ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ചരിത്രം കുറിച്ച് മുഹമ്മദ് സലാ; ആൻഫീൽഡിൽ അസ്റ്റൻ വില്ലയെ പരാജയപ്പെടുത്തിയത് എതിരില്ലാത്ത രണ്ട് ഗോളുകൾക്ക്; വിജയവഴിയിൽ തിരിച്ചെത്തി ലിവർപൂൾ

Update: 2025-11-02 06:12 GMT

ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ചരിത്രം രചിച്ച് ലിവർപൂളിന്റെ സൂപ്പർതാരം മുഹമ്മദ് സലാ. ആസ്റ്റൺ വില്ലക്കെതിരെ നേടിയ ഗോളോടെ പ്രീമിയർ ലീഗിൽ ഏറ്റവുമധികം ഗോൾ പങ്കാളിത്തമെന്ന റെക്കോർഡിന് സലാഹ് അർഹനായി. സ്വന്തം തട്ടകമായ ആൻഫീൽഡിൽ നടന്ന മത്സരത്തിൽ അസ്റ്റൻ വില്ലയെ 2-0 നാണ് ലിവർപൂൾ പരാജയപ്പെടുത്തിയത്.

നാല് തുടർച്ചയായ ലീഗ് മത്സരങ്ങളിലും അവസാന ഏഴ് മത്സരങ്ങളിൽ ആറെണ്ണത്തിലും ലിവർപൂൾ പരാജയപ്പെട്ടിരുന്നു. കളിയുടെ ആദ്യ പകുതിയുടെ അവസാന നിമിഷങ്ങളിൽ, വില്ല ഗോൾകീപ്പർ എമിലിയാനോ മാർട്ടിനെസിൻ്റെ പിഴവ് മുതലെടുത്ത് സലാ പന്തു വലയിലെത്തിച്ചു. രണ്ടാം പകുതിയിൽ, പരിക്ക് മാറി തിരിച്ചെത്തിയ റയാൻ ഗ്രാവൻബെർച്ച് ലിവർപൂളിന്റെ ലീഡ് വർദ്ധിപ്പിച്ചു. 58-ാം മിനിറ്റിൽ ബോക്സിന് പുറത്തുനിന്ന് താരം അടിച്ച ലോംഗ് ഷോട്ട് പൗ ടോറസ്സിൽ തട്ടി ദിശമാറി മാർട്ടിനെസിനെ മറികടന്ന് വല കുലുക്കുകയായിരുന്നു.

ആദ്യ ടച്ചിൽ തന്നെ സലാ ലക്ഷ്യം കണ്ടത് ആൻഫീൽഡ് കാണികൾക്ക് ആവേശമായി. 276 ഗോളുകളിൽ മാഞ്ചസ്റ്റർ യുനൈറ്റഡിനുവേണ്ടി കൈയൊപ്പു ചാർത്തിയ വെയ്ൻ റൂണിയുടെ റെക്കോർഡിനൊപ്പം ഇനി സലാഹും. 188 ഗോളുകളും 88 അസിസ്റ്റും അടക്കമാണിത്. ഇതിനുപുറമെ എല്ലാ മത്സരങ്ങളിൽനിന്നുമായി ലിവർപൂളിനുവേണ്ടി സലാഹിന്റെ ഗോൾനേട്ടം 250 തികഞ്ഞു. റോജർ ഹണ്ട്, ഇയാൻ റഷ് എന്നിവർക്ക് ശേഷം ലിവർപൂളിനായി 250 ഗോളുകൾ നേടിയ കളിക്കാരനെന്ന നേട്ടവും സലയ്ക്ക് സ്വന്തമായി.

"ഇത് വളരെ പ്രധാനപ്പെട്ട വിജയമാണ്. പ്രീമിയർ ലീഗിലും ചാമ്പ്യൻസ് ലീഗിലും ഞങ്ങൾ ചില പരാജയങ്ങൾ നേരിട്ടു. ഇപ്പോൾ ഞങ്ങൾ ട്രാക്കിലേക്ക് തിരിച്ചെത്തിയിരിക്കുന്നു എന്നതിൽ സന്തോഷമുണ്ട്. ഇത് ഞങ്ങൾക്ക് വലിയ പ്രചോദനമാകും," വിജയിച്ചതിന് ശേഷം സലാ പ്രതികരിച്ചു. ഈ വിജയത്തോടെ ലിവർപൂൾ 18 പോയിന്റോടെ ലീഗ് ലീഡർമാരായ ആഴ്സണലിന് ഏഴ് പോയിന്റ് പിന്നിലാണ്. 

Tags:    

Similar News