ഏഷ്യ കപ്പിൽ നിന്ന് പിന്മാറിയാൽ 16 മില്യൺ യുഎസ് ഡോളറിന്റെ നഷ്ടം; മത്സരത്തിൽ നിന്ന് പിന്മാറുമെന്ന ഭീഷണി പൊളിഞ്ഞത് ഐസിസി നിലപാട് കടുപ്പിച്ചതോടെ; പൈക്രോഫ്റ്റിനെതിരെയുള്ള പരാതികൾ അടിസ്ഥാനരഹിതമെന്നും ഐസിസി; കളത്തിന് പുറത്തും പാക്കിസ്ഥാന് തിരിച്ചടി
ദുബായ്: ഏഷ്യ കപ്പിൽ യുഎഇക്കെതിരായ മത്സരത്തിൽ നിന്നും പിന്മാറുമെന്ന് പാക്കിസ്ഥാന്റെ ഭീഷണി പൊളിഞ്ഞത് ഐസിസി നിലപാട് കടുപ്പിച്ചതോടെ. ടൂർണമെന്റിൽ നിന്ന് പിന്മാറിയാൽ 16 മില്യൺ യുഎസ് ഡോളർ നഷ്ടപ്പെടുമെന്നതും പാക് താരങ്ങളുടെ തീരുമാനത്തെ സ്വാധീനിച്ചു. മാച്ച് റഫറിയെ മാറ്റണമെന്ന പാകിസ്താന്റെ ആവശ്യം രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ (ഐസിസി) അംഗീകരിക്കാതിരുന്നതിനെ തുടർന്ന് പാക് താരങ്ങൾ മത്സരം ബഹിഷ്കരിക്കാൻ ശ്രമിക്കുകയായിരുന്നു. ഇതേത്തുടർന്ന് നിശ്ചയിച്ച സമയത്ത് മത്സരം തുടങ്ങാനായില്ല.
യുഎഇക്കെതിരായ മത്സരം രാത്രി എട്ടിന് ആരംഭിക്കേണ്ടിയിരുന്നെങ്കിലും, മാച്ച് റഫറി ആൻഡി പൈക്രോഫ്റ്റിനെ മാറ്റണമെന്ന പാകിസ്താന്റെ ശാഠ്യം കാരണം താരങ്ങൾ കളത്തിലിറങ്ങാൻ വിസമ്മതിച്ചു. ഒരുഘട്ടത്തിൽ മത്സരം ഉപേക്ഷിച്ചേക്കുമെന്ന തരത്തിൽ വാർത്തകളും പ്രചരിച്ചു. എന്നാൽ, ടൂർണമെന്റിൽ നിന്ന് പിന്മാറിയാൽ 16 മില്യൺ യുഎസ് ഡോളറിന്റെ നഷ്ടം സംഭവിക്കുമെന്നും കടുത്ത നടപടികൾ നേരിടേണ്ടി വരുമെന്നും ഐസിസി നിലപാട് കടുപ്പിച്ചതോടെ പാകിസ്താന് പിന്മാറേണ്ടി വന്നു. കൂടാതെ മത്സരത്തില്‍ നിന്ന് പിന്‍വാങ്ങിയാല്‍ കോടികള്‍ പിഴയടക്കേണ്ടി വരുമെന്ന് ഐസിസി അറിയിച്ചതായാണ് സൂചന.
ഒരു മണിക്കൂറിലധികം വൈകിയാണ് മത്സരം രാത്രി ഒൻപതിന് ആരംഭിച്ചത്. നേരത്തെ ഇന്ത്യക്കെതിരായ മത്സരത്തിലെ തോൽവിയെത്തുടർന്നുണ്ടായ ചില വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് പാകിസ്താന്റെ ഭാഗത്തുനിന്നുള്ള ഈ നീക്കം. പാക് ക്രിക്കറ്റ് ബോർഡ് (പിസിബി) മേധാവി മൊഹ്സിൻ നഖ്വി, താരങ്ങളോട് സ്റ്റേഡിയത്തിലേക്ക് പോകാൻ നിർദ്ദേശം നൽകിയതായി അറിയിച്ചിരുന്നു.
മാച്ച് റഫറിയെ മാറ്റില്ലെന്ന് മാത്രമല്ല, മത്സരത്തിൽ നിന്ന് പിൻവാങ്ങിയാൽ വലിയ സാമ്പത്തിക നഷ്ടം നേരിടേണ്ടി വരുമെന്നും ഐസിസി പാകിസ്താനെ അറിയിച്ചതായാണ് സൂചന. തുടക്കത്തിൽ, പാക് ക്രിക്കറ്റ് ബോർഡ് വാർത്താ സമ്മേളനം വിളിക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ, ഐസിസി വഴങ്ങാൻ തയ്യാറാകാതിരുന്നത് പാക് ക്രിക്കറ്റ് ബോർഡിനെ വെട്ടിലാക്കി. തുടർന്ന്, പാക് താരങ്ങളോട് സ്റ്റേഡിയത്തിലേക്ക് പോകാൻ നിർദ്ദേശം നൽകിയതായി പിസിബി മേധാവി മൊഹ്സിൻ നഖ്വി എക്സിൽ കുറിച്ചു. ഐസിസിയുടെ കടുത്ത നിലപാട് കാരണമാണ് പാകിസ്താൻ അയഞ്ഞതെന്നാണ് വിലയിരുത്തൽ.
മാച്ച് റഫറിയായ പൈക്രോഫ്റ്റിനെതിരെയുള്ള പിസിബിയുടെ പരാതികൾ അടിസ്ഥാനരഹിതമാണെന്ന് ഐസിസി വ്യക്തമാക്കിയത്. കളിയുടെ മേഖലയ്ക്ക് പുറത്ത് അംഗീകരിച്ചിട്ടുള്ള ടീമിന്റെയോ ടൂർണമെന്റിന്റെയോ നിർദ്ദിഷ്ട പ്രോട്ടോക്കോളുകൾ നിയന്ത്രിക്കേണ്ടത് മാച്ച് റഫറിയുടെ കടമയല്ല, അത് ടൂർണമെന്റ് സംഘാടകരുടെയും ബന്ധപ്പെട്ട ടീം മാനേജർമാരുടെയും കാര്യമാണെന്നായിരുന്നു ഐസിസിയുടെ നിലപാട്. ടോസിന് മിനിറ്റ് മുമ്പ് ഇത്തരം കാര്യങ്ങളിൽ ഇടപെടാൻ മാച്ച് റഫറിക്ക് സമയം കിട്ടില്ലെന്നും അന്വേഷണ റിപ്പോർട്ടിൽ പറയുന്നു.
ടൂർണമെന്റ് കളിച്ചില്ലെങ്കിൽ പിസിബിക്ക് 16 മില്യൺ യുഎസ് ഡോളർ വരെ നഷ്ടപ്പെടാം. ടീം തുടരുമെന്ന് തീരുമാനിക്കുന്നതിന് മുമ്പ് നഖ്‌വി രണ്ട് മുൻ പിസിബി ചെയർമാൻമാരായ റമീസ് രാജ, നജാം സേഥി എന്നിവരിൽ നിന്ന് ഉപദേശം സ്വീകരിച്ചു. ഈ ചർച്ചകൾക്കൊടുവിലാണ് പാക്കിസ്ഥാൻ മത്സരത്തിന് തയ്യാറാണെന്ന വാർത്തകൾ പുറത്ത് വരുന്നതും.