ചാമ്പ്യൻസ് ലീഗിൽ ഏറ്റവും വേഗത്തിൽ 50 ഗോളുകൾ നേടുന്ന താരമായി എർലിംഗ് ഹാളണ്ട്; ചരിത്ര നേട്ടം ഇതിഹാസ താരങ്ങളെ മറികടന്ന്; ഏറ്റവും കൂടുതൽ ഗോൾ നേടിയ താരങ്ങളുടെ പട്ടികയിൽ തിയറി ഹെൻറിയ്‌ക്കൊപ്പം
ലണ്ടൻ: ചാമ്പ്യൻസ് ലീഗ് ചരിത്രത്തിലെ ഏറ്റവും വേഗത്തിൽ 50 ഗോളുകൾ നേടുന്ന കളിക്കാരനായി എർലിംഗ് ഹാളണ്ട്. 49 മത്സരങ്ങളിൽ നിന്നാണ് ഹാളണ്ട് ഈ നേട്ടം കൈവരിച്ചത്. ലയണൽ മെസ്സി, ക്രിസ്റ്റ്യാനോ റൊണാൾഡോ തുടങ്ങിയ താരങ്ങളെയും മറികടന്നാണ് താരത്തിന്റെ ചരിത്ര നേട്ടം. ചാമ്പ്യൻസ് ലീഗിലെ ആദ്യ മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളിന് സിറ്റി നാപ്പോളിയെ തകർത്തിരുന്നു.
ഈ മത്സരത്തിൽ സിറ്റി താരമായ ഹാളണ്ട് ഒരു ഗോൾ നേടിയിരുന്നു. റുഡ് വാൻ നിസ്റ്റൽറോയ് 62 മത്സരങ്ങളിൽ നിന്നാണ് 50 ഗോളുകൾ എന്ന പഴയ റെക്കോർഡ് സ്വന്തമാക്കിയത്. 'അവൻ എല്ലാ റെക്കോർഡുകളും തകർക്കുന്നു. ഈ പ്രായത്തിൽ അദ്ദേഹം ചെയ്യുന്നത് അവിശ്വസനീയമാണ്,' സിറ്റി താരം ഫിൽ ഫോഡൻ പറഞ്ഞു.
2022-ൽ ബൊറൂസിയ ഡോർട്ട്മുണ്ടിൽ നിന്ന് സിറ്റിയിൽ ചേർന്നതിന് ശേഷം ഹാളണ്ട് 130 മത്സരങ്ങളിൽ നിന്ന് 151 ഗോളുകളാണ് നേടിയത്. 'ഇങ്ങനെയൊരു കളിക്കാരൻ ടീമിൽ ഉള്ളതിൽ ഞങ്ങൾ ഭാഗ്യവാന്മാരാണ്,' എന്നാണ് പരിശീലകൻ പെപ് ഗ്വാർഡിയോള പറഞ്ഞത്. മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരായ മത്സരത്തിൽ രണ്ട് ഗോളുകൾ നേടിയും ഹാളണ്ട് തിളങ്ങിയിരുന്നു.
മൊൾഡോവയ്‌ക്കെതിരെ നോർവേയുടെ 11-1 എന്ന വിജയത്തിലും ഹാളണ്ട് ഒരു ഹാട്രിക് നേടിയിരുന്നു. ചാംപ്യൻസ് ലീഗ് ചരിത്രത്തിൽ ഹാളണ്ട് ഇതിനോടകം തന്നെ അൽഫ്രെഡോ ഡി സ്റ്റെഫാനോ, സ്ലാട്ടൻ ഇബ്രാഹിമോവിച്ച് തുടങ്ങിയ ഇതിഹാസ താരങ്ങളെ മറികടന്നു. തിയറി ഹെൻറിയുടെ ഗോൾ നേട്ടത്തിന് ഒപ്പമെത്തിയ ഹാളണ്ട് ചാമ്പ്യൻസ് ലീഗ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ താരങ്ങളുടെ പട്ടികയിൽ ഒൻപതാമതാണ്. 112 മത്സങ്ങളിൽ നിന്നാണ് ഹെൻറിയുടെ 50 ഗോൾ നേട്ടം.