പത്തു പേരായി ചുരുങ്ങിയിട്ടും പോരാട്ടവീര്യം കുറഞ്ഞില്ല; ഏഷ്യൻ കപ്പ് യോഗ്യതയിൽ ശക്തരായ ഖത്തറിനെതിരെ പൊരുതി കീഴടങ്ങി ഇന്ത്യ; തോൽവി ഒന്നിനെതിരെ രണ്ടു ഗോളിന്; ഗോൾ നേടിയത് മലയാളി താരം മുഹമ്മദ് സുഹൈൽ
ഖത്തർ: എ.എഫ്.സി അണ്ടർ 23 ഏഷ്യൻ കപ്പ് യോഗ്യത മത്സരത്തിൽ ഖത്തറിനോട് ഇന്ത്യ പൊരുതി തോറ്റു. ദോഹയിലെ അബ്ദുല്ല ബിൻ ഖലീഫ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളിന് ഇന്ത്യ പരാജയപ്പെടുകയായിരുന്നു. വ്യാഴാഴ്ച നടന്ന മത്സരത്തിൽ ബ്രൂണെയെ 13-0 ന് തോൽപ്പിച്ച ഖത്തർ, 'എച്ച്' ഗ്രൂപ്പിൽ തുടർച്ചയായ രണ്ടാം വിജയം നേടി ആറ് പോയന്റുകളോടെ ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്താണ്.
ബഹ്റൈനെതിരെ നേടിയ വിജയത്തിന്റെ ആത്മവിശ്വാസവുമായാണ് ഇന്ത്യ കളത്തിലിറങ്ങിയത്. കളിയുടെ 18ാം മിനിറ്റിൽ ഹാശ്മി അൽ ഹുസൈൻ ഖത്തറിന് ആദ്യ ഗോൾ നേടിക്കൊടുത്തു. രണ്ടാം പകുതിയുടെ തുടക്കത്തിൽ മലയാളി താരം മുഹമ്മദ് സുഹൈൽ തലയുപയോഗിച്ച് ഉഗ്രൻ ഹെഡർ ഗോളിലൂടെ ഇന്ത്യയെ സമനിലയിലെത്തിച്ചു.
എന്നാൽ, 67ാം മിനിറ്റിൽ ഖത്തറിന് അനുകൂലമായി ലഭിച്ച വിവാദ പെനാൽറ്റിയാണ് കളിയുടെ ഗതി മാറ്റിയത്. തുടർന്ന് ക്യാപ്റ്റൻ അൽ ശർശാനി പെനാൽറ്റി കിക്ക് ഗോളാക്കി ഖത്തറിന് ലീഡ് നൽകി. ഇതിനിടെ, ഫൗളിന്റെ പേരിൽ പ്രംവീറിന് രണ്ടാം മഞ്ഞക്കാർഡ് ലഭിച്ച് പുറത്തുപോയതോടെ ഇന്ത്യ പത്തുപേരുമായി കളിക്കാൻ നിർബന്ധിതരായി. ഒരാൾ കുറഞ്ഞിട്ടും പ്രതിരോധത്തിലേക്ക് ചുരുങ്ങാതെ മികച്ച ആക്രമണ ഫുട്ബോൾ ഇന്ത്യ പുറത്തെടുത്തത്. ഇന്ത്യയുടെ അടുത്ത മത്സരം ബ്രൂണെക്കെതിരെയാണ്.