ഹാട്രിക്കുമായി ചിസാരം എസെൻവാറ്റ; അണ്ടർ 17 ലോകകപ്പിൽ ഇംഗ്ലണ്ടിന് തകർപ്പൻ ജയം; ഹെയ്‌തിയെ തകർത്തത് 8-1ന്

Update: 2025-11-08 11:27 GMT

ദോഹ: ഫിഫ അണ്ടർ 17 ലോകകപ്പിൽ ഹെയ്‌തിക്കെതിരെ ഇംഗ്ലണ്ടിന് തകർപ്പൻ വിജയം. 8-1നാണ് ഇംഗ്ളണ്ട് ഹെയ്തിയെ തകർത്ത് വിട്ടത്. മത്സരത്തിൽ ചിസാരം എസെൻവാറ്റയുടെ ഹാട്രിക് (57, 69, 80 മിനിറ്റുകൾ) നേടി. ടൂർണമെന്റിലെ ആദ്യ മത്സരത്തിൽ വെനസ്വേലയോട് മൂന്നു ഗോളുകൾക്ക് പരാജയപ്പെട്ട ഇംഗ്ലണ്ടിന് ഈ വിജയത്തോടെ അടുത്ത റൗണ്ടിലേക്കുള്ള സാധ്യത നിലനിർത്താനായി.

മത്സരത്തിന്റെ ആദ്യ മിനിറ്റിൽ തന്നെ ലൂക്ക വില്യംസ് ഗോൾ നേടി ഇംഗ്ലണ്ടിന് തുടക്കം കുറിച്ചു. റീഗൻ ഹെസ്‌കിയുവിന്റെ പെനാൽറ്റിയിലൂടെ 14-ാം മിനിറ്റിൽ ഇംഗ്ലണ്ട് രണ്ടാം ഗോളും നേടി. 17-ാം മിനിറ്റിൽ ഫ്രാങ്കോ സെലെസ്റ്റിയുടെ ഹെഡറിലൂടെ ഹെയ്‌ക്ക് ആശ്വാസഗോൾ നേടാനായെങ്കിലും അതിനുശേഷം ഇംഗ്ലണ്ടിന്റെ മുന്നേറ്റം ശക്തമായി. റെഗ്ഗി വാൾഷ് (21), അലജാ​ൻ​ഡ്രോ ഗോ​മ​സ് റോ​ഡ്രി​ഗ​സ് (55), ലൂക്ക വില്യംസ് (64) എന്നിവരും ഇംഗ്ലണ്ടിനായി ഗോൾ നേടി.

അതേസമയം, ഗ്രൂപ്പ് ഇയിൽ ആദ്യ മത്സരത്തിൽ ഇംഗ്ലണ്ടിനെ തോൽപ്പിച്ച വെനസ്വേല ഈജിപ്‌തുമായി 1-1 സമനിലയിൽ പിരിഞ്ഞു. വെനസ്വേലയ്ക്കായി ക്യാപ്റ്റൻ മാർക്കോസ് മൈതാൻ 18-ാം മിനിറ്റിൽ ഗോൾ നേടിയെങ്കിലും 54-ാം മിനിറ്റിൽ ഈജിപ്‌തിനായി അബ്ദുൽ കരീം സമനില ഗോൾ നേടി. ഒരു വിജയവും ഒരു സമനിലയുമായി ഇരു ടീമുകളും ഗ്രൂപ്പ് ഇയിൽ ഒന്നാം സ്ഥാനത്താണ്. ഗ്രൂപ്പ് ജിയിൽ ജർമ്മനിയും ഉത്തര കൊറിയയും തമ്മിൽ നടന്ന മത്സരം 1-1 സമനിലയിൽ കലാശിച്ചു.

Tags:    

Similar News