അഴിച്ചുപണിക്കൊരുങ്ങി മുംബൈ: നയിക്കാന്‍ സൂര്യ; ഹാര്‍ദിക്കോ? രോഹിത്തോ? ആരാകും പുറത്ത്

Update: 2024-09-28 08:47 GMT

ഐപിഎല്ലിന്റെ കഴിഞ്ഞ സീസണിലേറ്റ വന്‍ നാണക്കേടില്‍ നിന്നും പാഠമുള്‍ക്കൊണ്ട് ശക്തമായ തിരിച്ചുവരവിനു തയ്യാറെടുക്കുകയാണ് അഞ്ചു തവണ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സ്. വലിയ താരനിരയുണ്ടായിട്ടും കഴിഞ്ഞ സീസണില്‍ പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്തേക്കു മുംബൈ കൂപ്പുകുത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് അടിമുടി അഴിച്ചുപണിക്കു മുംബൈ ഒരുങ്ങുന്നത്. ഐപിഎല്ലില്‍ അഞ്ച് തവണ കിരീടം ചൂടിയ മുംബൈ ഇന്ത്യന്‍സും ആരെയൊക്കെ നിലനിര്‍ത്തുമെന്ന കാര്യത്തില്‍ തലപുകയ്ക്കുന്നുണ്ട്. അതിനിടെ ഇപ്പോളിതാ അടുത്ത സീസണില്‍ പുതിയ ക്യാപ്റ്റനെ കൊണ്ടുവരാനും അവര്‍ തീരുമാനിച്ചെന്ന റിപ്പോര്‍ട്ടാണ് പുറത്ത് വരുന്നത്.

മുംബൈ ഇന്ത്യന്‍സിനെ അടുത്ത സീസണില്‍ നയിക്കുക ഹാര്‍ദിക് പാണ്ഡ്യയായിരിക്കില്ലെന്നാണ് പുറത്തുവരുന്ന വിവരം. പകരം ഇന്ത്യയുടെ ടി20 ക്യാപ്റ്റന്‍ കൂടിയായ സൂര്യകുമാര്‍ യാദവിന നായകസ്ഥാനമേല്‍പ്പിക്കാന്‍ മുംബൈ ടീം മാനേജ്മെന്റ് ആലോചിക്കുന്നതായി റെവ്സ്പോര്‍ട്സിന്റൈ (ഞല്‌ുെീൃ്വേ) മാധ്യമപ്രവര്‍ത്തകനായ രോഹിത് ജുഗ്ലനാണ് എക്സില്‍ കുറിച്ചിട്ടുള്ളത്. മെഗാ ലേലം വരാനിരിക്കെ മുംബൈ നിലനിര്‍ത്തുന്ന ആദ്യത്തെയാള്‍ സ്‌കൈ ആയിരിക്കുമെന്നും അദ്ദേഹം സൂചിപ്പിക്കുന്നു. ഹാര്‍ദിക്കിനു പകരം സൂര്യ നായകനായി വന്നാല്‍ അതു തങ്ങളുടെ ആരാധക പിന്തുണ വീണ്ടെടുക്കാന്‍ സഹായിക്കുമെന്ന കണക്കുകൂട്ടലിലാണ് മുംബൈ ടീം മാനേജ്മെന്റ്.

വലം കൈയ്യന്‍ പേസ് ബൗളര്‍ ജസ്പ്രിത് ബുംറയാകും മുംബൈ ഇന്ത്യന്‍സിന്റെ ആദ്യത്തെ റിട്ടന്‍ഷന്‍ എന്നാണ് പ്രമുഖ ജേണലിസ്റ്റായ രോഹിത് ജുഗ്ലാന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അതായത് മുംബൈ ഏറ്റവും ഉയര്‍ന്ന തുകക്ക് റിട്ടെയിന്‍ ചെയ്യുന്ന താരം ബുംറയാകും. രണ്ടാമത് റിട്ടെയിന്‍ ചെയ്യുക സൂര്യകുമാര്‍ യാദവിനെയാകും. നിലവില്‍ ഇന്ത്യയുടെ ഏറ്റവും മികച്ച ടി20 ബാറ്ററായ സ്‌കൈയെ ഉയര്‍ന്ന രണ്ടാമത്തെ റിട്ടന്‍ഷന്‍ തുകക്കാവും മുംബൈ നിലനിര്‍ത്തുക.

രോഹിത് ശര്‍മ, ഹാര്‍ദിക് പാണ്ഡ്യ എന്നിവരില്‍ ഒരാളെ മൂന്നാമനായി നിലനിര്‍ത്താനാണ് മുംബൈയുടെ പദ്ധതികള്‍ എന്നാണ് സൂചന. എന്നാല്‍ നിലനിര്‍ത്തുന്ന മൂന്നാമത്തെ താരമായതിനാല്‍ ഇവരുടെ റിട്ടന്‍ഷന്‍ തുകയും കുറവായിരിക്കും. ലേലത്തിലേക്ക് വന്നാല്‍ രോഹിതിനും ഹാര്‍ദിക്കിനും റിട്ടന്‍ഷന്‍ തുകയേക്കാള്‍ ഇരട്ടി ലഭിക്കുമെന്ന് ഉറപ്പ്. ഈ സാഹചര്യത്തില്‍ റിട്ടെയിന്‍ ചെയ്യുന്ന മൂന്നാമത്തെ താരം എന്ന ഓഫര്‍ സ്വീകരിക്കാതെ രോഹിതും ഹാര്‍ദികും ലേലത്തിലേക്ക് പോകാനുള്ള സാധ്യതകളാണ് ഉയര്‍ന്ന് നില്‍ക്കുന്നത്.

ഐപിഎല്ലില്‍ സാധാരണ മൂന്ന് വര്‍ഷങ്ങള്‍ കൂടുമ്പോളാണ് മെഗാ താരലേലം നടക്കുന്നത്. 2022 സീസണിലായിരുന്നു ഇതിന് മുന്‍പ് മെഗാ ലേലം നടന്നത്. ഇത്തവണത്തെ താരലേലം നവംബര്‍ അവസാനമോ ഡിസംബറിലോ നടക്കുമെന്നാണ് സൂചനകള്‍.

Tags:    

Similar News