ബോക്സിങ് ഡേയിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് ജയം; ഓൾഡ് ട്രഫോർഡിൽ ന്യൂകാസിലിനെ എതിരില്ലാത്ത ഒരു ഗോളിന് വീഴ്ത്തി പോയിന്റ് പട്ടികയിൽ അഞ്ചാമത്; വിജയഗോൾ നേടിയത് പാട്രിക് ഡോർഗു

Update: 2025-12-27 06:14 GMT

മാഞ്ചസ്റ്റർ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് ബോക്സിങ് ഡേയിൽ നിർണായക ജയം. ഓൾഡ് ട്രഫോർഡിൽ നടന്ന മത്സരത്തിൽ ന്യൂകാസിൽ യുണൈറ്റഡിനെ ഏകപക്ഷീയമായ ഒരു ഗോളിനാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് തോൽപ്പിച്ചത്. ഈ വിജയത്തോടെ അവർ പോയിന്റ് പട്ടികയിൽ അഞ്ചാം സ്ഥാനത്തേക്ക് മുന്നേറി. യുവതാരം പാട്രിക് ഡോർഗുവാണ് മാഞ്ചസ്റ്റർ യുണൈറ്റഡിനായി വിജയഗോൾ നേടിയത്.

ക്രിസ്മസിന് തൊട്ടുമുമ്പ് ആസ്റ്റൺ വില്ലയോട് തോറ്റ് നിരാശയിലായിരുന്ന യുണൈറ്റഡിന് ഈ വിജയം ആശ്വാസം പകർന്നു. പ്രതിരോധത്തിലൂന്നിയായിരുന്നു മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ കളി. പരിക്കേറ്റ് ടീമിന്റെ നെടുന്തൂണായ ക്യാപ്റ്റൻ ബ്രൂണോ ഫെർണാണ്ടസ് ഇല്ലാതെയാണ് അവർ കളിക്കാനിറങ്ങിയത്. കഴിഞ്ഞ കളിയിൽ ആസ്റ്റൺ വില്ലയോട് ഏറ്റ തോൽവിയുടെ ക്ഷീണം സ്വന്തം തട്ടകത്തിൽ തീർക്കാൻ ഈ ജയം അവരെ സഹായിച്ചു.

മത്സരത്തിന്റെ 24-ാം മിനിറ്റിൽ ഡീഗോ ഡാലോട്ടിന്റെ ലോംഗ് ത്രോ തടഞ്ഞതിന് ശേഷം ലഭിച്ച പന്ത്, ഡാനിഷ് താരം ഡോർഗു 15 വാര അകലെ നിന്ന് ഇടത് കോർണറിലേക്ക് വോളിയിലൂടെ തൊടുക്കുകയായിരുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡിനായുള്ള താരത്തിന്റെ ആദ്യ പ്രീമിയർ ലീഗ് ഗോൾ കൂടിയായിരുന്നു ഇത്.

ഈ വിജയത്തോടെ 18 മത്സരങ്ങളിൽ നിന്ന് 29 പോയിന്റുമായി മാഞ്ചസ്റ്റർ യുണൈറ്റഡ് ലീഗിൽ അഞ്ചാമതെത്തി. ന്യൂകാസിൽ 23 പോയിന്റുമായി 11-ാം സ്ഥാനത്താണ്. പരിക്കേറ്റ ക്യാപ്റ്റൻ ബ്രൂണോ ഫെർണാണ്ടസ്, ആഫ്രിക്കൻ കപ്പ് ഓഫ് നേഷൻസിൽ കളിക്കുന്ന ബ്രയാൻ എംബ്യൂമോ, അമാഡ് ഡയല്ലോ എന്നിവരടക്കമുള്ള പ്രധാന കളിക്കാർ ഇല്ലാതിരുന്നിട്ടും ന്യൂകാസിലിന്റെ സമനില ഗോൾ നേടാനുള്ള ശ്രമങ്ങളെ യുണൈറ്റഡ് വിജയകരമായി പ്രതിരോധിച്ചു.

Tags:    

Similar News