അർധ സെഞ്ചുറിയുമായി തൗഹിദ് ഹൃദോയ്; വിൻഡീസ് ബാറ്റിങ് നിരയെ എറിഞ്ഞൊതുക്കി റിഷാദ് ഹുസൈൻ; ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ വെസ്റ്റ് ഇൻഡീസിന് 74 റൺസിന്റെ തോൽവി

Update: 2025-10-18 15:37 GMT

ധാക്ക: ബംഗ്ലാദേശിനെതിരായ ആദ്യ ഏകദിന മത്സരത്തിൽ വെസ്റ്റ് ഇൻഡീസിന് തോൽവി. ധാക്കയിലെ ഷേർ ബംഗ്ലാ നാഷണൽ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 74 റൺസിനാണ് ആതിഥേയരായ ബംഗ്ലാദേശ് വിജയം നേടിയത്. മൂന്ന് മത്സരങ്ങളുള്ള പരമ്പരയിൽ ബംഗ്ലാദേശ് 1-0ന് മുന്നിലെത്തി. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ ബംഗ്ലാദേശ് 49.4 ഓവറിൽ 207 റൺസിന് എല്ലാവരും പുറത്തായി. 51 റൺസ് നേടിയ തൗഹിദ് ഹൃദോയാണ് ബംഗ്ലാദേശിന്റെ ടോപ് സ്കോറർ. റിഷാദ് ഹുസൈൻ ആറ് വിക്കറ്റുകൾ വീഴ്ത്തി.

മഹിദുൽ ഇസ്ലാം 46 റൺസെടുത്തു. ഹൃദോയുടെയും മഹിദുലിന്റെയും ഇന്നിംഗ്സുകളാണ് ടീമിന് ഒരു മാന്യമായ സ്കോർ നേടാൻ സഹായിച്ചത്. നേരത്തെ, എട്ട് റൺസെടുക്കുന്നതിനിടെ ഓപ്പണർമാരായ സെയ്ഫ് ഹസൻ (3), സൗമ്യ സർക്കാർ (4) എന്നിവരുടെ വിക്കറ്റുകൾ ബംഗ്ലാദേശിന് നഷ്ടമായിരുന്നു. തുടർന്ന് നജ്മുൽ ഹുസൈൻ ഷാന്റോ (32)യും തൗഹിദ് ഹൃദോയും ചേർന്ന് 71 റൺസ് കൂട്ടിചേർത്ത് ടീമിനെ തകർച്ചയിൽ നിന്ന് കരകയറ്റി. എന്നാൽ ഷാന്റോയെ പുറത്താക്കി പിയേറെ ബംഗ്ലാദേശിന് ബ്രേക്ക് ത്രൂ നൽകി. റിഷാദ് ഹുസൈൻ 26 റൺസെടുത്ത് അവസാന ഓവറുകളിൽ മികച്ച ബാറ്റിംഗ് കാഴ്ചവെച്ചു.

വെസ്റ്റ് ഇൻഡീസിനായി ബൗളിംഗിൽ ജെയ്ഡൻ സീൽസ് മൂന്ന് വിക്കറ്റുകൾ വീഴ്ത്തി. റോസ്റ്റൻ ചേസ്, ജസ്റ്റിൻ ഗ്രീവ്‌സ് എന്നിവർ രണ്ട് വിക്കറ്റുകൾ വീതം നേടി. 208 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ വെസ്റ്റ് ഇൻഡീസ് 39 ഓവറിൽ വെറും 133 റൺസിന് എല്ലാവരും പുറത്തായി. ബംഗ്ലാദേശിനായി റിഷാദ് ഹുസൈൻ ആറ് വിക്കറ്റുകൾ വീഴ്ത്തി വെസ്റ്റ് ഇൻഡീസ് ബാറ്റിംഗ് നിരയെ തകർത്തെറിഞ്ഞു. മുസ്തഫിസുർ റഹ്മാൻ രണ്ട് വിക്കറ്റുകൾ നേടി റിഷാദിന് മികച്ച പിന്തുണ നൽകി.

44 റൺസെടുത്ത ബ്രണ്ടൻ കിംഗാണ് വെസ്റ്റ് ഇൻഡീസിന്റെ ടോപ് സ്കോറർ. കിംഗും അലിക് അതനാസെയും (27) ചേർന്ന് ഒന്നാം വിക്കറ്റിൽ 51 റൺസ് കൂട്ടിച്ചേർത്ത് മികച്ച തുടക്കം നൽകിയിരുന്നു. എന്നാൽ അതനാസെയെ പുറത്താക്കി റിഷാദ് ബംഗ്ലാദേശിന് ആദ്യ ബ്രേക്ക് ത്രൂ നൽകി. ഇതിന് പിന്നാലെ വിക്കറ്റുകളുടെ ഘോഷയാത്രയായിരുന്നു. കീസി കാർട്ടി (9), ഷായ് ഹോപ്പ് (15), ഷെഫാനെ റുതർഫോർഡ് (0), റോസ്റ്റൻ ചേസ് (6) എന്നിവർക്കൊന്നും കാര്യമായ സംഭാവന നൽകാനായില്ല. വാലറ്റക്കാരായ ജസ്റ്റിൻ ഗ്രീവ്‌സ് (12) മാത്രമാണ് രണ്ടക്കം കടന്നത്. ഖാരി പിയേറെ 7 റൺസെടുത്ത് പുറത്താവാതെ നിന്നു.

Tags:    

Similar News