ഒരു ഗോളിന് പിന്നിൽ നിന്ന ശേഷം അഞ്ചടിച്ച് ചെമ്പട; ചാമ്പ്യൻസ് ലീഗിൽ ഫ്രാങ്ക്ഫർട്ടിനെതിരെ തകർപ്പൻ ജയം; വിജയവഴിയിൽ തിരിച്ചെത്തി ലിവർപൂൾ

Update: 2025-10-24 06:33 GMT

മിലാൻ: തുടർച്ചയായ നാല് തോൽവികൾക്ക് ശേഷം ചാമ്പ്യൻസ് ലീഗിൽ ശക്തമായ തിരിച്ചുവരവ് നടത്തി ഇംഗ്ലീഷ് വമ്പന്മാരായ ലിവർപൂൾ. ഐൻട്രാക്റ്റ് ഫ്രാങ്ക്ഫർട്ടിനെ 5-1ന് തകർത്താണ് ലിവർപൂൾ തിരിച്ചുവരവ് ആഘോഷമാക്കിയത്. സൂപ്പർ താരം മുഹമ്മദ് സലായെ പകരക്കാരുടെ ബെഞ്ചിലിരുത്തിയാണ് ടീം കളത്തിലിറങ്ങിയത്. ആദ്യ പകുതിയിൽ മൂന്ന് ഗോളുകൾ നേടിയ ലിവർപൂൾ, രണ്ടാം പകുതിയിൽ രണ്ട് ഗോളുകൾകൂടി നേടി വിജയം അനായാസമാക്കി. എകിറ്റികെ, വാൻ ഡൈക്, കൊനാട്ടെ, ഗാക്പോ, സൊബോസ്ലായ് എന്നിവരാണ് ലിവർപൂളിനായി ലക്ഷ്യം കണ്ടത്.

മത്സരത്തിൽ ഫ്രാങ്ക്ഫർട്ട് 26-ാം മിനിറ്റിൽ റാസ്മുസ് ക്രിസ്റ്റൻസനിലൂടെ മുന്നിലെത്തിയെങ്കിലും, ലിവർപൂൾ ഉടൻ തന്നെ തിരിച്ചടിച്ചു. മുൻ ഫ്രാങ്ക്ഫർട്ട് താരം ഹ്യൂഗോ എകിറ്റികെ 35-ാം മിനിറ്റിൽ സമനില ഗോൾ നേടി. തുടർന്ന്, വിർജിൽ ഡൈക്കും ഇബ്രാഹിമ കൊനാട്ടെയും ഹെഡ്ഡറുകളിലൂടെ ഗോൾ നേടി ആദ്യ പകുതിയിൽ ലിവർപൂളിന് 3-1ന്റെ ലീഡ് സമ്മാനിച്ചു. രണ്ടാം പകുതിയിൽ ഫ്ലോറിയൻ വിർട്സിന്റെ രണ്ട് അസിസ്റ്റുകളിൽ നിന്ന് കോഡി ഗാക്പോയും ഡൊമിനിക് സോബോസ്ളായിയും ലിവർപൂളിന്റെ വിജയമുറപ്പിച്ചു.

കഴിഞ്ഞ ഏതാനും മത്സരങ്ങളിലെ മോശം പ്രകടനത്തെ തുടർന്ന് ലിവർപൂൾ മാനേജർ ആർനെ സ്ലോട്ട്, സലയെ ആദ്യ പതിനൊന്നിൽ നിന്ന് പുറത്തിരുത്തിയിരുന്നു. മത്സരത്തിന്റെ തുടക്കത്തിൽ Rറാസ്മുസ് ക്രിസ്റ്റൻസനിലൂടെ ഗോൾ വഴങ്ങിയതോടെ ലിവർപൂൾ അഞ്ചു മത്സരങ്ങളിൽ തുടർച്ചയായി ആദ്യ ഗോൾ വഴങ്ങുന്ന മോശം റെക്കോർഡും സ്വന്തമാക്കിയിരുന്നു. എന്നാൽ, മത്സരത്തിൽ തിരിച്ചുവരവ് നടത്തിയ ലിവർപൂളിന്റെ പ്രകടനം ടീമിന്റെ ആത്മവിശ്വാസം വർധിപ്പിക്കുന്ന ഒന്നാണ്.

Tags:    

Similar News