പരിശീലനം നടത്തി സഞ്ജു സാംസണ്‍; ഗുജറാത്തിനെതിരെ കളിക്കുക ഇംപാക്ട് പ്ലെയറായി? ഇന്ന് തോറ്റാല്‍ പ്ലേ ഓഫില്‍ നിന്ന് ടീം പുറത്ത്; രാജസ്ഥാന് നെഞ്ചിടിപ്പ്
ജയ്പൂര്‍: ഐപിഎല്‍ ഇന്ന് നടക്കുന്ന രാജസ്ഥാന്‍ റോയല്‍സ്-ഗുജറാത്ത് ടൈറ്റന്‍സ് ഏറ്റുമുട്ടലില്‍ മലയാളി താരം സഞ്ജു സാംസണ്‍ കളിക്കില്ലെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം പരിശീലനത്തിന് ഇറങ്ങിയെങ്കിലും പരിക്ക് ഭേദമാകാത്തതിനാല്‍ കളിക്കാന്‍ സാധ്യത കുറവാണെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. താരത്തിന് പൂര്‍ണഫിറ്റന്‌സില്ലെന്നാണ് ലഭ്യമാകുന്ന വിവരം.
സവായ് മാന്‍ സിങ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തിന് മുന്നോടിയായി ഞായറാഴ്ച സഞ്ജു പരിശീലനത്തിലുണ്ടായിരുന്നെങ്കിലും ഇന്ന് കളിക്കില്ലെന്നാണ് അറിയാന്‍ കഴിയുന്ന വിവരം. കളിച്ചാലും ഇംപാക്ട് പ്ലേയറായി മാത്രമായിരിക്കും സഞ്ജുവിന്റെ ഇടപെടല്‍. സഞ്ജു ഇന്ന് മത്സരത്തിന് ഇറങ്ങിയില്ലെങ്കില്‍ റിയാന്‍ പരാഗ് രാജസ്ഥാന്‍ റോയല്‍സിനെ നയിക്കാന്‍ സാധ്യതയുണ്ട്. ഏപ്രില്‍ 16ന് ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തിലാണ് സഞ്ജുവിന് പരിക്കേറ്റത്. ഈ സീസണില്‍ ഏഴു മത്സരങ്ങളില്‍ നിന്നും 224 റണ്‍സ് നേടിയിട്ടുണ്ട്.
പ്ലേ ഓഫ് പ്രതീക്ഷകള്‍ അവസാനിച്ചതിനാല്‍, റോയല്‍സിന് ഇനി സാങ്കേതികമായ സാധ്യത മാത്രമാണ് ബാക്കിയുള്ളത്. ഇന്ന് തോല്‍വി വഴങ്ങിയാല്‍ ആ പ്രതീക്ഷയും അവസാനിക്കും. പോയിന്റ് പട്ടികയിലെ ഒന്‍പതാം സ്ഥാനക്കാരാണ് രാജസ്ഥാന്‍. ഒന്‍പതു മത്സരങ്ങള്‍ കളിച്ചപ്പോള്‍ ഏഴും തോറ്റ രാജസ്ഥാന് നാലു പോയിന്റു മാത്രമാണുള്ളത്.