പോർച്ചുഗൽ അണ്ടർ16 ടീമിൽ അരങ്ങേറ്റം കുറിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ ജൂനിയർ; തുർക്കിക്കെതിരായ മത്സരത്തിൽ പറങ്കിപ്പടയ്ക്ക് മിന്നും ജയം
ലിസ്ബൺ: പോർച്ചുഗൽ അണ്ടർ 16 ടീമിനായി അരങ്ങേറ്റം കുറിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ മകൻ ക്രിസ്റ്റ്യാനോ റൊണാൾഡോ ജൂനിയർ. തുർക്കെതിരെ നടന്ന മത്സരത്തിലായിരുന്നു 15കാരന്റെ അരങ്ങേറ്റം. മത്സരത്തിൽ രണ്ടിനെതിരെ ഒരു ഗോളിന് പോർച്ചുഗൽ വിജയിച്ചു. സ്പോർട്ടിംഗ് താരം സാമുവൽ ടവരസ്, ബ്രാഗയുടെ റാഫേൽ കബ്രാൾ എന്നിവരാണ് പോർച്ചുഗലിനായി ഗോൾ നേടിയത്.
കളി അവസാനിക്കിരിക്കേയാണ് റൊണാൾഡോ ജൂനിയർ കളത്തിലിറങ്ങിയത്. കാണികൾ ആവേശകരമായ സ്വീകരണമാണ് താരത്തിന് നൽകിയത്. പിതാവ് കളിക്കുന്ന സൗദി പ്രോ ലീഗിലെ അൽ-നാസർ അണ്ടർ 15 ടീമിന് വേണ്ടിയാണ് നിലവിൽ റൊണാൾഡോ ജൂനിയർ കളിക്കുന്നത്.
തുർക്കിയിൽ നടക്കുന്ന ഫെഡറേഷൻ കപ്പിൽ പോർച്ചുഗലിന് മൂന്ന് മത്സരങ്ങൾ കൂടിയുണ്ട്. അടുത്ത മത്സരങ്ങളിൽ വെയിൽസ്, ഇംഗ്ലണ്ട് ടീമുകൾക്കെതിരെയാണ് പോർച്ചുഗൽ കളിക്കുന്നത്. സമീപകാലത്ത് പോർച്ചുഗൽ അണ്ടർ 15 ടീമിനായി കളിച്ചപ്പോൾ റൊണാൾഡോ ജൂനിയർ ഗോൾ നേടിയിരുന്നു.