തല കുനിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ്; നാലാം ഡിവിഷൻ ക്ലബ്ബായ ഗ്രിംസ്ബി ടൗണിനോട് പരാജയപ്പെട്ടു; ഇ.എഫ്.എൽ കപ്പിൽ നിന്ന് പുറത്ത്

Update: 2025-08-28 09:33 GMT

ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് വമ്പന്മാരായ മാഞ്ചസ്റ്റർ യുണൈറ്റഡ് ഇ.എഫ്.എൽ കപ്പിൽ നാലാം ഡിവിഷൻ ക്ലബ്ബായ ഗ്രിംസ്ബി ടൗണിനോട് അപ്രതീക്ഷിതമായി പരാജയപ്പെട്ടു. ഇതോടെ ടൂർണമെന്റിൽ നിന്ന് യുണൈറ്റഡ് പുറത്തായി. സഡൻ ഡെത്ത് വരെ നീണ്ട ആവേശകരമായ മത്സരത്തിൽ 3-2 എന്ന സ്കോറിനാണ് ഗ്രിംസ്ബി ടൗൺ വിജയം കരസ്ഥമാക്കിയത്.

കളി തുടങ്ങി 22-ാം മിനിറ്റിൽ ടയറെൽ വാരൻ നേടിയ ഗോളിലൂടെ ഗ്രിംസ്ബി ടൗൺ മാഞ്ചസ്റ്റർ യുണൈറ്റഡിനെ ഞെട്ടിച്ചു. 30-ാം മിനിറ്റിൽ വീണ്ടും ഗോൾ നേടിയതോടെ അവർ 2-0ന് മുന്നിലെത്തി. എന്നാൽ, രണ്ടാം പകുതിയിൽ മാഞ്ചസ്റ്റർ ശക്തമായി തിരിച്ചടിച്ചു. 75-ാം മിനിറ്റിൽ ബ്രയാൻ ബാവുമയിലൂടെ ആദ്യ ഗോൾ നേടിയപ്പോൾ, കളി അവസാനിക്കാൻ ഒരു മിനിറ്റ് മാത്രം ശേഷിക്കെ ഹാരി മഗ്വയർ സമനില പിടിച്ചു.

തുടർന്ന് നടന്ന പെനാൽറ്റി ഷൂട്ടൗട്ടിൽ ഇരു ടീമുകളും മികച്ച പ്രകടനം കാഴ്ചവെച്ചു. നിർണായകമായ അഞ്ചാം കിക്കെടുത്ത മാത്യൂസ് കുൻഹക്ക് പിഴച്ചതോടെ മത്സരം സഡൻ ഡെത്തിലേക്ക് നീങ്ങി. സഡൻ ഡെത്തിൽ ബാവുമയുടെ കിക്ക് ലക്ഷ്യത്തിലെത്തിക്കുന്നതിൽ പരാജയപ്പെട്ടതോടെ മാഞ്ചസ്റ്റർ യുണൈറ്റഡ് ടൂർണമെന്റിൽ നിന്ന് പുറത്തായി.

കഴിഞ്ഞ 65 വർഷത്തിനിടെ ഇ.എഫ്.എൽ കപ്പിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് നേരിടുന്ന ഏറ്റവും മോശം തോൽവിയാണിത്. ടൂർണമെന്റിൽ ഇതുവരെ ഒരു നാലാം ഡിവിഷൻ ക്ലബ്ബിനോടും അവർ പരാജയപ്പെട്ടിട്ടില്ല. ആറ് തവണ ഇ.എഫ്.എൽ കപ്പ് നേടിയ മാഞ്ചസ്റ്റർ യുണൈറ്റഡിന് ഈ തോൽവി വലിയ നാണക്കേടാണ് സമ്മാനിച്ചത്. 1991-92, 2005-2006, 2008-2009, 2009-2010, 2016-17, 2022-23 സീസണുകളിലാണ് മാഞ്ചസ്റ്റർ ഈ കിരീടം നേടിയത്.

Tags:    

Similar News