വനിത ഏകദിന ലോകകപ്പ്: ഉദ്ഘാടന പോരാട്ടം ആതിഥേയര്‍ തമ്മില്‍; ശ്രീലങ്കക്കെതിരെ മിന്നും ജയത്തോടെ തുടങ്ങാന്‍ ഇന്ത്യ; ബൗളിങ്ങിലെ പോരായ്മകളെ ബാറ്റിങ്ങില്‍ മറികടക്കാമെന്ന് പ്രതീക്ഷ; മത്സരം 3 മണി മുതല്‍
ഏകദിന വനിത ലോകകപ്പ് : ഇന്ത്യയും ശ്രീലങ്കയും ഏറ്റുമുട്ടും
മുംബൈ: ഏകദിന വനിത ലോകകപ്പ് പോരാട്ടങ്ങള്‍ക്ക് ഇന്ന് തുടക്കമാകുമ്പോള്‍ ഉദ്ഘാടന മത്സരത്തില്‍ ആതിഥേയരായ ഇന്ത്യയും ശ്രീലങ്കയും ഏറ്റുമുട്ടും.ഗുവാഹത്തിയില്‍ ഉച്ചതിരിഞ്ഞ് മൂന്നിനാണ് കളി തുടങ്ങുക. ശ്രീലങ്കയ്‌ക്കെതിരെ മിന്നും ജയത്തോടെ ലോകകപ്പ് പോരാട്ടങ്ങള്‍ക്ക് തുടക്കമിടുകയാണ് ഇന്ത്യയുടെ ലക്ഷ്യം.
ശ്രീലങ്കയ്‌ക്കെതിരെ മിന്നും ജയത്തോടെ ലോകകപ്പ് പോരാട്ടങ്ങള്‍ക്ക് തുടക്കമിടുകയാണ് ഇന്ത്യയുടെ ലക്ഷ്യം. ഹര്‍മന്‍പ്രീതും സമൃതി മന്ദാനയും ജെമീമയും രേണുകാ സിങ്ങുമടങ്ങുന്ന ടീം ഇന്ത്യ നാട്ടില്‍ കപ്പിടിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.
ബൗളിങ്ങിലെ പരിചയക്കുറവിനെ ബാറ്റിങ്ങ് മികവ് കൊണ്ട് മറികടക്കാമെന്ന പ്രതീക്ഷയിലാണ് ഇന്ത്യ.ഓപ്പണിങ്ങില്‍ ഇന്ത്യയുടെ സൂപ്പര്‍ വുമണ്‍ സ്മൃതി മന്ദാന. ഇക്കൊല്ലം നാല് സെഞ്ച്വറിയക്കം നേടി തകര്‍പ്പന്‍ ഫോമിലാണ് സ്മൃതി. അഞ്ചാം ലോകകപ്പിനിറങ്ങുന്ന ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീതിന് ഉത്തരവാദിത്തങ്ങളേറെ. തകര്‍പ്പനടിയുമായി ജെമീമ റൊഡ്രിഗസും പിന്നാലെ എത്തുന്ന റിച്ച ഘോഷും ഹര്‍ലീന്‍ ഡിയോളും ബാറ്റിങ് ഭദ്രമാക്കുന്നു.
സ്മൃതിയുടെ ഓപ്പണിങ് പങ്കാളി പ്രതിക 14 മത്സരങ്ങളില്‍ നിന്ന് 668 റണ്‍സ്, ശരാശരി 51.38. ഒരു സെഞ്ച്വറിയും അഞ്ച് അര്‍ദ്ധ ശതകങ്ങളും. ജെമിമ 11 ഇന്നിങ്‌സുകളിലായി 479 റണ്‍സ്, രണ്ട് സെഞ്ച്വറി ഒരു അര്‍ദ്ധ സെഞ്ച്വറി. ശരാശരി 47 ആണെങ്കില്‍ സ്‌ട്രൈക്ക് റേറ്റ് 107. ഹര്‍ളിന്‍ 34 ശരാശരിയില്‍ 444 റണ്‍സ്. ഹര്‍മന്‍ 38.44 ശരാശരിയില്‍ 346 റണ്‍സ്, സ്‌ട്രൈക്ക് റേറ്റ് 103. ദീപ്തി ശര്‍മയാകട്ടെ കരിയറിലെ ഏറ്റവും മികച്ച ഫോമിലാണ്, ഈ വര്‍ഷം 76 ശരാശരിയില്‍ 103 സ്‌ട്രൈക്ക് റേറ്റോടെ അഞ്ചിലും അതിന് താഴെയുമെത്തി 381 റണ്‍സ് നേടി. ഫിനിഷര്‍ റോളുവഹിക്കുന്ന റിച്ചയാകട്ടെ 130 സ്‌ട്രൈക്ക് റേറ്റിലാണ് 297 റണ്‍സ് ഈ വര്‍ഷം കുറിച്ചത്.
2024 സെപ്തംബര്‍ മുതലുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ സ്മൃതിയെക്കൂടാതെ, പ്രതിക, ജെമീമ, ഹര്‍ളീന്‍, ഹര്‍മന്‍, ദീപ്തി എന്നിവര്‍ 500 റണ്‍സിലധികം നേടി. ജെമീമ, ദീപ്തി, ഹര്‍മന്‍ എന്നിവര്‍ ബാറ്റ് വീശുന്നത് ഉയര്‍ന്ന സ്‌ട്രൈക്ക് റേറ്റിലുമാണ്.ഇങ്ങനെ എല്ലാം കൊണ്ടും ബാറ്റിങ്ങ് നിര ശക്തമാണ്.
ബൗളിങ്ങില്‍ പരിചയക്കുറവാണ് തലവേദനയാകുന്നത്.എങ്കിലും ബോളിങ്ങില്‍ രേണുക സിങ് പരിക്ക് ഭേദമായി മടങ്ങിയെത്തിയത് ടീമിന് ആശ്വാസമാകുന്നുണ്ട്. ഇംഗ്ലണ്ടിനെതിരെ ഒരു മത്സരത്തില്‍ ആറ് വിക്കറ്റടക്കം നേടിയ ഇരുപത്തിയൊന്നുകാരി ക്രാന്തി ഗൗഡാണ് ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ വജ്രായുധം.
ദീപ്തി ശര്‍മ്മയുടെ ഓള്‍റൗണ്ട് മികവില്‍ ഇന്ത്യക്ക് പ്രതീക്ഷയേറെ. ഇന്ത്യയ്‌ക്കൊപ്പം ലോകകപ്പിന് വേദിയാകുന്ന ലങ്കയാകട്ടെ കഴിഞ്ഞ തവണ പുറത്തിരുന്നതിന്റെ സങ്കടം തീര്‍ക്കാനാണ് എത്തുന്നത്. യുവ താരങ്ങളാണ് ലങ്കയുടെ കരുത്ത്. ഹര്‍ഷിത സമരവിക്രമയുടെ പ്രകടനമനുസരിച്ചാകും ടൂര്‍ണമെന്റില്‍ ലങ്കയുടെ മുന്നേറ്റം. രണ്ട് തവണ ഫൈനലിലെത്തി കരഞ്ഞ് മടങ്ങിയ ടീം ഇന്ത്യയ്ക്ക് ഇത്തവണ അഭിമാനപോരാട്ടമാണ്.