വിജയ് ഹസാരെയില്‍ അഞ്ച് സെഞ്ചുറി അടക്കം 752 റണ്‍സ് ശരാശരിയുമായി കരുണ്‍ നായര്‍; 619 റണ്‍സടിച്ച് രണ്ടാമത്തെ ടോപ് സ്‌കോററായ മായങ്ക്; മിന്നുന്ന ഫോമില്‍ ദേവ്ദത്ത് പടിക്കല്‍; ആഭ്യന്തര ക്രിക്കറ്റില്‍ തിളങ്ങിയിട്ടും വാതില്‍ തുറക്കാതെ ഇന്ത്യന്‍ ടീം; 'എല്ലാവരെയും ഉള്‍പ്പെടുത്താനാവില്ല' എന്ന് അജിത് അഗാര്‍ക്കറിന്റെ പ്രതികരണം 'ഇഷ്ടക്കാരെ' സംരക്ഷിക്കാന്‍
'എല്ലാവരെയും ഉള്‍പ്പെടുത്താനാവില്ല' എന്ന് അജിത് അഗാര്‍ക്കറിന്റെ പ്രതികരണം 'പ്രമുഖരെ' സംരക്ഷിക്കാന്‍
മുംബൈ: ഒരാഴ്ചയിലേറെ നീണ്ട കാത്തിരിപ്പിനും സസ്‌പെന്‍സിനുമൊടുവില്‍ ചാമ്പ്യന്‍സ് ട്രോഫിക്കുള്ള 15 അംഗ ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ ക്രിക്കറ്റിനെ നെഞ്ചേറ്റുന്ന ആരാധകര്‍ യഥാര്‍ത്ഥത്തില്‍ നിരാശയിലാണ്. ടീമില്‍ ഇടംപിടിച്ചതില്‍ ഏറെയും നിലവില്‍ മോശം ഫോമില്‍ കളിക്കുന്ന, ഒട്ടേറെ പഴികളും വിമര്‍ശനങ്ങളും ഏറ്റുവാങ്ങിയ താരങ്ങളാണ് എന്നതായിരുന്നു ആ നിരാശയ്ക്ക് കാരണം. ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ ടെസ്റ്റ് പരമ്പരയില്‍ മോശം പ്രകടനത്തിന്റെ പേരില്‍ ടീമില്‍ നിന്നും മാറ്റി നിര്‍ത്തപ്പെട്ട ശുഭ്മാന്‍ ഗില്ലും നായകന്‍ രോഹിത് ശര്‍മയുമടക്കം ടീമില്‍ ഇടംപിടിച്ചപ്പോള്‍ ആഭ്യന്തര ക്രിക്കറ്റില്‍ മിന്നുന്ന ഫോമില്‍ കളിക്കുന്ന ഒന്നിലേറെ യുവതാരങ്ങള്‍ക്കാണ് അവസരം നിഷേധിച്ചത്.
വിജയ് ഹസാരെ ട്രോഫിയില്‍ വിദര്‍ഭയെ ഫൈനല്‍ വരെ എത്തിച്ച വിസ്മയ പ്രകടനം നടത്തിയ മലയാളി താരം കരുണ്‍ നായരെയും കര്‍ണാടകക്കായി തിളങ്ങിയ ദേവദ്ത്ത് പടിക്കലിനെയും റണ്‍വേട്ടയില്‍ രണ്ടാമനായ മായങ്ക് അഗര്‍വാളിനെയും ചാമ്പ്യന്‍സ് ട്രോഫി ടീമിലേക്ക് പരിഗണിക്കാതിരുന്നത് ആരാധകരെയും അമ്പരപ്പിച്ചു. ഓസ്‌ട്രേലിയയില്‍ നിരാശപ്പെടുത്തിയിട്ടും ശുഭ്മാന്‍ ഗില്ലിനെ വൈസ് ക്യാപ്റ്റനായി സെലക്ടര്‍മാര്‍ നിലനിര്‍ത്തിയപ്പോള്‍ കരുണ്‍ നായരെ ടീമിലെടുക്കാതിരുന്നത് അപ്രതീക്ഷിതമായിരുന്നു. ശുഭ്മാന്‍ ഗില്ലിന് വീണ്ടും അവസരം നല്‍കി എന്നത് മാത്രമല്ല വൈസ് ക്യാപ്റ്റന്‍ സ്ഥാനവും നല്‍കിയതോടെ ഇന്ത്യന്‍ ടീമില്‍ ചില താരങ്ങള്‍ക്ക് പ്രത്യേക പരിഗണനയെന്ന വിമര്‍ശനം സാധൂകരിക്കപ്പെടുകയാണ്.
ഏറ്റവും നിരാശപ്പെടുത്തുന്നത് കരുണ്‍ നായര്‍ നേരിട്ട അവഗണനയാണ്. വിജയ് ഹസാരെ ഫൈനല്‍ വരെ എട്ട് കളികളിലെ ഏഴ് ഇന്നിംഗ്‌സുകളിലായി അഞ്ച് സെഞ്ചുറി അടക്കം 752 റണ്‍സ് ശരാശരിയില്‍ 752 റണ്‍സാണ് കരുണ്‍ അടിച്ചുകൂട്ടിയത്. ഒരേയൊരു തവണ മാത്രമാണ് കരുണ്‍ ടൂര്‍ണമെന്റില്‍ പുറത്തായത്. എന്നാല്‍ ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്താതിരുന്നതിന്റെ നിരാശ ഫൈനലില്‍ കരുണിനെ ബാധിച്ചെന്ന് വേണം കരുതാന്‍. താരം 31 പന്തില്‍ 27 റണ്‍സെടുത്ത് പുറത്താകുകയും ചെയ്തു. ആഭ്യന്തര ക്രിക്കറ്റില്‍ തിളങ്ങുന്നവര്‍ക്ക് ഇന്ത്യന്‍ ടീമിന്റെ വാതില്‍ തുറക്കുമെന്ന ബിസിസിഐയുടെ പ്രഖ്യാപനം കരുണിന്റെ കാര്യത്തില്‍ സിലക്ടര്‍മാര്‍ മനപ്പൂര്‍വം മറന്നുവെന്ന് വേണം കരുതാന്‍.
ടീം പ്രഖ്യാപിച്ചുകൊണ്ട് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ കരുണ്‍ നായരെ ടീമിലെടുക്കാതിരുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന് ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കര്‍ പറഞ്ഞ മറുപടിയും ശ്രദ്ധേയമായിരുന്നു. വിജയ് ഹസാരെ ട്രോഫിയില്‍ കരുണ്‍ നായര്‍ പുറത്തെടുക്കുന്നതുപോലെയുള്ള പ്രകടനങ്ങള്‍ അപൂര്‍വമായി മാത്രമെ സംഭവിക്കാറുള്ളു. 750 ശരാശരിയെന്നത് അത്ഭുതമാണ്. പക്ഷെ ചാമ്പ്യന്‍സ് ട്രോഫി ടീമില്‍ 15 പേരെ മാത്രമെ എടുക്കാനാവു. അതുകൊണ്ട് തന്നെ എല്ലാവരെയും ടീമിലെടുക്കാനാവില്ലെന്നായിരുന്നു അഗാര്‍ക്കറുടെ മറുപടി.
ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ ഇന്ത്യന്‍ ടീമിലുണ്ടായിരുന്ന മറ്റൊരു മലയാളി താരം ദേവ്ദത്ത് പടിക്കലാകട്ടെ വിജയ് ഹസാരെ ട്രോഫി ക്വാര്‍ട്ടറില്‍ സെഞ്ചുറിയും സെമിയില്‍ 86 റണ്‍സും നേടി തിളങ്ങിയെങ്കിലും റിസര്‍വ് ഓപ്പണറായി ടീമിലേക്ക് പരിഗണിക്കപ്പെട്ടില്ല. കര്‍ണാടകക്കായി ഓപ്പണറായി തിളങ്ങിയ മായങ്ക് അഗര്‍വാള്‍ വിജയ് ഹസാരെയില്‍ 619 റണ്‍സടിച്ച് രണ്ടാമത്തെ ടോപ് സ്‌കോററായെങ്കിലും ചാമ്പ്യന്‍സ് ട്രോഫി ടീമിലെ റിസര്‍വ് ഓപ്പണറായി സെലക്ടര്‍മാര്‍ തെരഞ്ഞെടുത്തത് യശസ്വി ജയ്‌സ്വാളിനെയായിരുന്നു.
ജയ്‌സ്വാളിനെ ടീമിലെടുത്തതിനെ സമീപകാലത്തെ പ്രകടനം വിലയിരുത്തി ന്യായികരിക്കാമെങ്കിലും രോഹിത് ശര്‍മ, വിരാട് കോലി, രവീന്ദ്ര ജഡേജ, ശുഭ്മാന്‍ ഗില്‍, ഋഷഭ് പന്ത്, കെ എല്‍ രാഹുല്‍ എന്നിവരുടെ സമീപകാല പ്രകടനം അത്രകണ്ട് ആശവഹമല്ല. ഇതില്‍ രോഹിത് ശര്‍മയ്ക്കും വിരാട് കോലിയ്ക്കും കരിയറിലെ ഏറ്റവും നിര്‍ണായക ഘട്ടമെന്ന നിലയില്‍ ഒരു അവസരം നല്‍കുന്നുവെന്ന് കരുതപ്പെടാമെങ്കിലും മറ്റ് താരങ്ങള്‍ക്ക് പകരക്കാരാകാന്‍ ഒന്നിലേറെ താരങ്ങള്‍ ആഭ്യന്തര ക്രിക്കറ്റിലെ മിന്നും പ്രകടനത്തിലൂടെ സിലക്ടര്‍മാരുടെ പരിഗണനയില്‍ എത്തേണ്ടതായിരുന്നു. എന്നാല്‍ ഏകദിന ലോകകപ്പില്‍ മത്സരിച്ച ടീമിന്റെ ഘടനയെ വലിയ മാറ്റമില്ലാതെ നിലനിര്‍ത്താനാണ് ഇത്തവണ സിലക്ടര്‍മാര്‍ തീരുമാനിച്ചത്. ഋഷഭ് പന്ത് മാത്രമാണ് ഇതില്‍ പ്ലേയിംഗ് ഇലവനില്‍ അധികമായി ചേരാന്‍ സാധ്യതയുള്ളത്. ഒരു പക്ഷേ ജഡേജയും സിറാജിന് പകരം ഇടംപിടിച്ച അര്‍ഷ്ദീപ് സിങിനും കളിക്കാന്‍ അവസരം ലഭിച്ചേക്കും.
ബുമ്ര കളിക്കുമോ? ഉറപ്പിക്കാതെ സിലക്ടര്‍മാര്‍
ചാമ്പ്യന്‍സ് ട്രോഫിക്കുള്ള 15 അംഗ ടീമില്‍ ഇടം പിടിച്ചെങ്കിലും പേസര്‍ ജസ്പ്രീത് ബുമ്ര ടൂര്‍ണമെന്റ് കളിക്കുമോയെന്ന കാര്യത്തില്‍ 'സസ്‌പെന്‍സ്' തുടരുന്നു. ഓസ്‌ട്രേലിയയ്‌ക്കെതിരായ അവസാന ടെസ്റ്റിനിടെ നടുവിനു പരുക്കേറ്റു ഗ്രൗണ്ടില്‍നിന്നു മടങ്ങിയ ബുമ്രയുടെ ആരോഗ്യനില ബിസിസിഐ നിരീക്ഷിക്കുന്നുണ്ട്. പൂര്‍ണ ഫിറ്റ്‌നസ് വീണ്ടെടുത്താല്‍ മാത്രമാകും ബുമ്ര ചാമ്പ്യന്‍സ് ട്രോഫി കളിക്കുക. ഓസ്‌ട്രേലിയയ്‌ക്കെതിരായ സിഡ്‌നി ടെസ്റ്റില്‍ അവസാന ദിവസം ബുമ്ര പന്തെറിഞ്ഞിരുന്നില്ല.
ബുമ്രയുടെ ഫിറ്റ്‌നസിന്റെ കാര്യത്തില്‍ ഫെബ്രുവരി ആദ്യത്തോടെ മാത്രമേ പൂര്‍ണമായ ഉറപ്പു ലഭിക്കുകയുള്ളൂവെന്നാണ് ചീഫ് സിലക്ടര്‍ അജിത് അഗാര്‍ക്കര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത്. ഫെബ്രുവരി 13 വരെ ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ടീമുകളില്‍ മാറ്റം വരുത്താന്‍ അനുവാദമുണ്ട്. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ രണ്ടു കളികളില്‍ ബുമ്ര കളിക്കില്ല. അതിനാല്‍ ഫാസ്റ്റ് ബോളിങ് ഓള്‍റൗണ്ടറായ ഹര്‍ഷിത് റാണയെയും ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ബുമ്ര ചാമ്പ്യന്‍സ് ട്രോഫി കളിച്ചില്ലെങ്കില്‍ ഹര്‍ഷിത് റാണയ്ക്ക് അവസരം ലഭിച്ചേക്കും. ബുമ്രയ്ക്കു പുറമേ അര്‍ഷ്ദീപ് സിങ്, മുഹമ്മദ് ഷമി, ഹാര്‍ദിക് പാണ്ഡ്യ എന്നിവരാണ് ചാമ്പ്യന്‍സ് ട്രോഫി ടീമില്‍ പേസര്‍മാരായുള്ളത്. മലയാളി താരങ്ങളായ സഞ്ജു സാംസണ്‍, കരുണ്‍ നായര്‍ എന്നിവര്‍ക്ക് ചാമ്പ്യന്‍സ് ട്രോഫി ടീമില്‍ ഇടം ലഭിച്ചില്ല.
ചാംപ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ ടീം രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍ (വൈസ് ക്യാപ്റ്റന്‍) യശസ്വി ജയ്‌സ്വാള്‍, ശ്രേയസ് അയ്യര്‍, വിരാട് കോലി, ഋഷഭ് പന്ത്, കെ.എല്‍. രാഹുല്‍, ഹാര്‍ദിക് പാണ്ഡ്യ, അക്ഷര്‍ പട്ടേല്‍, വാഷിങ്ടന്‍ സുന്ദര്‍, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുമ്ര, മുഹമ്മദ് ഷമി, അര്‍ഷ്ദീപ് സിങ്, രവീന്ദ്ര ജഡേജ.