ആതിഥേയർക്കെതിരെ സമ്പൂർണ്ണ ആധിപത്യം; അസമിനെ പരാജയപ്പെടുത്തിയത് എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക്; സന്തോഷ് ട്രോഫിയിൽ കേരളം സെമിയിൽ; അടുത്ത എതിരാളികൾ പഞ്ചാബ്

Update: 2026-02-03 11:41 GMT

ദിബ്രുഗഢ്: സന്തോഷ് ട്രോഫി ഫുട്‌ബോളിൽ ആതിഥേയരായ അസമിനെ എതിരില്ലാത്ത മൂന്ന് ഗോളിന് കീഴടക്കി സെമി ഫൈനലിൽ പ്രവേശിച്ച് കേരളം. ചൊവ്വാഴ്ച സിലാപത്തറിലെ രാജീവ് ഗാന്ധി സ്റ്റേഡിയത്തിൽ നടന്ന ക്വാർട്ടർ പോരാട്ടത്തിലാണ് കേരളം ആധികാരിക വിജയം നേടിയത്. വ്യാഴാഴ്ച നടക്കുന്ന സെമിയിൽ പഞ്ചാബാണ് കേരളത്തിന്റെ എതിരാളി.

മത്സരത്തിന്റെ 17-ാം മിനിറ്റിൽ ക്യാപ്റ്റൻ എം. മനോജാണ് കേരളത്തിനായി ഗോൾവേട്ടയ്ക്ക് തുടക്കമിട്ടത്. ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് 44-ാം മിനിറ്റിൽ മുഹമ്മദ് അജ്‌സലിലൂടെ കേരളം ലീഡ് രണ്ടാക്കി ഉയർത്തി. മത്സരത്തിന്റെ ഇൻജുറി ടൈമിൽ പകരക്കാരനായി ഇറങ്ങിയ അബൂബക്കർ ദിൽഷാദ് സജീഷിന്റെ പാസിൽ നിന്ന് കേരളത്തിന്റെ മൂന്നാം ഗോൾ നേടി പട്ടിക പൂർത്തിയാക്കി. കളിയുടെ തുടക്കം മുതൽ ആക്രമിച്ചു കളിച്ച കേരളം എല്ലാ മേഖലകളിലും ആധിപത്യം പുലർത്തി.

രണ്ടാം പകുതിയിൽ തിരിച്ചടിക്കാൻ അസം കിണഞ്ഞു ശ്രമിച്ചെങ്കിലും കേരളത്തിന്റെ പ്രതിരോധനിരയും ഗോൾകീപ്പർ ഹജ്മലും ഉറച്ചുനിന്നു. ഗ്രൂപ്പിലെ അവസാന കളിയിൽ സർവീസസിനോട് തോറ്റതിന്റെ ക്ഷീണമൊന്നും കേരളത്തിന്റെ പ്രകടനത്തെ ബാധിച്ചില്ല. തമിഴ്‌നാടിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ (4-1) പരാജയപ്പെടുത്തിയാണ് പഞ്ചാബ് സെമിയിലെത്തിയത്. മറ്റൊരു ക്വാർട്ടർ പോരാട്ടത്തിൽ രാജസ്ഥാനെ തോൽപ്പിച്ച് റെയിൽവേസും സെമിയിൽ സ്ഥാനം ഉറപ്പിച്ചു. 

Tags:    

Similar News