സന്തോഷ് ട്രോഫിയിലെ രണ്ടാം മത്സരത്തിൽ കേരളത്തിന് സമനിലപൂട്ട്; റെയിൽവേസിനായി ഗോൾ വല കുലുക്കിയത് മലയാളി താരം ഫസീഹ്
ദിബ്രുഗഡ്: സന്തോഷ് ട്രോഫി ഫുട്ബോൾ ഫൈനൽ റൗണ്ടിലെ രണ്ടാം മത്സരത്തിൽ റെയിൽവേസുമായി സമനില വഴങ്ങി കേരളം. ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി. റെയിൽവേസിനായി മലയാളി താരം പി.കെ. ഫസീഹ് സമനില ഗോൾ നേടിയപ്പോൾ, കേരളത്തിന്റെ ഗോൾ റെയിൽവേസ് താരം സോയിഭം അഭിനാഷ് സിങ്ങിന്റെ സെൽഫ് ഗോളായിരുന്നു.
മത്സരത്തിന്റെ 37–ാം മിനിറ്റിലാണ് കേരളത്തിന് ആദ്യ ഗോൾ ലഭിച്ചത്. കേരളത്തിന്റെ മുന്നേറ്റം തടയാൻ ശ്രമിച്ച റെയിൽവേസ് പ്രതിരോധ താരം സോയിഭം അഭിനാഷ് സിങ്ങിന് പിഴച്ചതോടെ സെൽഫ് ഗോൾ പിറക്കുകയായിരുന്നു. ആദ്യ പകുതി 1–0 എന്ന നിലയിൽ കേരളത്തിന് അനുകൂലമായി അവസാനിച്ചു. രണ്ടാം പകുതിയിൽ തിരിച്ചടിച്ച റെയിൽവേസ് 80–ാം മിനിറ്റിൽ സമനില ഗോൾ നേടി. പ്രഭിക് ഗിസിങ് എടുത്ത കോർണർ കിക്കിന് റെയിൽവേസിന്റെ മലയാളി താരം പി.കെ. ഫസീഹ് തലവെക്കുകയായിരുന്നു.
കളിയുടെ തുടക്കം മുതൽ ഇരു ടീമുകളും പന്ത് കൈവശം വെച്ച് കളിക്കാനാണ് ശ്രമിച്ചത്. രണ്ടാം പകുതിയിൽ മാറ്റങ്ങളില്ലാതെയാണ് കേരളം ഇറങ്ങിയതെങ്കിൽ, റെയിൽവേസ് മലയാളി താരം അബ്ദു റഹീമിനെ പകരക്കാരനായി കളത്തിലിറക്കി. രണ്ടാം പകുതിയിൽ റെയിൽവേസ് ആക്രമണം കടുപ്പിച്ചു. ഇതിനിടെ, 72–ാം മിനിറ്റിൽ കേരളത്തിന്റെ പ്രതിരോധ താരം സന്ദീപിന് പരിക്കേറ്റ് കളം വിടേണ്ടി വന്നു. സമനില ഗോളിനുശേഷം വിജയഗോളിനായി ഇരു ടീമുകളും കിണഞ്ഞു ശ്രമിച്ചെങ്കിലും വിജയിക്കാനായില്ല. ഈ സമനിലയോടെ സന്തോഷ് ട്രോഫി ഫൈനൽ റൗണ്ടിൽ കേരളത്തിന് ഒരു പോയിന്റ് കൂടി ലഭിച്ചു.