ നില്‍ക്കെ സമനിലയ്ക്ക് ഇരു ക്യാപ്റ്റന്മാരും സമ്മതിക്കുകയായിരുന്നു. ഒന്നാം ഇന്നിംഗ്സ് ലീഡിന്റെ അടിസ്ഥാനത്തിലാണ് വിദര്‍ഭ ചാംപ്യന്മാരാകുന്നത്. സ്‌കോര്‍: വിദര്‍ഭ 379 & 375/9, കേരളം 342. കേരളം രഞ്ജി ട്രോഫി ആദ്യ കിരീടത്തിനായി ഇനിയും കാത്തിരിക്കണം. ആദ്യ ഇന്നിംഗിസില്‍ 37 റണ്‍സിന്റെ ലീഡുണ്ടായിരുന്നു അവര്‍ക്ക്. രണ്ടാം ഇന്നിംഗ്സിലെ സ്‌കോര്‍ കൂടിയായപ്പോള്‍ 412 റണ്‍സ് ലീഡായി അവര്‍ക്ക്.
അഞ്ചാം ദിനം കരുണ്‍ നായരുടെ വിക്കറ്റാണ് വിദര്‍ഭയ്ക്ക് ആദ്യം നഷ്ടമായത്. തലേ ദിവസത്തെ സ്‌കോറിനോട് മൂന്ന് റണ്‍സ് മാത്രമാണ് കരുണിന് ചേര്‍ക്കാനായത്. ആദിത്യ സര്‍വാതെയുടെ പന്തില്‍ ക്രീസ് വിട്ട് കളിക്കാനുള്ള ശ്രമത്തില്‍ വിക്കറ്റ് കീപ്പര്‍ മുഹമ്മദ് അസറുദ്ദീന്‍ സ്റ്റംപ് ചെയ്തു പുറത്താക്കി. 10 ഫോറും രണ്ട് സിക്‌സും ഉള്‍പ്പെടുന്നതാണ് കരുണിന്റെ ഇന്നിംഗ്‌സ്. കരുണ്‍ ഈ ആഭ്യന്തര സീസണില്‍ നേടുന്ന ഒമ്പതാം സെഞ്ചുറിയാണിത്. പിന്നാലെ അര്‍ഷ് ദുബെ (4), അക്ഷയ് വഡ്കര്‍ (25) എന്നിവരെ കൂടി മടക്കി കേരളം വേഗത്തില്‍ മൂന്ന് വിക്കറ്റുകള്‍ നേടി. എന്നാല്‍ അക്ഷയ് കര്‍നെവാര്‍ (30) ദര്‍ശന്‍ നാല്‍കണ്ഡെ (51*) സഖ്യത്തിന്റെ ചെറുത്ത് നില്‍പ്പ് അവരുടെ ലീഡ് 350 കടത്തി. 48 റണ്‍സാണ് ഇരുവരും കൂട്ടിചേര്‍ത്തത്.
കര്‍നെവാറിനെ പുറത്താക്കി എന്‍ ബേസില്‍ കേരളത്തിന് ബ്രേക്ക് ത്രൂ നല്‍കി. തുടര്‍ന്നെത്തിയ നചികേത് ഭുതെ (3) സര്‍വാതെയുടെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയും ചെയ്തു. പിന്നാലെ അവസാന വിക്കറ്റില്‍ യഷ് താക്കൂറിനെ കൂട്ടുപിടിച്ച് നാല്‍കണ്ഡെ വിദര്‍ഭയുടെ ലീഡ് 400ന് അപ്പുറമെത്തിച്ചു.
കരുണിന്റെ സെഞ്ചുറി, കേരളത്തിന് മുന്നില്‍ വന്‍മതില്‍
പ്രതീക്ഷ നല്‍കുന്ന തുടക്കമാണു നാലാം ദിനം രാവിലെ കേരളത്തിനു ലഭിച്ചത്. ടേണുള്ള പിച്ചില്‍ രണ്ടാം ഓവര്‍ എറിയാനെത്തിയ ജലജ് സക്‌സേനയുടെ ആദ്യ പന്തില്‍ തന്നെ പാര്‍ഥ് രഖഡെയുടെ കുറ്റി തെറിച്ചു. കുത്തിത്തിരിയാതെ ഉയര്‍ന്നുപൊന്തിയ ഡിപ് ബോളില്‍ രഖഡെയുടെ പ്രതിരോധമതില്‍ വിണ്ടു. ബാറ്റിനും പാഡിനുമിടയിലൂടെ പന്ത് സ്റ്റംപെടുത്തു.തൊട്ടടുത്ത ഓവറില്‍ രണ്ടാം ആനന്ദമെത്തി. ഓഫ് സ്റ്റംപിനു പുറത്ത് എം.ഡി.നിധീഷിന്റെ ഫുള്‍ ലെങ്ത് ബോളില്‍ ഓഫ് ഡ്രൈവിനു ശ്രമിച്ച ധ്രുവ് ഷോറിയുടെ ബാറ്റില്‍ത്തട്ടി ഒന്നാം സ്‌ലിപ്പിലേക്കു പന്ത് തെറിച്ചു. വിക്കറ്റ് കീപ്പര്‍ മുഹമ്മദ് അസ്ഹറുദ്ദീന്‍ മുഴുനീള ഡൈവിലൂടെ പന്ത് ഗ്ലൗസിലൊതുക്കി. വിദര്‍ഭ രണ്ടു വിക്കറ്റിന് 7 റണ്‍സെന്ന നിലയില്‍. ഒന്നാം ഇന്നിങ്‌സില്‍ സമാന സ്ഥിതിയില്‍ വീണുപോയ വിദര്‍ഭയെ രക്ഷിച്ച കരുണ്‍ നായരും ഡാനിഷ് മലേവറും ക്രീസില്‍ ഒന്നിച്ചത് അപ്പോഴാണ്. എല്ലാം അനുകൂലമെന്ന ആത്മവിശ്വാസമുണ്ടായിരുന്നതിനാല്‍ കേരളം കുലുങ്ങിയില്ല. അടുത്ത ഓവറില്‍ മലേവറിനെതിരെ ജലജിന്റെ എല്‍ബിഡബ്ല്യു അപ്പീല്‍. അംപയര്‍ ഔട്ട് വിളിച്ചെങ്കിലും റിവ്യൂവില്‍ നിരസിക്കപ്പെട്ടു.
കേരളത്തിന്റെ ദൗര്‍ഭാഗ്യ പരമ്പരയുടെ തുടക്കം അതായിരുന്നു. മലേവര്‍ വീണ്ടും എല്‍ബിഡബ്ല്യുവില്‍ കുടുങ്ങിയെങ്കിലും വീണ്ടും റിവ്യൂവില്‍ നിരസിക്കപ്പെട്ടു. കരുണ്‍ നായരുടെ ക്യാച്ച് സ്‌ലിപ്പില്‍ അക്ഷയ് ചന്ദ്രനു കയ്യിലൊതുക്കാനായില്ല. പിച്ചില്‍നിന്നു സ്പിന്നര്‍മാര്‍ക്കു ലഭിച്ചിരുന്ന ആനുകൂല്യങ്ങള്‍ സ്വിച്ചിട്ട പോലെ ഇല്ലാതായി. പന്തെറിഞ്ഞ ശേഷമുള്ള ഫോളോത്രൂ സമയത്തു പിച്ചിനു നടുവിലെ 'ഡേഞ്ചര്‍ ഏരിയ'യില്‍ കൂടി ഓടിയതിനു ബേസിലിനും നിധീഷിനും അംപയറുടെ അന്തിമ താക്കീതു ലഭിച്ചു.വരണ്ടു മരുഭൂമിയായ പിച്ചില്‍ ബാറ്റര്‍മാര്‍ക്കു മാത്രം മരുപ്പച്ച തെളിഞ്ഞു. ക്യാപ്റ്റന്‍ സച്ചിന്‍ ബേബി 6 ബോളര്‍മാരെ മാറിമാറി പരീക്ഷിച്ചിട്ടും മലേവര്‍ കരുണ്‍ കൂട്ടുകെട്ടു പൊളിക്കാനായില്ല. ആദ്യ ഇന്നിങ്‌സില്‍ കണ്ടതുപോലെ ഓവറിലൊരു ബൗണ്ടറി എന്ന നിലയില്‍ സമാധാനപരമായി ഇരുവരും സ്‌കോര്‍ ബോര്‍ഡ് ചലിപ്പിച്ചു. അമിത പ്രതിരോധത്തിലേക്കും സമ്മര്‍ദത്തിലേക്കും കേരളം വീണു. തുടര്‍ച്ചയായി സ്‌ലിപ്പില്‍ ഫീല്‍ഡറില്ലാതെയായി. വിക്കറ്റ് വീഴ്ത്തലെന്ന പ്രതീക്ഷ മങ്ങിയ മട്ടിലായി. കരുണ്‍ അര്‍ധ സെഞ്ചറി തികച്ചതിനു പിന്നാലെ വിദര്‍ഭയുടെ സ്‌കോര്‍ 100 കടന്നു.
കഴിഞ്ഞ ഇന്നിങ്‌സില്‍ റണ്ണൗട്ടായി സെഞ്ചറി നഷ്ടപ്പെട്ട കരുണിന് ഇത്തവണ പിഴച്ചില്ല. ജലജിന്റെ പന്ത് മിഡ്‌വിക്കറ്റിലേക്കു തിരിച്ചുവിട്ടു നേടിയ സിംഗിളിലൂടെ സെഞ്ചറി തികച്ചു. 2 വിക്കറ്റിനു 189 റണ്‍സ് എന്ന ശക്തമായ നില. 9 പന്തുകള്‍ക്കു ശേഷം മലേവര്‍ 73 റണ്‍സില്‍ അക്ഷയിന്റെ പന്തില്‍ പുറത്തായെങ്കിലും വിദര്‍ഭ ക്യാംപില്‍ ആശങ്കയുണ്ടായില്ല. പകരമെത്തിയ യഷ് റാത്തോഡ് 24 റണ്‍സ് നേടിയെങ്കിലും സര്‍വതെയുടെ പന്തില്‍ എല്‍ബിഡബ്ല്യു. അക്ഷയ് വാഡ്കറും കരുണും ചേര്‍ന്നു കൂടുതല്‍ വിക്കറ്റ് നഷ്ടമില്ലാതെ നാലാം ദിനം പൂര്‍ത്തിയാക്കി. സ്പിന്നര്‍മാരുടെ പറുദീസയാകുമെന്നു വിലയിരുത്തപ്പെട്ടെങ്കിലും പിച്ച് പൂര്‍ണമായും ബാറ്റര്‍മാര്‍ക്ക് അനുകൂലമായതാണു കളി തിരിച്ചത്. നിധീഷ്, ജലജ്, സര്‍വതെ, അക്ഷയ് എന്നിവര്‍ കേരളത്തിനായി ഓരോ വിക്കറ്റ് വീതം വീഴ്ത്തി.