അടുത്ത മൂന്ന് ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലുകള്‍ ഇംഗ്ലണ്ടിലെ ലോഡ്‌സില്‍ നടത്താന്‍ ഐസിസി; വേദിയൊരുക്കാനുള്ള ബിസിസിഐയുടെ ശ്രമങ്ങള്‍ക്ക് തിരിച്ചടി

അടുത്ത മൂന്ന് ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലുകള്‍ ഇംഗ്ലണ്ടിലെ ലോഡ്‌സില്‍ നടത്താന്‍ ഐസിസി

Update: 2025-06-14 10:32 GMT

ലണ്ടന്‍: ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിന് വേദിയാകാനുള്ള ബിസിസിഐ നീക്കത്തിന് തിരിച്ചടി. അടുത്ത മൂന്ന് ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലുകളും ഇംഗ്ലണ്ടില്‍ തന്നെ നടത്താനാണ് ഐസിസിയുടെ നീക്കം. ഇക്കാര്യം ഐസിസി ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡിനെ അറിയിച്ചിട്ടുമുണ്ട്. അടുത്ത മാസം സിംഗപ്പൂരില്‍ ഐസിസിയുടെ വാര്‍ഷിക പൊതുയോഗത്തില്‍ ഇക്കാര്യത്തില്‍ തീരുമാനമുണ്ടായേക്കും.

2027, 2029, 2031 വര്‍ഷങ്ങളിലാണ് ഇനി ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനല്‍ നടക്കുന്നത്. ഈ മാസം 20ന് തുടങ്ങുന്ന ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയോടെ നാലാം ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന് തുടക്കമാകും. ഈ സീസണിന്റെ ഫൈനല്‍ 2027 ജൂണ്‍ മാസത്തിലാകും നടക്കുക. ഈ ഫൈനലിന് വേദിയൊരുക്കാന്‍ താല്‍പര്യമുണ്ടെന്ന് ബിസിസിഐ നേരത്തെ ഐസിസിയെ അറിയിച്ചിരുന്നു.

എന്നാല്‍ ജൂണില്‍ ഇന്ത്യയില്‍ മഴക്കാലമായതിനാല്‍ ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനല്‍ നടത്തുന്നത് തിരിച്ചടിയാകുമെന്നാണ് വിലയിരുത്തല്‍. അതുകൊണ്ടാണ് ഇംഗ്ലണ്ടില്‍ തന്നെ തുടരാന്‍ തീരുമനമായത്. 2019ലാണ് ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന് തുടക്കമായത്. രണ്ട് വര്‍ഷം നീളുന്ന മത്സരക്രമങ്ങള്‍ക്കൊടുവിലാണ് ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനല്‍ നടക്കുന്നത്.

2021, 2023, 2025 എന്നീ വര്‍ഷങ്ങളില്‍ ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ഫൈനല്‍ പോരാട്ടം നടന്നു. മൂന്ന് തവണയും ഇംഗ്ലണ്ടിലാണ് ഫൈനല്‍ നടന്നത്. ആദ്യ പതിപ്പില്‍ ന്യൂസിലാന്‍ഡും രണ്ടാം പതിപ്പില്‍ ഓസ്‌ട്രേലിയയും ചാംപ്യന്മാരായി. മൂന്നാം പതിപ്പിന്റെ ഫൈനലില്‍ ദക്ഷിണാഫ്രിക്കയും ഓസ്‌ട്രേലിയയും തമ്മില്‍ ഏറ്റുമുട്ടിക്കൊണ്ടിരിക്കുകയാണ്.

Tags:    

Similar News