വിവാഹത്തിന് ദിവസങ്ങൾ മാത്രം; മെസ്സിയുടെ സഹോദരി സഞ്ചരിച്ച് കാർ അപകടത്തിൽപ്പെട്ടു; നട്ടെല്ലിന് ഒടിവും, ശരീരത്തിൽ പൊള്ളലും; മരിയ സോൾ രക്ഷപ്പെട്ടത് അത്ഭുതകരമായി
മിയാമി: ലോക ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സിയുടെ സഹോദരി മരിയ സോൾ മെസ്സി (32) മിയാമിയിൽ വെച്ചുണ്ടായ വാഹനാപകടത്തിൽ ഗുരുതര പരിക്ക്. നിയന്ത്രണം വിട്ട കാർ കോൺക്രീറ്റ് ചുവരിലിടിച്ചാണ് അപകടമുണ്ടായത്. നട്ടെല്ലിന് ഒടിവും ശരീരത്തിൽ പൊള്ളലുമേറ്റ മരിയ ഇപ്പോൾ മിയാമിയിലെ ആശുപത്രിയിൽ ചികിത്സയിലാണ്.
അർജന്റീനയിൽ നടക്കാനിരിക്കുന്ന തന്റെ വിവാഹത്തിനായുള്ള ഒരുക്കങ്ങൾക്കിടയിലാണ് മരിയ അപകടത്തിൽപ്പെട്ടത്. ഡ്രൈവ് ചെയ്യുന്നതിനിടെ മരിയ പെട്ടെന്ന് ബോധരഹിതയായതാണ് അപകടത്തിന് കാരണമായതെന്ന് പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കാർ വലിയ വേഗതയിൽ ചുവരിലിടിച്ച് തകരുകയായിരുന്നു. അപകടത്തിന് പിന്നാലെ കാറിൽ നിന്ന് പുക ഉയർന്നതായും ഇത് മരിയയുടെ ശരീരത്തിൽ പൊള്ളലേൽക്കാൻ കാരണമായതായും റിപ്പോർട്ടുകളുണ്ട്.
അപകടത്തെത്തുടർന്ന് ജനുവരി 3-ന് അർജന്റീനയിലെ റൊസാരിയോയിൽ വെച്ച് നടക്കേണ്ടിയിരുന്ന മരിയയുടെ വിവാഹം അനിശ്ചിതകാലത്തേക്ക് മാറ്റിവെച്ചു. ഇന്റർ മയാമി അണ്ടർ-19 ടീമിലെ പരിശീലകനായ ജൂലിയൻ അറെല്ലാനോയുമായുള്ള വിവാഹമാണ് നിശ്ചയിച്ചിരുന്നത്.
മരിയയുടെ അമ്മ സെലിയ കുച്ചിറ്റിനി നൽകുന്ന വിവരമനുസരിച്ച് മരിയ ഇപ്പോൾ അപകടനില തരണം ചെയ്തിട്ടുണ്ട്. എങ്കിലും നട്ടെല്ലിനേറ്റ പരിക്ക് ഗുരുതരമായതിനാൽ മാസങ്ങളോളം നീളുന്ന ചികിത്സയും ഫിസിയോതെറാപ്പിയും വേണ്ടി വരും. മെസ്സിയും കുടുംബവും നിലവിൽ മിയാമിയിൽ ആശുപത്രിയിൽ മരിയയ്‌ക്കൊപ്പമുണ്ട്.