കോഹ്‌ലിയുടെ വളര്‍ച്ചയിലെ പ്രധാനി; ഡല്‍ഹിക്കെതിരെ അര്‍ധ സെഞ്ചുറി; മത്സര ജയത്തിന് ശേഷം ബാല്യകാല പരിശീലകന്റെ കാല്‍തൊട്ട് വണങ്ങി കോഹ്‌ലി

Update: 2025-04-28 14:00 GMT

ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ ഐപിഎല്‍ മത്സരത്തില്‍ വിജയം നേടിയ ശേഷം, തന്റെ ബാല്യകാല പരിശീലകന്‍ രാജ്കുമാര്‍ ശര്‍മയുടെ കാല്‍തൊട്ട് വണങ്ങി ആര്‍സിബി താരം വിരാട് കോഹ്‌ലി. ദ്രോണാചാര്യ പുരസ്‌കാര ജേതാവും കോഹ്‌ലിയുടെ വളര്‍ച്ചയിലെ പ്രധാന ഗുരുവുമായ രാജ്കുമാര്‍ ശര്‍മയോടൊപ്പം ഡല്‍ഹി അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ ഉണ്ടായിരുന്ന ഊഷ്മള കണ്ടുമുട്ടലാണ് സ്പോര്‍ട്സ് ലോകത്തെ ആകര്‍ഷിച്ചത്.

ഡല്‍ഹിക്കെതിരായ മത്സരത്തില്‍ 47 പന്തില്‍ നിന്ന് 51 റണ്‍സെടുത്ത കോലിയുടെ ആങ്കറിങ് ഇന്നിങ്‌സ് ആര്‍സിബിയുടെ വിജയത്തിന് നിര്‍ണായകമായി. മത്സര ജയത്തിന് ശേഷമാണ് ഇരുവരും കണ്ട് മുട്ടിയത്. കണ്ടപ്പോള്‍ തന്നെ കോഹ്‌ലി അദ്ദേഹത്തിന്റെ കാല്‍തൊട്ട് വന്ദിക്കുകയായിരുന്നു. തുടര്‍ന്ന് രാജ്കുമാര്‍ ശര്‍മ കോഹ്‌ലിയുടെ വയറ്റില്‍ തമാശയായി ഇടുകയും ചെയ്തു.

ഡല്‍ഹി സ്വദേശിയായ കോഹ്‌ലി ഇവിടെ ഓരോ തവണയും കളിക്കുമ്പോള്‍ നഗരവാസികളില്‍ വലിയ ആവേശമാണ് നിറയുന്നത്. അടുത്തിടെ 13 വര്‍ഷത്തിനു ശേഷം ഡല്‍ഹിക്കായി രഞ്ജി ട്രോഫി കളിക്കാനെത്തിയപ്പോഴും ആരാധകരുടെ അതിപ്രതീക്ഷയും സ്നേഹവും വ്യക്തമായിരുന്നു.

Tags:    

Similar News