കിരീടമോഹങ്ങള്‍ക്ക് തിരിച്ചടിയായി നവി മുംബൈയില്‍ ചാറ്റല്‍ മഴ; വനിത ഏകദിന ലോകകപ്പ് ക്രിക്കറ്റ് ഫൈനലില്‍ ടോസ് വൈകും; മത്സരത്തിന് മഴ ഭീഷണിയെന്ന് കാലാവസ്ഥ റിപ്പോര്‍ട്ട്; നാളെ റിസര്‍വ് ഡേ

കിരീടമോഹങ്ങള്‍ക്ക് തിരിച്ചടിയായി നവി മുംബൈയില്‍ ചാറ്റല്‍ മഴ

Update: 2025-11-02 09:34 GMT

നവിമുംബൈ: വനിതാ ഏകദിന ലോകകപ്പ് ക്രിക്കറ്റ് ഫൈനല്‍ പോരാട്ടത്തിന് ഭീഷണയായി മുംബൈയില്‍ മഴ. ടോസിനായി ഇന്ത്യയും ദക്ഷിണാഫ്രിക്കയും ഒരുങ്ങിനില്‍ക്കെ നവിമുംബൈയില്‍ ചാറ്റല്‍മഴ തുടരുകയാണ്. മഴ തുടരുന്നതിനാല്‍ പിച്ച് മൂടിയിട്ടിരിക്കുകയാണ്.അതിനാല്‍ ടോസ് വൈകിയേക്കും.ടോസ് വൈകുന്ന സാഹചര്യത്തില്‍ മത്സരവും വൈകും.ഉച്ചയ്ക്ക് മൂന്നര മുതലാണ് മത്സരം ആരംഭിക്കേണ്ടിയിരുന്നത്.

മത്സരത്തിനിടയിലും മഴ തടസ്സപ്പെടുത്താന്‍ സാധ്യതയുണ്ടെന്നാണ് കാലവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങളുടെ പ്രവചനങ്ങള്‍ പറയുന്നത്. വിശ്വവേദിയിലെ അവസാന ദിനം മഴ കളിമുടക്കിയാല്‍ എന്ത് സംഭവിക്കുമെന്നാണ് ഇപ്പോള്‍ ഉയരുന്ന ചോദ്യം.റൂള്‍ നമ്പര്‍ 1- നിശ്ചയിച്ച ദിവസം തന്നെ കളി പൂര്‍ത്തിയാക്കാന്‍ മാച്ച് ഒഫീഷ്യലുകള്‍ പരമാവധി ശ്രമം നടത്തും. അതിന് സാധിച്ചില്ലെങ്കിലോ?റൂള്‍ നമ്പര്‍ 2- കളി പൂര്‍ണമായും മഴയെടുത്താല്‍ റിസര്‍വ് ഡേയിലേക്ക് മാറ്റും.റൂള്‍ റമ്പര്‍ 3- റിസര്‍വ് ഡേയിലും മഴ കളി മുടക്കിയാലോ? ലോകകപ്പ് ഇരു രാജ്യങ്ങളും ചേര്‍ന്ന് പങ്കുവക്കും.

അതേസമയം വിജയകിരീടം ആര് സ്വന്തമാക്കിയാലും വനിതാ ക്രിക്കറ്റിന് പുതിയ ചാമ്പ്യന്‍മാരെ ലഭിക്കുമെന്നതാണ് ഇത്തവണത്തെ പ്രത്യേകത. ആദ്യമായാണ് ഇംഗ്ലണ്ടോ ഓസ്‌ട്രേലിയയോ ഇല്ലാതെ ഒരു വനിതാ ഏകദിന ലോകകപ്പ് ഫൈനല്‍ നടക്കുന്നത്.പുതുചരിത്രം രചിച്ച് കന്നിക്കിരീടത്തിനായി ഇന്ത്യ മൂന്നാം ഫൈനലിന് ഇറങ്ങുമ്പോള്‍ ദക്ഷിണാഫ്രിക്കയ്ക്ക് ആദ്യ ഫൈനലാണ്. ഏഴുതവണ ചാമ്പ്യന്‍മാരായ ഓസ്‌ട്രേലിയന്‍ കരുത്തിനെ സെമിയില്‍ മുട്ടുകുത്തിച്ച ആത്മവിശ്വാസവുമായാണ് ഹര്‍മന്‍പ്രീത് കൗറും സംഘവും മുംബൈയില്‍ സ്വന്തം കാണികള്‍ക്ക് മുന്നില്‍ കിരീടപ്പോരിന് ഇറങ്ങുന്നത്.

ഇംഗ്ലണ്ടിനെ വീഴ്ത്തിയാണ് ദക്ഷിണാഫ്രിക്കയുടെ കന്നി ഫൈനല്‍ പ്രവേശം. ഗ്രൂപ്പ് ഘട്ടത്തില്‍ ദക്ഷിണാഫ്രിക്കയോടേറ്റ മൂന്ന് വിക്കറ്റ് തോല്‍വിക്ക് പകരംവീട്ടാന്‍ കൂടിയുണ്ട് ടീം ഇന്ത്യക്ക്.ജമീമ റോഡ്രിഗ്‌സിന്റെ ഐതിഹാസിക സെഞ്ച്വറി ടീം ഇന്ത്യക്കും ആരാധകര്‍ക്കും നല്‍കിയത് വാനോളം ആവേശവും പ്രതീക്ഷകളും. ഇതോടെ ടീമും സെറ്റായി. ഷെഫാലി വര്‍മ്മയും സ്മൃതി മന്ദാനയും നല്ല തുടക്കം നല്‍കിയാല്‍ ഇന്ത്യക്ക് കാര്യങ്ങള്‍ എളുപ്പമാവും. മധ്യനിരയ്ക്ക് കരുത്തായി ജമീമയും ഹര്‍മന്‍പ്രീത് കൗറും ദീപ്തി ശര്‍മ്മയും റിച്ച ഘോഷും. ക്രാന്തി ഗൗഡിന്റെയും ശ്രീ ചരണിയുടെയും രേണുക സിംഗിന്റെയും ബൗളിംഗ് മികവും കലാശപ്പോരില്‍ നിര്‍ണായകമാകും.

Tags:    

Similar News