മത്സരത്തിനിടെ രാഹുലിന് സമീപം ചെന്ന് രോഷത്തോടെ സംസാരം; തിരികെ രാഹുലും സംസാരിച്ചതോടെ രണ്ട്‌പേര്‍ തമ്മില്‍ വാക്കേറ്റം; മത്സരത്തിനിടെ പരസ്പരം കൊമ്പുകോര്‍ത്ത് താരങ്ങള്‍: കാരണം എന്തെന്ന് വ്യക്തമല്ല; കളി അവസാനിച്ചപ്പോള്‍ വീണ്ടും സൗഹൃദത്തില്‍: വീഡിയോ

Update: 2025-04-28 07:44 GMT

ഐ.പി.എല്‍ പോരാട്ടത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന്റെയും റോയല്‍ ചാലഞ്ചേഴ്സ് ബംഗളൂരുവിന്റെും തമ്മിലുള്ള മത്സരത്തിനിടെ ഇന്ത്യന്‍ സൂപ്പര്‍താരങ്ങളായ വിരാട് കോഹ് ലിയും കെ.എല്‍. രാഹുലും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. വിരാട് ബാറ്റിങ്ങിനിടെ വിക്കറ്റ് കീപ്പറായ രാഹുലിന് സമീപം ചെന്നു രോഷത്തോടെ സംസാരിക്കുകയായിരുന്നു. എന്നാല്‍ രാഹുലും തിരികെ സംസാരിക്കാന്‍ തുടങ്ങിയതോടെ സംഭവം സംഘര്‍ഷത്തിലേക്ക് വഴിമാറുകയായിരുന്നു.

എന്നാല്‍ എന്തിനാണ് ഇരുവരും തമ്മില്‍ വാക്കേറ്റം ഉണ്ടായതെന്ന് വ്യക്തമില്ല. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയും ചെയ്തു. എന്നാല്‍ മത്സരം കഴിഞ്ഞ് ഇരുവരും വീണ്ടും സൗഹൃദത്തിലാകുന്നതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിലൂടെ പുറത്ത് വന്നിട്ടുണ്ട്.

അതേസമയം മത്സരത്തില്‍ ബംഗളൂരു ആറ് വിക്കറ്റിന്റെ ജയം സ്വന്തമാക്കി. വിരാട് കോഹ്ലിയുടെയും (51) ക്രുനാല്‍ പാണ്ഡ്യയുടെയും (73*) ചെറുത്തുനില്‍പ്പാണ് ബംഗളൂരുവിനെ അനായാസം വിജയത്തിലെത്തിച്ചത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റുചെയ്ത ആതിഥേയര്‍ നിശ്ചിത 20 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 162 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ബംഗളൂരു 18.3 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു.

താരതമ്യേന കുറഞ്ഞ വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ബംഗളൂരുവിന്റെ തുടക്കം പിഴക്കുകയായിരുന്നു. 12 റണ്‍സെടുത്ത് ഓപണര്‍ ജേക്കബ് ബെതെലും റണ്‍സൊന്നും എടുക്കാതെ ദേവ് ദത്ത് പടിക്കലും ആറ് റണ്‍സെടുത്ത് രജത് പാട്ടിധാറും വീണതോടെ ഒരു ഘട്ടത്തില്‍ മൂന്നിന് 26 റണ്‍സ് എന്ന നിലയിലായിരുന്നു. എന്നാല്‍ വിരാട് കോഹ് ലിക്കൊപ്പം നിലയുറപ്പിച്ച ക്രുനാല്‍ പാണ്ഡ്യ ലക്ഷ്യം പൂര്‍ത്തിയാകുംവരെ ക്രീസിലുണ്ടായിരുന്നു. ജയിക്കാന്‍ 18 റണ്‍സുള്ളപ്പോഴാണ് വിരാട് കോഹ് ലി പുറത്താവുന്നത്.

തുടര്‍ന്ന് ക്രീസിലെത്തിയ ടിം ഡേവിഡ് അഞ്ച് പന്തില്‍ കളി അവസാനിപ്പിച്ചു. അഞ്ച് പന്തില്‍ 19 റണ്‍സാണ് ഡേവിഡ് നേടിയത്. 47 പന്തില്‍ നാല് സിക്സും അഞ്ചു ഫോറും ഉള്‍പ്പെടെ 73 റണ്‍സെടുത്ത് ക്രുനാല്‍ പാണ്ഡ്യ പുറത്താവാതെ നിന്നു. നേരത്തെ, മൂന്ന് വിക്കറ്റ് വീഴ്ത്തിയ ഭുവനേശ്വര്‍ കുമാറിന്റെ മികച്ച ബൗളിങ്ങാണ് ഡല്‍ഹിയെ 162 റണ്‍സിലൊതുക്കിയത്. 41 റണ്‍സെടുത്ത കെ.എല്‍.രാഹുലാണ് ടോപ് സ്‌കോറര്‍.

അഭിഷേക് പൊരേല്‍ (28), ഫാഫ് ഡുപ്ലിസിസ് (22), അക്ഷര്‍ പട്ടേല്‍ (15) വിപ്രജ് നിഗം (12) റണ്‍സെടുത്ത് പുറത്തായി. കരുണ്‍ നായരും (4) അശുദോശ് ശര്‍മയും(2) നിരാശപ്പെടുത്തി. ജോഷ് ഹസല്‍വുഡ് രണ്ടുവിക്കറ്റ് വീഴ്ത്തി.

Tags:    

Similar News