അവസരം നഷ്ടമാക്കി വ്‌ലാഹോവിച്ച്; സാൻ്റിയാഗോ ബെർണാബ്യൂവിൽ യുവൻ്റസിനെ വീഴ്ത്തിയത് എതിരില്ലാത്ത ഒരു ഗോളിന്; യുവേഫ ചാമ്പ്യൻസ് ലീഗിൽ വിജയക്കുതിപ്പ് തുടർന്ന് റയൽ മാഡ്രിഡ്
മാഡ്രിഡ്: യുവേഫ ചാമ്പ്യൻസ് ലീഗിൽ യുവൻ്റസിനെതിരെ വിജയവുമായി റയൽ മാഡ്രിഡ്. 58-ാം മിനിറ്റിൽ ജൂഡ് ബെല്ലിംഗ്ഹാമാണ് റയലിന് വേണ്ടി വിജയഗോൾ നേടിയത്. ഈ സീസണിൽ താരം നേടുന്ന ആദ്യ ഗോളാണിത്. വിജയത്തോടെ ഗ്രൂപ്പിൽ ഒമ്പത് പോയിൻ്റുമായി റയൽ മാഡ്രിഡ് പോയിന്റ് പട്ടികയിൽ അഞ്ചാം സ്ഥാനത്താണ്. മറുവശത്ത്, യുവൻ്റസ് മൂന്ന് മത്സരങ്ങളിൽ നിന്ന് രണ്ട് പോയിൻ്റുമായി ഗ്രൂപ്പിൽ 25 സ്ഥാനത്തുമാണ്. തുടർച്ചയായ ഏഴ് മത്സരങ്ങളായി യുവൻ്റസിന് ജയിക്കാനായിട്ടില്ല.
സാൻ്റിയാഗോ ബെർണാബ്യൂവിൽ നടന്ന മത്സരത്തിൽ ആദ്യ പകുതി മങ്ങിയ പ്രകടനമാണ് ഇരുടീമുകളും കാഴ്ചവെച്ചത്. എന്നാൽ രണ്ടാം പകുതിയിൽ കളിക്ക് ജീവൻ വെച്ചു. യുവൻ്റസ് മുന്നിലെത്താൻ ഒരു സുവർണ്ണാവസരം ലഭിച്ചിരുന്നു. ഡ്യൂസാൻ വ്‌ലാഹോവിച്ച് റയൽ മാഡ്രിഡ് പ്രതിരോധനിരയെ മറികടന്ന് പായിച്ച ഷോട്ട് ഗോളി തിബോട്ട് കുർട്ടോ തൻ്റെ കാലുകൊണ്ട് തടുത്ത് മാറ്റുകയായിരുന്നു.
തുടർന്ന് റയൽ മാഡ്രിഡ് ആക്രമണം ശക്തമാക്കി. കിലിയൻ എംബപ്പെയും ബ്രഹാം ഡയസും നേടിയ മികച്ച ഷോട്ടുകൾ യുവൻ്റസ് ഗോൾകീപ്പർ മിഷേൽ ഡി ഗ്രെഗോറിയോ തടയുകയായിരുന്നു. ഗ്രെഗോറിയോ രണ്ട് തവണ എംബപ്പെയുടെയും ഒരു തവണ ഡയസിൻ്റെയും ഷോട്ടുകളാണ് ഗ്രെഗോറിയോ തടഞ്ഞത്. തുടർച്ചയായ 11 മത്സരങ്ങളിൽ ഗോൾ നേടിയ റെക്കോർഡുമായാണ് കിലിയൻ എംബപ്പെ കളത്തിലിറങ്ങിയത്. എന്നാൽ യുവന്റസിനെതിരായ മത്സരത്തിൽ താരത്തിന് ഗോൾ വല കുലുക്കാനായില്ല.