യുവന്റസ് താരം വ്ലാഹോവിച്ചിനെതിരെ വംശീയ അധിക്ഷേപം മുഴക്കി കാണികൾ; മുദ്രാവാക്യങ്ങൾ നിർത്താൻ മുന്നറിപ്പ് നൽകിയിട്ടും ആരാധകർ അടങ്ങിയില്ല; ഇറ്റാലിയൻ സീരി എ മത്സരം തടസപ്പെട്ടു

Update: 2025-11-23 02:14 GMT

ഫ്‌ളോറൻസ്: ഇറ്റാലിയൻ സീരി എയിൽ യുവന്റസും ഫിയോറന്റീനയും തമ്മിൽ നടന്ന മത്സരം വംശീയാധിക്ഷേപത്തെ തുടർന്ന് അൽപനേരം തടസ്സപ്പെട്ടു. യുവന്റസ് താരമായ ദുസാൻ വ്ലാഹോവിച്ചിന് നേർക്കാണ് ഫിയോറെന്റിന ആരാധകർ വംശീയ അധിക്ഷേപം നടത്തിയത്. ഫിയോറന്റീനയുടെ ഹോം ഗ്രൗണ്ടായ സ്റ്റാഡിയോ ആർട്ടെമിയോ ഫ്രാഞ്ചിയിൽ നടന്ന മത്സരത്തിലാണ് ദുസാൻ വ്ലാഹോവിച്ചിന് നേരെ കാണികൾ വംശീയവും വിവേചനപരവുമായ മുദ്രാവാക്യങ്ങൾ മുഴക്കിയത്. സെർബിയൻ താരമായ വ്ലാഹോവിച്ച് 2022 ജനുവരിയിലാണ് ഫിയോറന്റീന വിട്ട് യുവന്റസിൽ ചേർന്നത്.

ഫ്ലോറൻസിൽ വെച്ച് നടന്ന മത്സരത്തിൽ ഫിയോറെന്റിന കാണികളിൽ നിന്ന് രൂക്ഷമായ മുദ്രാവാക്യങ്ങൾ ഉയർന്നതോടെ റഫറി ഡാനിയേൽ ദോവേരി കളി നിർത്താൻ നിർബന്ധിതനായി. മത്സരം ആരംഭിച്ച് അധികം വൈകാതെ തന്നെ ഫിയോറന്റീന ഗാലറിയിൽ നിന്ന് വ്ലാഹോവിച്ചിന് നേരെയുള്ള അധിക്ഷേപം തുടങ്ങി. 11-ാം മിനിറ്റിൽ തന്നെ കാണികളോട് മുദ്രാവാക്യങ്ങൾ നിർത്താൻ അനൗൺസ്‌മെന്റ് വഴി മുന്നറിയിപ്പ് നൽകിയിരുന്നു.

എന്നാൽ, കാണികൾ ശാന്തരായില്ല. ഇതിനിടെ, 14-ാം മിനിറ്റിൽ വ്ലാഹോവിച്ചിനെ ഫൗൾ ചെയ്തതിന് യുവന്റസിന് അനുകൂലമായി ആദ്യം പെനാൽറ്റി വിധിക്കുകയും പിന്നീട് വീഡിയോ അസിസ്റ്റന്റ് റെഫറി (VAR) പരിശോധനയിൽ അത് റദ്ദാക്കുകയും ചെയ്തതോടെ കാണികളുടെ അധിക്ഷേപം രൂക്ഷമായി. തുടർന്ന് റഫറി ഡാനിയേൽ ഡോവറി കളി നിർത്തിവെക്കുകയും ഫിയോറന്റീനയുടെ ക്യാപ്റ്റനായ ജിയാൻലൂക്ക മാൻസിനിയോട് ആരാധകരെ ശാന്തരാക്കാൻ ആവശ്യപ്പെടുകയും ചെയ്തു. ക്യാപ്റ്റൻ ഇടപെട്ട ശേഷമാണ് മത്സരം പുനരാരംഭിച്ചത്. കളി ഒടുവിൽ 1-1 എന്ന സമനിലയിൽ അവസാനിച്ചു.

Tags:    

Similar News