ബുണ്ടസ് ലീഗയിലെ ഇരട്ട കിരീടത്തിന്റെ പകിട്ടുമായി ബെര്‍ണബ്യുവിലെത്തിയ പരിശീലകൻ; റൊട്ടേഷന്‍ സമ്പ്രദായം താരങ്ങളുമായി ബന്ധം വഷളാക്കി; സാബി അലോൺസോയെ പുറത്താക്കി റയൽ മാഡ്രിഡ്
മാഡ്രിഡ്: സ്പാനിഷ് സൂപ്പർ കപ്പ് ഫൈനലിൽ ബാഴ്‌സലോണയോട് തോറ്റതിന് പിന്നാലെ റയൽ മാഡ്രിഡിന്റെ പരിശീലക സ്ഥാനത്തുനിന്ന് ഷാബി അലോൺസോ പുറത്തായി. പരസ്പര ധാരണയോടെയാണ് ക്ലബും പരിശീലകനും വേർപിരിയുന്നതെന്ന് റയൽ മാഡ്രിഡ് ഔദ്യോഗികമായി അറിയിച്ചു. ഏഴു മാസത്തെ പരിശീലക സ്ഥാനത്തിന് ശേഷമാണ് റയൽ മാഡ്രിഡ് ഇതിഹാസതാരം കൂടിയായ ഷാബി അലോൺസോയുടെ പടിയിറക്കം. റയലിന്റെ യൂത്ത് ടീം പരിശീലകൻ ആൽവരോ ആർബലോവയെ പുതിയ കോച്ചായി ക്ലബ് നിയമിച്ചു.
സ്പാനിഷ് സൂപ്പർ കപ്പ് ഫൈനലിലെ എൽ ക്ലാസിക്കോ പോരാട്ടത്തിൽ റയൽ മാഡ്രിഡ് 3-2 എന്ന സ്കോറിന് ബാഴ്‌സലോണയോട് പരാജയപ്പെട്ടിരുന്നു. ഈ തോൽവിയാണ് ഷാബിയുടെ പുറത്താകലിന് പ്രധാന കാരണം. കൂടാതെ, ഷാബിയും ടീമിലെ ചില താരങ്ങളും തമ്മിലുള്ള ബന്ധം വഷളായതും വിടവാങ്ങലിന് വഴിയൊരുക്കിയതായി റിപ്പോർട്ടുകളുണ്ട്. പ്രത്യേകിച്ച് വിനിഷ്യസ് ജൂനിയറുമായുള്ള അദ്ദേഹത്തിന്റെ ബന്ധം അത്ര സുഖകരമായിരുന്നില്ലെന്ന് വിവരങ്ങൾ സൂചിപ്പിക്കുന്നു. കോച്ചിന്റെ റൊട്ടേഷൻ സമ്പ്രദായത്തോട് പല താരങ്ങൾക്കും വിയോജിപ്പുണ്ടായിരുന്നതായും റിപ്പോർട്ടുകളുണ്ട്.
കഴിഞ്ഞ ജൂണിലാണ് കാർലോ ആഞ്ചലോട്ടിയുടെ പിൻഗാമിയായി ഷാബി അലോൺസോ സാന്റിയാഗോ ബെർണബ്യൂവിലെത്തിയത്. ജർമൻ ബുണ്ടസ് ലീഗ ക്ലബ് ബയർ ലെവർകൂസനെ അപരാജിതരായി കിരീടത്തിലേക്ക് നയിക്കുകയും ഇരട്ട കിരീടം നേടുകയും ചെയ്ത പ്രകടനത്തിന്റെ പകിട്ടുമായാണ് ഷാബി റയലിന്റെ പരിശീലകനായി ചുമതലയേറ്റത്. ഈ മാസം 16-ന് സ്പാനിഷ് കപ്പിൽ റയൽ മാഡ്രിഡിന് മത്സരമുള്ളതിനാൽ, ഷാബിയെ പുറത്താക്കിയ ഉടൻ തന്നെ ആൽവരോ ആർബലോവയെ പുതിയ പരിശീലകനായി നിയമിക്കുകയായിരുന്നു.