'പലരും പറയുന്നത് മെസ്സി നിങ്ങളെക്കാൾ മികച്ച താരമാണെന്നാണ്'; 'മെസ്സി എന്നേക്കാൾ കേമനാണെന്നോ?, ഞാൻ സമ്മതിക്കില്ല, അത്ര വിനയം എനിക്കില്ല'; വൈറലായി സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വാക്കുകൾ

Update: 2025-11-04 09:41 GMT

ദോഹ: അർജന്റീനയുടെ ലോകകപ്പ് ഹീറോയും ഇതിഹാസ താരവുമായ ലയണൽ മെസ്സിയേക്കാൾ മികച്ച കളിക്കാരൻ താനാണെന്ന വാദത്തിൽ ഉറച്ചുനിൽക്കുകയാണ് പോർച്ചുഗലിന്റെ സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ. പ്രമുഖ മാധ്യമപ്രവർത്തകൻ പിയേഴ്സ് മോർഗനുമായുള്ള ഏറ്റവും പുതിയ അഭിമുഖത്തിലാണ് റൊണാൾഡോ ഇക്കാര്യം വ്യക്തമാക്കിയത്. മെസ്സിയെക്കാൾ മികച്ച താരമെന്ന വാദം താൻ ഒരിക്കലും അംഗീകരിക്കില്ലെന്നും, അത്രയേറെ വിനയം കാണിക്കാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പിയേഴ്സ് മോർഗൻ, "പലരും പറയുന്നത് മെസ്സി നിങ്ങളെക്കാൾ മികച്ച താരമാണെന്നാണ്. ഇതിനെക്കുറിച്ച് താങ്കൾക്കെന്തു പറയാനുണ്ട്?" എന്ന് ചോദിച്ചപ്പോഴാണ് റൊണാൾഡോ തന്റെ നിലപാട് ആവർത്തിച്ചത്. മുൻകാലങ്ങളിലും മെസ്സിയെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് സമാനമായ നിഷേധാത്മക പ്രതികരണമാണ് റൊണാൾഡോ നൽകിയിട്ടുള്ളത്. അർജന്റീന താരത്തിന്റെ കളിക്കളത്തിലെ മേൽക്കോയ്മ റൊണാൾഡോ ഒരു ഘട്ടത്തിലും അംഗീകരിച്ചിട്ടില്ല. 'മെസ്സി എന്നേക്കാൾ കേമനാണെന്നോ? ആ അഭിപ്രായം ഞാൻ ഒരിക്കലും അംഗീകരിക്കില്ല. അത്ര വിനയാന്വിതനാകാൻ ഞാൻ ആഗ്രഹിക്കുന്നില്ല' എന്നായിരുന്നു ഇതിന് ക്രിസ്റ്റ്യാനോയുടെ മറുപടി.

അഭിമുഖത്തിൽ ഇംഗ്ലണ്ടിന്റെ മുൻ ഇതിഹാസ താരമായ വെയ്ൻ റൂണിയുടെ അഭിപ്രായങ്ങളും ചർച്ചയായി. മാഞ്ചസ്റ്റർ യുണൈറ്റഡിൽ റൊണാൾഡോയുടെ സഹതാരമായിരുന്ന റൂണി, പലപ്പോഴും മെസ്സിയാണ് റൊണാൾഡോയേക്കാൾ മികച്ച കളിക്കാരനെന്ന് പറഞ്ഞിട്ടുണ്ട്. റൂണിയുടെ ഈ പരാമർശത്തെക്കുറിച്ച് ചോദിച്ചപ്പോൾ, "അത് എന്നെ അലോസരപ്പെടുത്തുന്നില്ല" എന്നായിരുന്നു റൊണാൾഡോയുടെ പ്രതികരണം.

അതേസമയം, ലോകത്തെ ഏറ്റവും വരുമാനം നേടുന്ന കായികതാരമെന്ന നിലയിൽ സമീപകാലത്തുണ്ടായ റിപ്പോർട്ടുകളെക്കുറിച്ചുള്ള ചോദ്യത്തിന് റൊണാൾഡോ രസകരമായാണ് പ്രതികരിച്ചത്. "ഈ വാർത്ത ശരിയല്ല. ഞാൻ വർഷങ്ങൾക്ക് മുൻപേ ശതകോടീശ്വരൻ ആയിട്ടുണ്ട്," അദ്ദേഹം പറഞ്ഞു. ഈ അഭിമുഖത്തിന്റെ പൂർണരൂപം നവംബർ 4-ന് പിയേഴ്സ് മോർഗന്റെ യൂട്യൂബ് ചാനലിൽ റിലീസ് ചെയ്യും.

Tags:    

Similar News