ചേസ് മാസ്റ്റര്‍ റീലോഡഡ്! ദുബായില്‍ തകര്‍പ്പന്‍ സെഞ്ച്വറിയുമായി കിംഗ് കോലിയുടെ വിളയാട്ടം; അര്‍ദ്ധ സെഞ്ച്വറിയുമായി തിളങ്ങി ശ്രേയസ് അയ്യരും; തകര്‍ന്നടിഞ്ഞു പാക്കിസ്താന്‍; ചാമ്പ്യന്‍സ് ട്രോഫിയിലെ എല്‍ ക്ലാസിക്കോയില്‍ ഇന്ത്യക്ക് ആറ് വിക്കറ്റിന്റെ ഉജ്ജ്വല വിജയം; തോല്‍വിയോടെ പുറത്താകല്‍ ഭീഷണിയില്‍ പാക്കിസ്ഥാന്‍

മാസ്റ്റര്‍ ഓഫ് ദി ചേസ്..! സെഞ്ച്വറിയുമായി കിംഗ് കോലിയുടെ വിളയാട്ടത്തില്‍ വീണ് പാക്കിസ്താന്‍

Update: 2025-02-23 16:22 GMT

ദുബായ്: വിരാട് കോലി വീണ്ടും സെഞ്ച്വറിയുമായി അവതരിപ്പിച്ചപ്പോള്‍ പാക്കിസ്ഥാനെതിരെ ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യക്ക് ഉജ്ജ്വല വിജയം. ഐസിസി ടൂര്‍ണമെന്റിലെ എല്‍ ക്ലാസിക്കോ എന്ന വിശേഷണമുണ്ടായിരുന്ന മത്സരത്തില്‍ ഇന്ത്യക്കൊപ്പം തന്നെ വിജയം നിന്നു. ആറ് വിക്കറ്റിനാണ് ഇന്ത്യ വിജയിച്ചത.് വിരാട് കോലി 100 റണ്‍സുമായി പുറത്താകാതെ നിന്നു. 111 പന്തുകളിലാണ് കോലി സെഞ്ച്വറി നേടിയത്. താരത്തിന്റെ ഏകദിന കരിയറിലെ 51ാം സെഞ്ച്വറിയാണിത്.

പാകിസ്താനെതിരെ അനായാസ ജയവുമായി ഇന്ത്യ സെമിക്കരികെ എത്തിയിട്ടുണ്ട്. പാകിസ്താന്റെ 241 റണ്‍സ് പിന്തുടര്‍ന്ന ഇന്ത്യ നാലു വിക്കറ്റ് നഷ്ടത്തില്‍ 45 പന്തുകള്‍ ബാക്കി നില്‍ക്കെ ലക്ഷ്യത്തിലെത്തി. ജയത്തോടെ ഇന്ത്യ സെമിക്കരികിലെത്തി. ആതിഥേയരായ പാകിസ്താന്റെ സെമി പ്രതീക്ഷകള്‍ക്ക് തോല്‍വി തിരിച്ചടിയായി. സ്‌കോര്‍: പാകിസ്താന്‍ 49.4 ഓവറില്‍ 241 റണ്‍സിന് ഓള്‍ ഔട്ട്. ഇന്ത്യ 42.3 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 244.

ശ്രേയസ് അയ്യര്‍ അര്‍ധ സെഞ്ച്വറി നേടി. 67 പന്തില്‍ ഒരു സിക്‌സും അഞ്ചു ഫോറുമടക്കം 56 റണ്‍സെടുത്താണ് താരം പുറത്തായത്. കഴിഞ്ഞ മത്സരത്തില്‍ സെഞ്ച്വറി നേടിയ ശുഭ്മന്‍ ഗില്‍ 52 പന്തില്‍ 46 റണ്‍സെടുത്ത് പുറത്തായി. ഓപ്പണര്‍മാണ് ഇന്ത്യക്ക് മികച്ച തുടക്കം നല്‍കിയത്. ക്യാപ്ടന്‍ രോഹിത് ശര്‍മ്മ 20 റണ്‍സെടുത്തു പുറത്തായി. തുടര്‍ന്ന് എത്തിയ കോലി ഗില്ലിനൊപ്പം കളം പിടിക്കുകയായിരുന്നു.


 



മികച്ച രീതിയില്‍ കളിച്ച ഗില്‍ അബ്രാര്‍ അഹ്‌മദിന്റെ പന്തില്‍ ബൗള്‍ഡായാണ് താരം മടങ്ങിയത്. മൂന്നാം വിക്കറ്റില്‍ കോഹ്ലിയും ശ്രേയസ് അയ്യരും ചേര്‍ന്ന് പടുത്തുയര്‍ത്തിയ സെഞ്ച്വറി കൂട്ടുകെട്ടാണ് ഇന്ത്യന്‍ വിജയം അനായാസമാക്കിയത്. 111 പന്തില്‍ 100 റണ്‍സെടുത്താണ് കൂട്ടുകെട്ട് പിരിഞ്ഞത്. കുഷ്ദില്‍ ഷായുടെ പന്തില്‍ ഇമാമുല്‍ ഹഖിന് ക്യാച്ച് നല്‍കി ശ്രേയസ്സ് പുറത്താകുമ്പോള്‍ ടീം സ്‌കോര്‍ 214ല്‍ എത്തിയിരുന്നു.

പിന്നാലെ ക്രീസിലെത്തിയ ഹാര്‍ദിക് പാണ്ഡ്യ ആറു പന്തില്‍ എട്ടു റണ്‍സുമായി മടങ്ങി. ഷഹീല്‍ അഫ്രീദിയുടെ പന്തില്‍ വിക്കറ്റ് കീപ്പര്‍ റിസ്വന് ക്യാച്ച് നല്‍കിയാണ് പുറത്തായത്. അക്സര്‍ പട്ടേല്‍ 3 റണ്‍സ് നേടി പുറത്താകാതെ നിന്നു.ആദ്യ മത്സരത്തില്‍ ന്യൂസിലാന്‍ഡിനോടും തോല്‍വി വഴങ്ങിയ നിലവിലെ ചാമ്പ്യന്‍മാരായ പാകിസ്ഥാന്റെ നില പരുങ്ങലിലായി. ഗ്രൂപ്പ് ഘട്ടത്തില്‍ ഇനി ബംഗ്ലാദേശുമായുള്ള മത്സരം മാത്രമാണ് ആതിഥേയര്‍ക്ക് അവശേഷിക്കുന്നത്. തിങ്കളാഴ്ച ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ മികച്ച ഫോമിലുള്ള ന്യൂസിലാന്‍ഡ് വിജയിച്ചാല്‍ പാകിസ്ഥാന്‍ ടൂര്‍ണമെന്റില്‍ നിന്ന് പുറത്താകും. 29 വര്‍ഷങ്ങള്‍ക്ക് ശേഷം സ്വന്തം നാട്ടില്‍ നടക്കുന്ന ഐസിസി ടൂര്‍ണമെന്റില്‍ ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ പുറത്താകുന്നുവെന്ന നാണക്കേടാണ് പാകിസ്ഥാനെ തുറിച്ച് നോക്കുന്നത്.

നേരത്തെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന്‍ 151ന് രണ്ട് എന്ന ശക്തമായ നിലയില്‍ നിന്നാണ് 241 റണ്‍സ് നേടുന്നതിനിടെ എല്ലാവരും പുറത്തായത്. ഓപ്പണര്‍മാരായ ഇമാം ഉള്‍ ഹഖ് 10(26), ബാബര്‍ അസം 23(26) എന്നിവര്‍ പുറത്തായതിന് പിന്നാലെ മൂന്നാം വിക്കറ്റില്‍ സൗദ് ഷക്കീല്‍ 62(76) ക്യാപ്റ്റന്‍ മുഹമ്മദ് റിസ്വാന്‍ 46(77) സഖ്യം രക്ഷാപ്രവര്‍ത്തനം ഏറ്റെടുത്തു.ഇരുവരും ചേര്‍ന്നുള്ള 104 റണ്‍സ് കൂട്ടുകെട്ട് പാക് ആരാധകര്‍ക്ക് പ്രതീക്ഷ നല്‍കി. എന്നാല്‍ വെറും ഒമ്പത് റണ്‍സിന്റെ വ്യത്യാസത്തില്‍ ഇരുവരും മടങ്ങിയത് ഇന്നിംഗ്‌സിന്റെ താളം തെറ്റിച്ചു. പിന്നീട് വന്നവരില്‍ ഖുഷ്ദില്‍ ഷാ 38(39) മാത്രമാണ് പിടിച്ചുനിന്നത്. സല്‍മാന്‍ അലി ആഗ 19(24), തയ്യബ് താഹിര്‍ 4(6), ഷഹീന്‍ ഷാ അഫ്രീദി 0(1) എന്നിവര്‍ക്ക് പിടിച്ചുനില്‍ക്കാന്‍ സാധിച്ചില്ല. നസീം ഷാ 14(16) റണ്‍സും, ഹാരിസ് റൗഫ് 8(7) റണ്‍സും നേടിയപ്പോള്‍ റണ്ണൊന്നുമെടുക്കാതെ സ്പിന്നര്‍ അബ്രാര്‍ അഹമ്മദ് പുറത്താകാതെ നിന്നു.


 



മത്സരത്തില്‍ കോലി അപൂര്‍വ നാഴികക്കല്ല് പിന്നിട്ടു. ഏകദിന ക്രിക്കറ്റില്‍ 14,000 റണ്‍സ് ക്ലബിലെത്തുന്ന മൂന്നാമത്തെ താരമായി. അതിവേഗം 14,000 റണ്‍സ് നേടുന്ന ലോക റെക്കോഡും കോഹ്ലി സ്വന്തമാക്കി. ഇതിഹാസം സചിന്‍ ടെണ്ടുല്‍ക്കറെയാണ് താരം മറികടന്നത്. 15 റണ്‍സ് നേടിയതോടെയാണ് താരം ചരിത്ര നേട്ടത്തിലെത്തിയത്. ശ്രീലങ്കന്‍ മുന്‍ താരം കുമാര്‍ സംഗക്കാരയാണ് 14,000 റണ്‍സ് നേടിയ മറ്റൊരു താരം. 287 ഇന്നിങ്‌സുകളിലാണ് കോഹ്ലി ഏകദിനത്തില്‍ 14,000 റണ്‍സിലെത്തിയത്. സചിന്‍ 350 ഇന്നിങ്‌സുകളെടുത്തു. സംഗക്കാരക്ക് 14000 റണ്‍സിലെത്താന്‍ 478 ഇന്നിങ്‌സുകള്‍ വേണ്ടിവന്നു.

Tags:    

Similar News