പത്ത് പേരായി ചരുങ്ങിയിട്ടും ചാമ്പ്യന്മാരെ വിറപ്പിച്ച് ന്യൂകാസിൽ യുണൈറ്റഡ്; രക്ഷകനായത് 16കാരൻ റിയോ എൻ​ഗുമോഹ; വിജയ ഗോൾ പിറന്നത് ഇഞ്ചുറി ടൈമിൽ; സെൻ്റ് ജെയിംസ് പാർക്കിലെ ആവേശപ്പോരിൽ ലിവർപൂളിന് ജയം

Update: 2025-08-26 06:32 GMT

ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ആവേശം നിറഞ്ഞ പോരാട്ടത്തിൽ ന്യൂകാസിൽ യുണൈറ്റഡിനെ കീഴടക്കി ലിവർപൂളിന് ത്രസിപ്പിക്കുന്ന ജയം. ആവേശപ്പോരാട്ടത്തിൽ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് ലിവർപൂൾ വിജയം സ്വന്തമാക്കിയത്. സ്വന്തം തട്ടകമായ സെൻ്റ് ജെയിംസ് പാർക്കിൽ നടന്ന മത്സരത്തിൽ പത്ത് പേരുമായി ചുരുങ്ങിയിട്ടും നിലവിലെ ചാമ്പ്യന്മാരായ ലിവർപൂളിനെ വിറപ്പിച്ച ശേഷമാണ് ന്യൂകാസിൽ പരാജപ്പെട്ടത്. 90 മിനിറ്റ് പിന്നിട്ട ഇൻജുറി ടൈമിൽ പകരക്കാരനായി ഇറങ്ങിയ 16-കാരൻ റിയോ എൻ​ഗുമോഹ നേടിയ ഗോളാണ് ലിവർപൂളിന് വിജയമൊരുക്കിയത്.

ആദ്യ പകുതിയുടെ ഇൻജുറി സമയത്ത് ആന്തണി ഗോർഡൻ ചുവപ്പ് കാർഡ് കണ്ട് പുറത്തായതോടെ രണ്ടാം പകുതിയിൽ ന്യൂകാസിൽ പത്ത് പേരുമായാണ് കളിച്ചത്. എന്നാൽ, പത്തുപേരായി കളിച്ചിട്ടും തളരാതെ പോരാടിയ ന്യൂകാസിൽ ലിവർപൂളിനെ ഞെട്ടിച്ചുകൊണ്ട് മത്സരത്തിലേക്ക് ശക്തമായി തിരിച്ചുവന്നു. മത്സരത്തിന്റെ 35-ാം മിനിറ്റിൽ ഗ്രാവൻബെർഹിലൂടെ ലിവർപൂൾ ലീഡ് നേടി. രണ്ടാം പകുതിയുടെ തുടക്കത്തിൽ ഹ്യൂഗോ എകിറ്റികെ നേടിയ ഗോളിൽ ലിവർപൂൾ ലീഡ് 2-0 ആയി ഉയർത്തി. എന്നാൽ, 57-ാം മിനിറ്റിൽ ബ്രൂണോ ​ഗ്യുമാറെസിലൂടെ ന്യൂകാസിൽ ഒരു ഗോൾ മടക്കി.

പിന്നീട് കളിയുടെ 88-ാം മിനിറ്റിൽ വില്ല്യം ഒസുല നേടിയ ഗോളിൽ ന്യൂകാസിൽ സമനില പിടിച്ചത് ലിവർപൂളിനെ ഞെട്ടിച്ചു. കളി തീരാൻ മൂന്ന് മിനിറ്റ് മാത്രം ശേഷിക്കെ അവർ സ്കോർ 2-2 എന്ന നിലയിൽ സമനിലയിലാക്കി. മത്സരം സമനിലയിൽ കലാശിക്കുമെന്ന് തോന്നിച്ച നിമിഷത്തിലായിരുന്നു ലിവർപൂൾ വീണ്ടും ഗോൾ വല കുലുക്കിയത്. അരങ്ങേറ്റ മത്സരത്തിലാണ് ലിവർപൂളിന്റെ രക്ഷകനായി റിയോ എൻ​ഗുമോഹ അവതരിച്ചത്. ഈ വിജയത്തോടെ തുടർച്ചയായ രണ്ടാം ജയവുമായി ലിവർപൂൾ പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തെത്തി. നിലവിൽ ആഴ്‌സണൽ ഒന്നാം സ്ഥാനത്തും ടോട്ടനം രണ്ടാം സ്ഥാനത്തുമാണ്.

Tags:    

Similar News