ഐപിഎല്‍ മത്സരങ്ങള്‍ പുനരാരംഭിക്കാനുള്ള നടപടികളുമായി ബിസിസിഐ; ഐപിഎല്‍ ടീമുകളോട് ചൊവ്വാഴ്ചയ്ക്കകം ഹോം ഗ്രൗണ്ടില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ നിര്‍ദ്ദേശം; മെയ് 25ന് മുന്‍പ് ടൂര്‍ണമെന്റ് പൂര്‍ത്തിയാക്കാനുള്ള ശ്രമം

Update: 2025-05-11 10:17 GMT

മുംബൈ: ഇന്ത്യ-പാകിസ്താന്‍ തമ്മിലുള്ള വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തിന് പിന്നാലെ ഐപിഎല്‍ മത്സരങ്ങള്‍ പുനരാരംഭിക്കാനുള്ള നടപടികളുമായി ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് (ബിസിസിഐ). താത്കാലികമായി നിര്‍ത്തിവെച്ച ഐപിഎല്‍ മത്സരങ്ങള്‍ ഉടന്‍ തുടരുമെന്ന സൂചനകളോടെയാണ് ബോര്‍ഡ് നടപടികള്‍ സ്വീകരിക്കുന്നത്.

പഞ്ചാബ് കിങ്‌സ് ഒഴികെയുള്ള എല്ലാ ഫ്രാഞ്ചൈസികളുടെയും ടീമുകള്‍ ചൊവ്വാഴ്ചയ്ക്കകം തങ്ങളുടെ ഹോംഗ്രൗണ്ടുകളില്‍ എത്തിച്ചേരണമെന്ന് ബിസിസിഐ ആവശ്യപ്പെട്ടതായി ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. പുതിയ ഷെഡ്യൂള്‍ തയ്യാറാക്കി മെയ് 25ന് മുന്‍പ് ടൂര്‍ണമെന്റ് പൂര്‍ത്തിയാക്കാനുള്ള ശ്രമത്തിലാണ് ബോര്‍ഡ്.

പാകിസ്താനുമായുള്ള അതിര്‍ത്തി സംഘര്‍ഷം മൂലം ഐപിഎല്‍ മത്സരങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിയിരുന്നു. നിരവധി വിദേശ താരങ്ങളും സപ്പോര്‍ട്ട് സ്റ്റാഫും തിരിച്ചുപോയതോടെ ടൂര്‍ണമെന്റ് അനിശ്ചിതത്വത്തിലായിരുന്നുവെങ്കിലും, ഇപ്പോഴത്തെ സാഹചര്യം ഗുണം ചെയ്തതോടെ മത്സരങ്ങള്‍ പുനരാരംഭിക്കാനായി ബിസിസിഐ മുന്നോട്ട് പോവുകയാണ്. വിദേശ താരങ്ങളുടെ യാത്രാ ക്രമീകരണങ്ങള്‍ സംബന്ധിച്ച വിവരങ്ങളും ഫ്രാഞ്ചൈസികളോട് ശേഖരിച്ചിട്ടുണ്ട്.

പഞ്ചാബ് കിങ്‌സിന് പുതിയ ഹോംഗ്രൗണ്ടായി നിഷ്പക്ഷ വേദി നിര്‍ണയിക്കേണ്ടതുണ്ടെന്നും അത് ഉടന്‍ പ്രഖ്യാപിക്കപ്പെടുമെന്നാണ് സൂചന. പ്ലേ ഓഫുകള്‍ അടക്കം 16 മത്സരങ്ങളാണ് 2025 സീസണില്‍ ഇനി നടക്കേണ്ടത്. പുനര്‍നിശ്ചയിച്ച സമയത്ത് തന്നെ ടൂര്‍ണമെന്റ് പൂര്‍ത്തിയാക്കാനുള്ള കൃത്യമായ പദ്ധതിയോടെയാണ് ബോര്‍ഡ് മുന്നോട്ടുപോകുന്നത്. ഐപിഎല്‍ ചെയര്‍മാന്‍ അരുണ്‍ ധുമലിന്റെ നേതൃത്വത്തിലാണ് പുനരാരംഭ നടപടികള്‍ വേഗത്തില്‍ നടക്കുന്നത്.

Tags:    

Similar News