ലേലത്തിനെത്തുക 120 താരങ്ങള്‍; 91 പേര്‍ ഇന്ത്യന്‍ താരങ്ങള്‍, 20 വിദേശതാരങ്ങളും: വനിതാ പ്രീമിയര്‍ ലീഗ് താരലേലം ഞായറാഴ്ച
ബംഗളൂരു: വനിതാ പ്രീമിയര്‍ ലീഗിലെ മിനി താരലേലം നാളെ. ഞായറാഴ്ച വൈകിട്ട് മൂന്നിന് ബെംഗളൂരുവിലാണ് ലേലം നടക്കുക. സ്‌പോര്‍ട്‌സ് 18 നെറ്റ്വര്‍ക്കിലും ജിയോ സിനിമയിലും വനിതാ പ്രീമിയര്‍ ലീഗ് ലേലം തത്സമയം കാണാനാകും. 120 താരങ്ങളാണ് താരലേലത്തിന് പേര് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതില്‍ 91 പേര്‍ ഇന്ത്യന്‍ താരങ്ങളാണ്. 29 വിദേശതാരങ്ങളും ലേലത്തിനായി പേര് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
വിവിധ ടീമുകളിലായി 19 താരങ്ങളെയാണ് ലേലത്തില്‍ ടീമുകള്‍ക്ക് വേണ്ടത്. ഇതില്‍ അഞ്ച് താരങ്ങള്‍ വിദേശതാരങ്ങളാണ്. അണ്‍ക്യാപ്ഡ് വിഭാഗത്തില്‍ 82 ഇന്ത്യന്‍ താരങ്ങളാണ് ലേലത്തില്‍ പങ്കെടുക്കാന്‍ പേര് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. എട്ട് വിദേശതാരങ്ങളും ഈ വിഭാഗത്തിലുണ്ട്. പരമാവധി 18 താരങ്ങണാണ് ഓരോ ടീമിലും ഉണ്ടാവേണ്ടത്. ഇതില്‍ ആറ് വിദേശതാരങ്ങളാവാം. ഗുജറാത്ത് ടൈറ്റന്‍സിനാണ് ലേലത്തില്‍ ഏറ്റവും കൂടുതല്‍ താരങ്ങളെ വേണ്ടത്. രണ്ട് വിദേശതാരങ്ങളെയടക്കം നാല് താരങ്ങളെയാണ് ലേലത്തില്‍ ഗുജറാത്ത് ടീമിലെത്തിക്കേണ്ടത്.
4.4 കോടി രൂപയാണ് ഗുജറാത്തിന്റെ കൈയിലുള്ളത്. യുപി വാരിയേഴ്‌സിന് ഒരു വിദേശതാരമടക്കം മൂന്ന് താരങ്ങളെയും 2.5 കോടി രൂപ കൈവശമുള്ള ഡല്‍ഹി ക്യാപിറ്റല്‍സിന് നാലു താരങ്ങളെ വേണം. മുംബൈ ഇന്ത്യന്‍സ്, റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു ടീമുകളിലും നാല് ഒഴിവുകളാണുള്ളത്. മുംബൈയ്ക്കും ബെംഗളൂരുവിനും ഓരോ വിദേശ താരത്തെ മാത്രം ടീമിലെത്തിച്ചാല്‍ മതി.