ഇനി പെണ്‍പോരാട്ടത്തിന്റെ നാളുകള്‍; വനിത ഏകദിന ക്രിക്കറ്റ് ലോകകപ്പിന് ഇന്ന് ക്രീസുണരും; ടൂര്‍ണ്ണമെന്റിന് ആതിഥേയരാകുന്നത് ഇന്ത്യയും ശ്രീലങ്കയും സംയുക്തമായി; പ്രതീക്ഷയോടെ ഇന്ത്യയും
വനിത ഏകദിന ക്രിക്കറ്റ് ലോകകപ്പിന് ഇന്ന് ക്രീസുണരും
മുംബൈ: വനിത ക്രിക്കറ്റിലെ വമ്പന്‍ പോരാട്ടങ്ങള്‍ക്ക് ഇന്ന് തുടക്കം.വനിത ഏകദിന ലോകകപ്പിന് ഇന്ന് ക്രീസുണരും. ഇന്ത്യയും ശ്രീലങ്കയും സംയുക്തമായാണ് ഇത്തവണ ചാമ്പ്യന്‍ഷിപ്പിന് ആതിഥ്യമരുളുന്നത്.2ഗ്രൂപ്പുകളിലായി 8 ടീമുകള്‍ ടൂര്‍ണ്ണമെന്റിന്റെ ഭാഗമാകും. ആതിഥേയരായ ഇന്ത്യയും ശ്രീലങ്കയും തമ്മിലാണ് ഉദ്ഘാടന മത്സരം. ഫൈനല്‍ നവംബര്‍ 2 ന് നടക്കും.പാക്കിസ്ഥന്‍ മത്സരിക്കുന്നതിനാല്‍ തന്നെ ഫൈനലിന്റെ വേദി പ്രഖ്യാപിച്ചിട്ടില്ല.
മത്സരക്രമം
എട്ടു ടീമുകളാണ് ആദ്യ ഘട്ടത്തില്‍ മത്സരിക്കുക. ഇതില്‍ കൂടുതല്‍ പോയന്റ് നേടുന്ന 4 ടീമുകള്‍ സെമിയിലേക്ക് മുന്നേറും. ഒന്നാം സ്ഥാനക്കാര്‍ നാലാം സ്ഥാനക്കാരെയും രണ്ടാം സ്ഥാനക്കാര്‍ മൂന്നാം സ്ഥാനക്കാരെയും സെമിയില്‍ നേരിടും. ജേതാക്കള്‍ കലാശപ്പോരിലേക്ക് മുന്നേറും. 31 മത്സരങ്ങളാണ് ആകെ ടൂര്‍ണ്ണമെന്റില്‍ ഉണ്ടാവുക.
ടീമുകള്‍
ആതിഥേയരായ ഇന്ത്യക്കും ശ്രീലങ്കയ്ക്കും പുറമെ ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, ന്യുസിലാന്റ്, ബംഗ്ലാദേശ്, പാക്കിസ്ഥാന്‍, ദക്ഷിണാഫ്രിക്കയുമാണ് ഇത്തവണ മാറ്റുരയ്ക്കുന്നത്.
വേദികള്‍
പാക്കിസ്ഥാന്‍ ഇന്ത്യയിലേക്ക് മത്സരത്തിനായി എത്താത്തതിനാല്‍ കൊളംബോയിലാണ് അവരുടെ മത്സരങ്ങള്‍. ഇന്ത്യ - പാകിസ്ഥാന്‍ പോരാട്ടം ഒക്ടോബര്‍ 5 ന് കൊളമ്പോ യില്‍ നടക്കും.
നവി മുംബൈ, ഗുവാഹത്തി, വിശാഖപട്ടണം, ഇന്‍ഡോര്‍ എന്നിവയാണ് മറ്റ് വേദികള്‍.പാക്കിസ്ഥാന്‍ ഫൈനലില്‍ കടന്നാല്‍ കൊളമ്പോയിലാകും കലാശ പോര് അല്ലാത്ത പക്ഷം മുംബൈയില്‍ നടക്കും.
പ്രതീക്ഷയോടെ ഇന്ത്യ
ഹോം ഗ്രൗണ്ടിന്റെ ആനുകൂല്യത്തില്‍ പ്രതീക്ഷയോടെയാണ് ഇന്ത്യ ഇത്തവണ ഇറങ്ങുന്നത്. ഇംഗ്ലണ്ടിനെതിരെയുള്ള പരമ്പര നേട്ടവും ഓസ്‌ട്രേലിയക്കെതിരെയുള്ള പ്രകടനവും ആത്മവിശ്വാസം കൂട്ടുന്നു.
2017 ല്‍ റണ്ണറപ്പായതാണ് ഇന്ത്യയുടെ മികച്ച നേട്ടം. 1997 ലും 2000 ലും സെമിഫൈനലിലും കടന്നു.