ബ്ലാസ്റ്റേഴ്‌സ് മധ്യനിരയിൽ ഇനി മൊറോക്കൻ കരുത്ത്; മഞ്ഞപ്പടയുടെ കളി മാറ്റാൻ കരീം ബെനാരിഫ്; കൂടാരത്തിലെത്തിച്ചത് പരിചയസമ്പന്നനായ മിഡ്‌ഫീൽഡറെ

Update: 2026-03-29 16:45 GMT

കൊച്ചി: ഐഎസ്എല്ലിൽ കേരള ബ്ലാസ്റ്റേഴ്‌സ് മധ്യനിരയിലേക്ക് പുതിയ വിദേശതാരത്തെ എത്തിച്ചു. മൊറോക്കൻ മിഡ്ഫീൽഡർ കരീം ബെനാരിഫുമായാണ് (33) ക്ലബ്ബ് കരാറൊപ്പിട്ടത്. ഇറാഖ് സ്റ്റാർസ് ലീഗിലെ കർബല എഫ്‌സിയിൽ നിന്നാണ് ബെനാരിഫ് മഞ്ഞപ്പടയുടെ ഭാഗമാകുന്നത്. കൊച്ചിയിലെത്തിയ താരം ടീമിനൊപ്പം പരിശീലനം ആരംഭിച്ചു കഴിഞ്ഞു.

മൊറോക്കോയിലെ റബാത്തിൽ ജനിച്ച ബെനാരിഫ്, ഉത്തരാഫ്രിക്കയിലെയും മിഡിൽ ഈസ്റ്റിലെയും വിവിധ ലീഗുകളിൽ കളിച്ച് വലിയ പരിചയസമ്പത്തുള്ള താരമാണ്. സെൻട്രൽ മിഡ്‌ഫീൽഡറാണെങ്കിലും ഡിഫൻസീവ് മിഡ്‌ഫീൽഡറായും റൈറ്റ് മിഡ്‌ഫീൽഡറായും ഒരുപോലെ തിളങ്ങാൻ കെൽപ്പുള്ള താരം ബ്ലാസ്റ്റേഴ്‌സ് നിരയിൽ നിർണ്ണായകമാകും. മൊറോക്കൻ ക്ലബ്ബായ എഫ്എആർ റബാത്തിന്റെ യൂത്ത് അക്കാദമിയിലൂടെയാണ് കരിയർ ആരംഭിച്ചത്.

പിന്നീട് എഫ്യുഎസ് റബാത്ത്, മൗലൗദിയ ഔജ്ദ തുടങ്ങിയ പ്രമുഖ ക്ലബ്ബുകൾക്കായും ബൂട്ടുകെട്ടി. ആഫ്രിക്കയിലെ പ്രമുഖ ടൂർണമെന്റുകളിലും ബെനാരിഫ് തന്റെ സാന്നിധ്യമറിയിച്ചിട്ടുണ്ട്. സീസണിലെ നിർണ്ണായക മത്സരങ്ങൾ വരാനിരിക്കെ ബെനാരിഫിന്റെ വരവ് ബ്ലാസ്റ്റേഴ്‌സിന് വലിയ ആശ്വാസമാകും. നിലവിൽ കൊച്ചിയിലെത്തിയ താരം ടീമിനൊപ്പം ചേർന്നതായും വരാനിരിക്കുന്ന മത്സരങ്ങൾക്കായുള്ള തയ്യാറെടുപ്പുകൾ തുടങ്ങിയതായും ക്ലബ്ബ് അധികൃതർ അറിയിച്ചു.

Tags:    

Similar News